'പിണറായി വിജയൻ പല്ല് മുഴുവൻ പറിച്ചെടുത്ത ലോകായുക്തയെ പിരിച്ചു വിടുകയാണ് നല്ലത്': ചെന്നിത്തല
തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പ് വെച്ചതിനെ വിമർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതോടെ അഴിമതിക്ക് എതിരായ അവസാനത്തെ വാതിലും അടഞ്ഞിരിക്കുകയാണെന്ന് ചെന്നിത്തല പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് കണ്ട് നടത്തിയ അനുനയ ചർച്ചയെ തുടർന്നാണ് നേരത്തെ എതിർത്ത ഓർഡിനൻസിൽ ഒപ്പ് വെക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തയ്യാറായത്.
രമേശ് ചെന്നിത്തലയുടെ പ്രതികരണം: '' ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പ് വെച്ചതിലൂടെ അഴിമതിക്ക് എതിരായ അവസാനത്തെ വാതിലും അടഞ്ഞു. വിഷയം ഘടകകക്ഷികളെ പോലും ബോധ്യപ്പെടുത്താൻ സർക്കാരിന് ആയിട്ടില്ല. അഴിമതിക്ക് എതിരായ പോരാട്ടത്തിൻറെ അന്ത്യകൂദാശയാണ് നടന്നത്. മികച്ച പാർലമെന്റേരിയൻ ആയിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ല. മുഖ്യമന്ത്രിക്കെതിരായ കേസ് ലോകായുക്തയുടെ പരിഗണനയിൽ ഇരിക്കെ ഇത്തരമൊരു ഓർഡിനൻസ് കൊണ്ടുവന്നത് അധികാരദുർവിനിയോഗം ആണ്. ഒരു പേഴ്സണൽ സ്റ്റാഫിന് വേണ്ടി ഗവർണർ എല്ലാം മറന്നെന്നും ഗവർണർ- മുഖ്യമന്ത്രി കൂട്ടുകച്ചവടം ആണ് നടക്കുന്നത്.
ഇത് കറുത്ത ഓർഡിനൻസ് ആണ്. രാഷ്ട്രപതിയുടെ അംഗീകാരം ഇല്ലാതെ ഇത് നിലനിൽക്കില്ല. പിണറായി വിജയൻ പല്ല് മുഴുവൻ പറിച്ചെടുത്ത ലോകായുക്തയെ പിരിച്ചുവിടുകയാണ് നല്ലത്. ഈ കരിനിയമം അംഗീകരിക്കാൻ കഴിയില്ല. ആലോചിച്ച് നിയമനടപടിയുമായി മുന്നോട്ടുപോകും. ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിന് എതിരായ ലോകായുക്ത കേസ് റിവ്യൂ അംഗീകരിച്ചില്ലെങ്കിൽ ഹൈക്കോടതിയിൽ പോകും. മന്ത്രി ബിന്ദു അധികാര ദുർവിനിയോഗം നടത്തി എന്നത് വ്യക്തമാണ്''.

യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ പ്രതികരണം: '' BJP പ്രസിഡൻ്റ് പദവിയും ഗവർണ്ണർ പദവിയും ഒന്നിച്ച് വഹിക്കുന്നയാൾ. മോദിയുടെയും പിണറായിയുടെയും വിശ്വസ്തനായ ഇടനിലക്കാരൻ. ലോകയുക്ത ഭേദഗതി ഒപ്പിട്ടു തന്നു. ഇനി എൻ്റെ ഓഫീസിൽ BJP നേതാവിനെ നിയമിക്കുന്ന ഫയൽ വേഗം ഒപ്പിട്ടേക്ക്. ആ തമ്പ്രാ എന്ന് തല കുലുക്കി മുഖ്യൻ. ഇതേ ഇടനിലക്കാരനെ വെച്ച് കെ റെയിലിൻ്റെ അനുമതിയും മോദിയിൽ നിന്ന് കാരണഭൂതൻ വാങ്ങിക്കും. ഉള്ളി സുരയും ടീംസും വെറും കോമഡിയാണ് ഇപ്പോൾ .വേറെ പണി ഒന്നും ഇല്ലാത്തതിനാൽ ഉള്ളി കുഴൽപണമൊക്കെ കടത്തി നന്നായി ജീവിക്കുന്നു''.
യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്: '' മന്ത്രിസഭയും ഗവർണ്ണറും തമ്മിൽ വലിയ ഭിന്നതയാണ് എന്ന് പുറത്ത് നില്ക്കുന്നവരത്രയും കരുതുമ്പോഴും, ലോകായുക്തയെ ദുർബലപ്പെടുത്തുന്ന ഒരു ഓർഡിനൻസ് ഒപ്പിടുവാൻ ആരിഫ് മുഹമ്മദ് ഖാന് അയക്കാനുളള പിണറായിയുടെ ആത്മവിശ്വാസം ആരും കാണാതെ പോകരുത്. ആ ആത്മവിശ്വാസത്തിന്റെ കാരണം ഭരണഘടനയുടെ പ്രിവ്ലേജല്ല, തനിക്ക് ദോഷമുണ്ടാകുന്ന ഒന്നും കേന്ദ്രം ചെയ്യില്ലായെന്ന ഉറപ്പാണ്.
Recommended Video

ആ ഉറപ്പ് കൊണ്ടാണല്ലോ, താൻ തിരഞ്ഞെടുക്കുന്ന ലോകായുക്തയേക്കാൾ തനിക്ക് നീതി ലഭിക്കുന്നത് BJP തിരഞ്ഞെടുക്കുന്ന ഗവർണ്ണറിൽ നിന്നാണെന്ന് പിണറായി തീരുമാനിക്കുന്നത്... എന്തായാലും പിണറായിയുടെ ആത്മവിശ്വാസം ആരിഫ് മുഹമ്മദ് ഖാൻ 'ഒപ്പിട്ട്' ഉറപ്പിച്ചു. ഉത്തമനോട് പണ്ട് പറഞ്ഞത് തന്നെ വീണ്ടും പറയാനൊള്ളു, ''അവർക്കിടയിലുളള അന്തർധാര സജീവമാണ്"...












Click it and Unblock the Notifications