കോടിയേരി ബാലകൃഷ്ണനെ രാജ്യദ്രോഹിയാക്കി ബിജെപി, പാക് ഏജന്റെന്ന് പിഎസ് ശ്രീധരൻ പിളള
തിരുവനന്തപുരം: പാകിസ്താന് തിരിച്ചടി നല്‍കിയ രണ്ടാം മിന്നലാക്രമണത്തെ കുറിച്ചുളള പ്രസ്താവനയുടെ പേരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വാളെടുത്ത് ബിജെപി. പാകിസ്താനില്‍ ഇന്ത്യ നടത്തിയ സൈനിക നടപടി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളളതാണ് എന്ന കോടിയേരിയുടെ പ്രസ്താവന രാജ്യദ്രോഹമാണ് എന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് പിഎസ് ശ്രീധരന്‍ പിളള ആരോപിച്ചു. കോടിയേരിയെ പാക് ഏജന്റെന്നും ശ്രീധരന്‍ പിളള വിശേഷിപ്പിച്ചു.
തൊടുപുഴയിലെ പ്രസംഗത്തില്‍ കോടിയേരി നടത്തിയ പ്രസ്താവന വഴി മുസ്ലീം വികാരം ഉണര്‍ത്താനാണ് ഉദ്ദേശിക്കുന്നത് എന്നും ശ്രീധരന്‍ പിളള ആരോപിച്ചു. അതേസമയം ബിജെപിയുടെ ആരോപണം തള്ളി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് എത്തിയിട്ടുണ്ട്.

തന്റെ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് ചെയ്യുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. സൈനിക നീക്കത്തെ രാഷ്ട്രീയ പ്രചാരണത്തിന് ബിജെപി ഉപയോഗിക്കാന്‍ പാടില്ല എന്നാണ് താന്‍ പറഞ്ഞത് എന്നും ധീര ജവാന്മാരെ അഭിനന്ദിക്കുകയാണ് സിപിഎം ചെയ്തിട്ടുളളത് എന്നും കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിച്ചു.
കേരള സംരക്ഷണ യാത്രയ്ക്ക് നെടുങ്കണ്ടത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ ആക്രമണത്തെ കോടിയേരി വിമര്‍ശിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് പാകിസ്താനുമായി യുദ്ധമുണ്ടാക്കി തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കാനുളള ബിജെപിയുടേയും ആര്‍എസ്എസിന്റെയും തന്ത്രമാണ് മിന്നലാക്രമണം എന്നാണ് കോടിയേരി അഭിപ്രായപ്പെട്ടത്. ഇത് വഴി രാജ്യത്ത് ഹിന്ദു- മുസ്ലീം വിരോധം സൃഷ്ടിക്കാനും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുമാണ് ആര്‍എസ്എസ് ശ്രമിക്കുന്നത് എന്നും കോടിയേരി പറഞ്ഞിരുന്നു.
ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനും കോടിയേരിക്ക് എതിരെ രംഗത്ത് വന്നിരുന്നു. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: '' കോടിയേരി ബാലകൃഷ്ണൻ വെറും അഞ്ചാം പത്തിയല്ല ജയ്ഷ് ഇ മുഹമ്മദ് ഭീകരനെക്കാൾ വലിയ അഞ്ചാംപത്തിയാണ്. ഇത്തരം ചതിയന്മാരെയാണ് രാജ്യം കൂടുതൽ ഭയപ്പെടേണ്ടത്. ഒരു സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രിയായിരുന്ന ഈ പരമദ്രോഹിയെ നാടുകടത്തുകയാണ് വേണ്ടത്''.












Click it and Unblock the Notifications