ചോദ്യപേപ്പർ ചോർച്ചയിൽ വകുപ്പുതല അന്വേഷണം; അധ്യാപകരുടെ സ്വകാര്യ ട്യൂഷനും അന്വേഷിക്കും
തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയരക്ടർ ജനറലിനാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വീഴ്ചകൾ തിരുത്തി മുന്നോട്ട് പോകുമെന്നും വി ശിവൻകുട്ടി പറഞ്ഞു.
ആറംഗ സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. ചോദ്യപേപ്പർ വിതരണത്തിൽ വീഴ്ച ഉണ്ടെങ്കിൽ പരിഹരിക്കും. ചോർച്ച സംബന്ധിച്ച് അര മണിക്കൂറോളം മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും കർശന നടപടയെടുക്കാനാണ് തീരുമാനമെന്നും ശിവൻകുട്ടി പറഞ്ഞു. വിഷയത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് പുറമെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

ചോദ്യപേപ്പർ അച്ചടിച്ചത് സി ആപ്റ്റിലാണെന്നും ബി ആർ സികൾ വഴിയാണ് ചോദ്യപേപ്പർ വിതരണം ചെയ്തതെന്നും മന്ത്രി പറഞ്ഞു. അർധ വാർഷിക പരീക്ഷാ ചോദ്യപേപ്പറുകൾ വളരെ നേരത്തെ സ്കൂളുകളിൽ എത്താറുണ്ട്. ഇത്തരം സംഭവം മേലിൽ ആവർത്തിക്കാതിരിക്കാനാണ് നടപടി. അധ്യാപകർ സ്കൂളുകൾക്ക് മുന്നിലെ ട്യൂഷൻ സെന്ററിൽ പഠിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഈ കാര്യവും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എം എസ് സൊല്യൂഷൻസ് പരിധികളെല്ലാം ലംഘിച്ചെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക സമൂഹത്തിന്റെയാകെ ഉത്തരവാദിത്തമാണ്. സ്ഥാപനം മര്യാദയുടെ പരിധികൾ ലംഘിച്ചു. പരീക്ഷയുടെ വിശ്വാസ്യത തർക്കുന്ന വിധത്തിൽ സ്ഥാപനം പ്രവൃത്തിച്ചെന്നും മന്ത്രി പറഞ്ഞു.
പ്ലസ് വൺ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങളാണ് എം എസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിലൂടെ ചോർന്നത്. പരീക്ഷയുടെ തലേദിവസമായിരുന്നു അർധ വാർഷിക ചോദ്യങ്ങളുടെ മാതൃക പുറത്തുവന്നത്.
എന്നാൽ ചോദ്യങ്ങളുടെ ക്രമം പോലും തെറ്റാതയാണ് സ്വകാര്യ ഓൺലൈൻ ട്യൂഷൻ സെന്റർ ചാനലിൽ ചർച്ച ചെയ്തത്യ വ്യാഴാഴ്ചയായിരുന്നു പ്ലസ് വൺ കണക്ക് പരീക്ഷ. പരീക്ഷയ്ക്ക് വന്ന 23 മാർക്കിന്റെ ചോദ്യങ്ങൾ ബുധനാഴ്ച രാത്രി തന്നെ യൂട്യൂബിലൂടെ പുറത്തുവന്നു.












Click it and Unblock the Notifications