'ജയശങ്കറിനേ പോലെയുള്ള വേട്ടാവളിയന്മാർ'; എംഎന്‍ കാരശ്ശേരിയുടെ ഓഡിയോക്ക് പിന്നാലെ വിമർശനവുമായി അന്‍വർ
സിപിഎമ്മിന് എതിരായി സംസാരിക്കുന്നത് കൊണ്ടാണ് തന്നെ ചാനല്‍ ചർച്ചകളിലേക്ക് വിളിക്കുന്നതെന്ന് എംഎന്‍ കാരശ്ശേരി പറയുന്ന ഒരു ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയിലെ ഇടത് സൈബർ ഇടങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നു. 'ഞാന്‍ നിക്ഷപക്ഷനല്ല, ഞാന്‍ പിണറായി വിരുദ്ധനാണ്, സിപിഎം വിരുദ്ധനാണ്, സിപിഎമ്മിന് എതിരായി സംസാരിക്കുന്നത് കൊണ്ട് തന്നെയാണ് മനോരമ പോലുള്ള ചാനലുകള്‍ തന്നെ ചർച്ചയ്ക്ക് വിളിക്കുന്നത്' -എന്നാണ് കാരശ്ശേരിയുടേതായി പുറത്ത് വന്ന ഓഡിയോയിലുള്ളത്.
ഇതിന് പിന്നാലെ ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് നിലമ്പൂർ എം എല്‍ എ പിവി അന്‍വറും രംഗത്ത് എത്തിയിട്ടുണ്ട്. കാരശ്ശേരി മാഷ് ആളൊരു ശുദ്ധനാണ്. ഉള്ള കാര്യം അദ്ദേഹം തുറന്ന് പറഞ്ഞു എന്നാണ് അന്‍വർ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

കാരശ്ശേരി മാഷ് ആളൊരു ശുദ്ധനാണ്. ഉള്ള കാര്യം അദ്ദേഹം തുറന്ന് പറഞ്ഞു. കേവലം പിണറായി വിരുദ്ധതയും സി പി എം വിരുദ്ധതയും മാത്രം കണക്കിലെടുത്താണ് അദ്ദേഹത്തെ ചാനൽ ജഡ്ജിമാർ വൈകിട്ടത്തെ അന്തിചർച്ച വിചാരണയ്ക്ക് പങ്കെടുപ്പിക്കുന്നത് എന്ന് അദ്ദേഹം വിളിച്ച് പറയുമ്പോൾ,വലിച്ച് കീറപ്പെടുന്നത് നിഷ്പക്ഷർ എന്ന് അവകാശപ്പെടുന്ന ചാനൽ അവതാരകന്മാരുടെ പൊയ്മുഖത്തെ കൂടിയാണ്.

ജയശങ്കറിനേ പോലെയുള്ള വേട്ടാവളിയന്മാരെ സി പി ഐ എം വിരുദ്ധതയും പിണറായി വിരുദ്ധതയും ശർദ്ദിപ്പിക്കാനായി ചാനൽ സ്റ്റുഡിയോയിൽ കൊണ്ട് നിങ്ങൾ ഇരുത്തുന്നതിൽ ഒരു വിരോധവുമില്ല. പക്ഷേ,അത് "രാഷ്ട്രീയ നിരീക്ഷകൻ, പൊതുപ്രവർത്തകൻ " എന്നൊക്കെയുള്ള ലേബലിൽ ആവരുത്.

വർഷത്തിൽ 365 ദിവസവും ജയശങ്കർ വക മിനിമം ഒരു വീഡിയോ ഏതെങ്കിലുമൊക്കെ യുട്യൂബ് ചാനലിൽ ഉണ്ടാകും.മിക്ക ദിവസങ്ങളിലും ചാനലുകളിലും ഇയാളുടെയൊക്കെ വക വാചകമടി ഉണ്ടാകാറുണ്ട്.ഇവനൊക്കെ പറയുന്നതിനൊന്നും ഒരു പട്ടിയുടെ വില പോലും ഇന്ന് വരെ ജനം കൊടുത്തിട്ടില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഇന്ന് കേരളം ആരു ഭരിക്കണമെന്ന് കോട്ടിട്ട ചാനൽ ജഡ്ജിമാരും ഇത്തരം ജൂറികളും കൂടി തീരുമാനിച്ചിരുന്നേനേ!!

രണ്ടായിരം രൂപയും, കോഴിക്കാലും, കുപ്പിയും മാത്രം പ്രതീക്ഷിച്ച് വരുന്ന ഇത്തരം "ഉദരനിമിത്തം ബഹുകൃതവേഷക്കാരെ" സമൂഹത്തിനുമേൽ അടിച്ചേൽപ്പിക്കരുത്. അവരല്ല ഇവിടുത്തെ ജനങ്ങളുടെ ഹോൾസെയിൽ ഡീലർമാർ. മണിയനീച്ചകളെ പിടിച്ച് തേനീച്ചയാക്കാൻ നിൽക്കരുത്. ഇത്രയും പറഞ്ഞത് എന്തിനെന്ന് വച്ചാൽ.. "ഞാൻ ആദ്യമേ പറഞ്ഞിട്ടുണ്ട്,ഒരു മാധ്യമ ജഡ്ജിയുടെയും ജൂറിമാരുടെയും പിന്തുണ പി.വി.അൻവറിന് വേണ്ട.അക്കൂട്ടത്തിൽ,ഒരുത്തന്റെയും ഒരു ഇണ്ടാസിനും ഇവിടെ പുല്ലുവില കൊടുക്കുന്നുമില്ല."












Click it and Unblock the Notifications