Get Updates
Get notified of breaking news, exclusive insights, and must-see stories!

നാലണ മെമ്പറും എഐസിസി വര്‍ക്കിങ് കമ്മിറ്റി മെമ്പറും; ഉമ്മന്‍ ചാണ്ടിയെ ചാരി ആഞ്ഞടിച്ച് ചെന്നിത്തല, കീഴടങ്ങാനില്ല

കോട്ടയം: കോണ്‍ഗ്രസില്‍ ഡിസിസി അധ്യക്ഷന്‍മാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ അവസാനിച്ചു എന്ന മട്ടിലായിരുന്നു കഴിഞ്ഞ ദിവസത്തെ വാര്‍ത്തകള്‍. എന്നാല്‍ അത് കൊടുങ്കാറ്റിന് തൊട്ടുമുമ്പുള്ള ശാന്തത മാത്രമായിരുന്നു. പുതിയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തലയാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

പൊതു വേദിയില്‍ വച്ചായിരുന്നു രമേശ് ചെന്നിത്തലയുടെ രൂക്ഷവിമര്‍ശനം. ഉമ്മന്‍ ചാണ്ടിയെ മുന്നില്‍ നിര്‍ത്തിക്കൊണ്ടായിരുന്നു ചെന്നിത്തല പുതിയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത് എന്നതും ശ്രദ്ധേയമാണ്. എ, ഐ ഗ്രൂപ്പുകള്‍ ഒരുമിച്ച് പുതിയ സാഹചര്യത്തെ നേരിടാന്‍ ഒരുങ്ങിക്കഴിഞ്ഞു എന്നതാണ് ഇത് നല്‍കുന്ന സൂചന.

1

കോട്ടയത്ത് പുതിയ ഡിസിസി അധ്യക്ഷനായി നാട്ടകം സുരേഷ് സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ ആയിരുന്നു രമേശ് ചെന്നിത്തല പൊട്ടിത്തെറിച്ചത്. എ ഗ്രൂപ്പിന്റെ നോമിനി ആയിട്ടാണ് സുരേഷ് ഡിസിസി പ്രസിഡന്റ് ആയത്. ഇത്തരമൊരു ചടങ്ങ് തന്നെ രമേശ് ചെന്നിത്തല പ്രതികരണത്തിനായി തിരഞ്ഞെടുത്തത് ബോധപൂര്‍വ്വമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിലെ പുതിയ നേതൃത്വത്തിനെതിരെ എ, ഐ ഗ്രൂപ്പുകള്‍ ഐക്യപ്പെട്ട് തുടങ്ങിയിട്ട് കുറച്ച് നാളുകളായി.

2

പാര്‍ട്ടിയില്‍ ആലോചനയില്ലാതെയാണ് പല കാര്യങ്ങളും തീരുമാനിക്കുന്നത് എന്നാണ് രമേശ് ചെന്നത്തലയുടെ വിമര്‍ശനം. അധികാരം കിട്ടയപ്പോള്‍ താന്‍ ഒരിക്കലും ധാര്‍ഷ്ട്യത്തിന്റെ ഭാഷ ഉപയോഗിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. അധികാരത്തിന്റെ ഭാഷയില്‍ സംസാരിച്ചിട്ടില്ല എന്നും ചെന്നിത്തല പറയുന്നു. പുതിയ നേതൃത്വത്തിലെ ചിലരെ ഉന്നം വച്ചുകൊണ്ടാണ് ചെന്നിത്തലയുടെ ഈ പദപ്രയോഗങ്ങള്‍. ഇഷ്ടമില്ലാത്തവരേയും ഒരുമിച്ചുകൊണ്ടുപോകാനാണ് താന്‍ എന്നും ശ്രമിച്ചത് എന്നും എല്ലാവരേയും ഒരുമിച്ച് നിര്‍ത്തിയെന്നും ചെന്നിത്തല അവകാശപ്പെട്ടു.

3

ഇനിയാണ് ചെന്നിത്തലയുടെ വിമര്‍ശനത്തിന്റെ കാതല്‍. തന്നോട് എന്തെങ്കിലും ആലോചിക്കണം എന്ന് താന്‍ പറയല്ല. എന്നാല്‍ ഉമ്മന്‍ ചാണ്ടി അങ്ങനെ അല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. താന്‍ കോണ്‍ഗ്രസിലെ വെറും നാലണ മെമ്പര്‍ മാത്രമാണ്. എന്നാല്‍ ഉമ്മന്‍ ചാണ്ടി എഐസിസി വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. സംഘടനാപരമായ കാര്യങ്ങള്‍ ഉമ്മന്‍ ചാണ്ടിയുമായി ആലോചിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കും ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ലൈഫില്‍ ഒരിക്കലും നഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കുന്ന സ്വന്തം ചിന്നു ചേച്ചി; ലക്ഷ്മി നക്ഷത്രയ്ക്ക് പിറന്നാള്‍ ആശംസയുമായി അനുമോള്‍

4

പാര്‍ട്ടിയിലെ ഐക്യത്തെ കുറിച്ചും ചെന്നിത്തലയ്ക്ക് പറയാനുണ്ട്. ഒരുമിച്ച് നില്‍ക്കുക എന്നത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ബാധ്യതയല്ല, എല്ലാവരുടേയും ഉത്തരവാദിത്തമാണ്. റിലേ ഓട്ടമത്സരമല്ല ഇപ്പോള്‍ നടക്കുന്നത്. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോവുക എന്നത് നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണെന്നും ചെന്നിത്തല പറഞ്ഞു. പുതിയ നേതൃത്വം ഗ്രൂപ്പുകളെ മാറ്റി നിര്‍ത്തുന്നു എന്ന ആരോപണം ഒന്നുകൂടി ആണിയടിച്ച് ഉറപ്പിക്കുകയാണ് രമേശ് ചെന്നിത്തല ഈ പരാമര്‍ശങ്ങളിലൂടെ.

5

പാര്‍ട്ടിയില്‍ അടുത്തിടെ എടുത്ത കടുത്ത അച്ചടക്ക നടപടികളിലേയും ചെന്നിത്തല രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഇപ്പോള്‍ പലരും അച്ചടക്കത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്, എന്നാല്‍ അതിന് മുന്‍കാല പ്രാബല്യം ഉണ്ടായിരുന്നെങ്കില്‍ അങ്ങനെ പറയുന്ന പലരും കോണ്‍ഗ്രസില്‍ ഉണ്ടാകുമായിരുന്നില്ല എന്നും ചെന്നിത്തല പറയുന്നുണ്ട്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ലക്ഷ്യം വച്ചാണ് ഈ പരാമര്‍ശങ്ങള്‍ എന്ന് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ അച്ചടക്കത്തെ കുറിച്ചൊന്നും ഇങ്ങോട്ട് പറയേണ്ടതില്ലെന്നാണ് ചെന്നിത്തലയുടെ മുന്നറിയിപ്പ്. ഉമ്മന്‍ ചാണ്ടിയെ അവഗണിച്ച് ആര്‍ക്കും മുന്നോട്ട് പോകാന്‍ ആവില്ലെന്നും ചെന്നിത്തല പറഞ്ഞു.

6

പ്രായത്തിന്റെ കാര്യത്തിലും കെ സുധാകരനെതിരെ ഒളിയമ്പ് എയ്തിട്ടുണ്ട് ചെന്നിത്തല. തന്നെ മുതിര്‍ന്ന നേതാവ് എന്ന് വിളിക്കുമ്പോഴും തനിക്ക് അത്ര പ്രായമൊന്നും ആയിട്ടില്ല എന്നാണ് ചെന്നിത്തല പറയുന്നത്. തന്നെ മുതിര്‍ന്ന നേതാവ് എന്ന് വിശേഷിപ്പിക്കുന്ന പലരും 74 ഉം 75 ഉം വയസ്സ് എത്തിയവരാണ്. തനിക്ക് ആകെ അറുപത്തി മൂന്ന് വയസ്സ് മാത്രമാണ് ആയിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് 73 വയസ്സാണ് എന്നത് കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം.

7

താനും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്ന് കോണ്‍ഗ്രസിനെ നയിച്ച കാലത്തുണ്ടായ നേട്ടങ്ങളെ ഓര്‍ത്തെടുത്ത് പറയുന്നുണ്ട് ചെന്നിത്തല. 17 വര്‍ഷം ആണ് താനും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്ന് കോണ്‍ഗ്രസിനെ നയിച്ചത്. താന്‍ കെപിസിസി പ്രസിഡന്റും ഉമ്മന്‍ ചാണ്ടി പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ആയിരുന്നു. ആ കാലഘട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി മികച്ച വിജയം നേടിയിരുന്നു എന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നുണ്ട്. അന്ന് കോണ്‍ഗ്രസ് നടത്തിയത് അത്ഭുതകരമായ തിരിച്ചുവരവാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

8

ഡിസിസി അധ്യക്ഷന്‍മാരെ നിശ്ചയിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ വലിയ തര്‍ക്കമായിരുന്നു ഉടലെടുത്തത്. ഒടുവില്‍ പല പട്ടികകള്‍ക്കൊടുവില്‍ ആണ് ഇപ്പോഴത്തെ അധ്യക്ഷന്‍മാരെ നിയമിച്ചത്. എന്നാല്‍, പട്ടിക പുറത്ത് വന്ന ഉടന്‍ തന്നെ പൊട്ടിത്തെറികളും തുടങ്ങിയിരുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യമായി തന്നെ പുതിയ നേതൃത്വത്തിനെതിരെ രംഗത്ത് വന്നു. അന്ന് രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത് ഉമ്മന്‍ ചാണ്ടി ആയിരുന്നു. ഇതിനെ തുടര്‍ന്ന് കെ സുധാകരനും വിഡി സതീശനും ഉമ്മന്‍ ചാണ്ടിയെ രൂക്ഷമായി വിമര്‍ശിച്ചത് കോണ്‍ഗ്രസിനുള്ളില്‍ വലിയ എതിര്‍പ്പിന് വഴിവച്ചിരുന്നു. ഒടുവില്‍ സമവായത്തിന്റെ വഴിയിലേക്ക് ഇരുകൂട്ടരും എത്തുന്നു എന്ന സൂചനയും ലഭിച്ചിരുന്നു.

9

ഡിസിസി അധ്യക്ഷന്‍മാര്‍ക്ക് ശേഷം കെപിസിസി, ഡിസിസി പുന:സംഘടനയാണ് ഇനി നടക്കാനുള്ളത്. അതിലും ഇത്തരത്തില്‍ തഴയപ്പെട്ടാല്‍ നിലനില്‍പ് തന്നെ അപകടത്തിലാകും എന്ന് ഗ്രൂപ്പ് നേതാക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് മുന്‍കൂട്ടി കണ്ട് താഴേ തട്ട് മുതല്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ചര്‍ച്ച ചെയ്ത് മാത്രമേ കെപിസിസി, ഡിസിസി പുന:സംഘടന നടത്തൂ എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും വ്യക്തമാക്കിയിരുന്നു. ഉമ്മന്‍ ചാണ്ടിയെ മാനസികമായി വേദനിപ്പിക്കുന്ന ഒന്നും തങ്ങള്‍ ചെയ്യില്ലെന്നും കൂടി കെസി വേണുഗോപാല്‍ പറഞ്ഞിരുന്നു,

കാര്യങ്ങള്‍ ഈ വിധത്തില്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കവേയാണ് ഉമ്മന്‍ ചാണ്ടിയുടെ പേര് പറഞ്ഞ് രമേശ് ചെന്നിത്തല രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഈ വിമര്‍ശനങ്ങളോട് പുതിയ നേതൃത്വം എങ്ങനെ പ്രതികരിക്കും എന്ന് കൂടി കണ്ടറിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+