പെൻഷൻ പ്രായം ഏകീകരണ ഉത്തരവ് പിൻവലിക്കണം; എതിർപ്പുമായി ഡിവൈഎഫ്ഐയും
തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചു കൊണ്ട് ധനവകുപ്പ് ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെകട്ടറിയേറ്റ്. 122 പൊതുമേഖലാ സ്ഥാപനങ്ങളിൽ കെ എസ് ഇ ബി, കെ എസ് ആർ ടി സി, വാട്ടർ അതോറിറ്റി എന്നീ സ്ഥാപനങ്ങളിൽ ഒഴികെ പുതിയ ഉത്തരവ് ബാധക മാവുകയാണ്. ഒരു ലക്ഷത്തിൽ കൂടുതൽ ജീവനക്കാർക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു.

പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ പാടില്ല എന്ന പ്രഖ്യാപിത നയമുള്ള സംഘടനയാണ് ഡി വൈ എഫ് ഐ. രാജ്യത്തുടനീളം വിരമിക്കല്‍ പ്രായം 60 ആണെങ്കിലും, കേരളത്തിലെ ചെറുപ്പക്കാരുടെയിടയിലെ തൊഴിലില്ലായ്മനിരക്ക് ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ്. നിലവിലെ സാഹചര്യത്തിൽ പെൻഷൻ പ്രായം ഉയർത്തുന്നത് യുവാക്കൾക്കെതിരെയുള്ള നിലപാടായി മാറുമെന്നും സനോജ് പറഞ്ഞു.
പെൻഷൻ പ്രായം ഉയർത്തിയ നടപടിക്കെതിരെ എ ഐ വൈ എഫ് നേരത്തേ രംഗത്തെത്തിയിരുന്നു. ഉത്തരവ് പ്രതിഷേധാര്‍ഹമാണെന്നും
അഭ്യസ്ഥവിദ്യരായ പതിനായിരക്കണക്കിന് ചെറുപ്പക്കാരെ പ്രതിരോധത്തിലാക്കുന്ന നടപടിയാണ് ഇതെന്നും എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
'പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം വർത്ഥിപ്പിക്കുവാനുള്ള
സര്‍ക്കാര്‍ തീരുമാനം യുവജന ദ്രോഹ നടപടിയാണ്. ഈ തീരുമാനം തൊഴില്‍ രഹിതരായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയായി മാത്രമേ കണക്കാക്കാന്‍ സാധിക്കുകയുള്ളൂ. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അജണ്ടയിലെ നയമല്ലെന്നിരിക്കെ ഈ തീരുമാനമെടുത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. തീരുമാനം പിന്‍വലിച്ച് യുവജനങ്ങളുടെ തൊഴില്‍ ലഭിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്നും സംഘടന വ്യക്തമാക്കിയിരുന്നു.
അതേസമയം പെൻഷൻ പ്രായം ഉയർത്തിയ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് യൂത്ത് കോൺഗ്രസും ആവശ്യപ്പെട്ടു. പാറശ്ശാലയിൽ സുഹൃത്തിനെ കൊല്ലാൻ കഷായം കൊടുത്തത് പോലെ യുവാക്കളുടെ തൊഴിൽ സ്വപ്നങ്ങളെ ഈ സർക്കാർ ഉത്തരവ് കൊല്ലുകയാണ്. ഭഗവൽ സിംഗിന്റെ നവോത്ഥാന പ്രസംഗം പോലെയാണ് ഡി വൈ എഫ് ഐയുടെ തൊഴിൽ സമരങ്ങളെന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.












Click it and Unblock the Notifications