അഴിമതി ആരോപണങ്ങളിൽ മറുപടി ഇല്ല; പുതുപ്പള്ളിയിൽ വികസനം എണ്ണി പറഞ്ഞ് മുഖ്യമന്ത്രിയുടെ പ്രചരണം
കോട്ടയം: അഴിമതി ആരോപണങ്ങൾക്ക് മറുപടി പറയാതെ സർക്കാരിന്റെ വികസനങ്ങൾ എണ്ണി പറഞ്ഞ് പുതുപ്പള്ളിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപതിരഞ്ഞെടുപ്പ് പ്രചരണം. നാടിനെ മുന്നോട്ട് നയിക്കാൻ വികസനമാണ് ആവശ്യമെന്നും ഇവിടെ വിമര്‍ശനത്തിന്റെ പേരില്‍ നശീകരണ ബുദ്ധിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രസംഗത്തിൽ കേന്ദ്രത്തിനേയും രൂക്ഷമായ ഭാഷയിൽ അദ്ദേഹം വിമർശിച്ചു.
'പുതുപ്പള്ളിക്ക് ഒരു മാറ്റം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നവെന്നതാണ് ഈ ദിവസങ്ങളിൽ മണ്ഡലത്തിൽ പ്രകടമായത്. കേരളം മാറുമ്പോൾ പുതുപ്പള്ളിയും മാറണ്ടേ. കഴിഞ്ഞ ഏഴ് വർഷമായി കേരളത്തിൽ നടപ്പാക്കുന്ന ജനക്ഷേമകരവും വികസനോൻമുഖവുമായ നയങ്ങൾക്കെല്ലാം കരുത്ത് പകരുന്ന ജനവിധി പുതുപ്പള്ളിയിൽ നിന്നും ഉണ്ടാകണം.പുതുപ്പള്ളി പ്രദേശത്തിന്റെ വികസനവും, മറ്റ് സ്ഥലങ്ങളുമായുള്ള താരതമ്യവുമെല്ലാം ഉപതെരഞ്ഞെടുപ്പിൽ പരിഗണിക്കപ്പെടും. അതുണ്ടാകരുതെന്ന് ചിലർ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ മണ്ഡലത്തിന്റെ യഥാർത്ഥ സ്ഥിതി എല്ലാവർക്കും അറിയാം', അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ പൊതുവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായിപുതുപ്പള്ളിയിലെ സ്കൂളുകളും നവീകരിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. 'ഏതെങ്കിലുമൊരു പ്രദേശത്ത് മാത്രമല്ല, കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും വികസനത്തിന്റെ സ്വാദ് അറിയണം. ആ നയമാണ് കേരളത്തിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയത്. അതായിരിന്നു എൽഡിഎഫിന്റെ കാഴ്ചപ്പാട്. നമ്മുടെ സംസ്ഥാനം ഒരുപാട് കാര്യങ്ങളിൽ പ്രശസ്തി ആർജിച്ച സംസ്ഥാനമാണ്. വിദ്യാഭ്യാസ-ആരോഗ്യ രംഗമെല്ലാം ദേശീയ തലത്തിൽ വലിയ രീതിയിൽ പ്രകീർത്തിക്കപ്പെടുന്നുണ്ട്. എന്നാൽ 2016 ൽ എന്തായിരുന്നു അവസ്ഥ?
പൊതുവിദ്യാഭ്യാസ മേഖലയടക്കം വലിയ തകർച്ചയായിരുന്നു അന്ന് നേരിട്ടത്. എൽഡിഎഫ് അധികാരത്തിൽ വന്നപ്പോഴാണ് പൊതുവിദ്യഭ്യാസ യജ്ഞം നടപ്പാക്കിയത്.
മറ്റ് മണ്ഡലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വികസനം വേണ്ട രീതിയിൽ എത്തിയില്ലെന്ന് ആക്ഷേപമുള്ള മണ്ഡലമാണ് പുതുപ്പള്ളി. എന്നിരുന്നാലും പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി നന്നായ സ്‌കൂളുകൾ മണ്ഡലത്തിൽ കാണാനാകും. കിഫ്ബി വഴിയാണ് ഈ വികസനം സാധ്യമായത്', അദ്ദേഹം പറഞ്ഞു.
ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ, ദേശീയ പാത വികസനം, ഗെയില്‍ പൈപ്പ് ലൈന്‍ എന്നിവയും പ്രസംഗത്തിൽ മുഖ്യമന്ത്രി പരാമർശിച്ചു. പുതിപ്പള്ളിക്കപ്പുറം കടക്കില്ലെന്ന് കണക്കാക്കിയ പവർ ഹൈവേ പൂർത്തിയാക്കാനായത് 2016 ൽ എൽഡിഎഫ് സർക്കാർ വന്നതുകൊണ്ടാണെന്നും ഏഴ് വർഷം യുഡിഎഫ് ആയിരുന്നു അധികാരത്തിലെങ്കിൽ അവിടെത്തന്നെ കിടക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ കേന്ദ്രം വലിയ തോതിൽ അവഗണിക്കുന്നു. അർഹതപ്പെട്ട നികുതി വിഹിതം പോലും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications