എം ഗണേശനെ മാറ്റിയത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്; ആര്‍എസ്എസിന്റെ പുതിയ നീക്കം ഇങ്ങനെ
തിരുവനന്തപുരം: ബിജെപിയെയും ആര്‍എസ്എസിനെയും ബന്ധിപ്പിക്കുന്ന സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ഗണേശനെ മാറ്റി. പാലോട് നടന്ന ആര്‍എസ്എസ് പ്രാന്തീയ പ്രചാരക് ബൈഠക്ക് ആണ് ഇക്കാര്യം ശുപാര്‍ശ ചെയ്തത്. സംഘടനയുടെ കേന്ദ്ര നേതൃത്വം ശുപാര്‍ശ അംഗീകരിക്കുമെന്നാണ് വിവരം. ഗണേശന്റെ പ്രവര്‍ത്തനത്തില്‍ ആര്‍എസ്എസ് നേതൃത്വത്തിന് അതൃപ്തിയുണ്ട് എന്നാണ് സൂചന.
കാസര്‍കോട് സ്വദേശിയായ ഗണേശന്‍ കഴിഞ്ഞ നാല് വര്‍ഷമായി ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി പദവിയിലുണ്ട്. രണ്ടു ടേം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് മാറ്റുന്നത് എന്നാണ് നേതാക്കളുടെ പ്രതികരണം. എന്നാല്‍ ഗണേശനെതിരെ സംസ്ഥാന ബിജെപി നേതൃത്വം ഉന്നയിച്ച പരാതികളാണ് മാറ്റാന്‍ കാരണമെന്നും പറയപ്പെടുന്നു. കണ്ണൂര്‍ സ്വദേശി കെ സുഭാഷിനാണ് പകരം താല്‍ക്കാലിക ചുമതല. ഇദ്ദേഹം സഹ സംഘടനാ സെക്രട്ടറിയായിരുന്നു.

ആര്‍എസ്എസ് സംസ്ഥാനതല പ്രചാര്‍ പ്രമുഖ് ആയി പ്രവര്‍ത്തിക്കവെയാണ് ഗണേശനെ ബിജെപിയുടെ സംഘടനാ ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്. ഇദ്ദേഹം ബിജെപി സംസ്ഥാന നേതൃത്വവുമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഫണ്ട് വിനിയോഗം ചെയ്തതില്‍ ചില ആരോപണങ്ങള്‍ ഗണേശനെതിരെ പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നു.
തൃശൂര്‍ കൊടകര കുഴല്‍പ്പണ കേസില്‍ ഗണേശനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. പണം എത്തിച്ച ധര്‍മരാജനുമായി ഗണേശ് ബന്ധപ്പെട്ടു എന്ന സംശയത്തിലായിരുന്നു ചോദ്യം ചെയ്യല്‍. സംസ്ഥാന ബിജെപിയില്‍ പിടി മുറുക്കാന്‍ ആര്‍എസ്എസ് തീരുമാനിച്ചിട്ടുണ്ട്. ബിജെപി നേതാക്കളില്‍ ചിലര്‍ നിയന്ത്രണം മറികടന്ന് പ്രവര്‍ത്തിക്കുന്നു എന്ന ആക്ഷേപവും ആര്‍എസ്എസിനുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കാനും സംഘടനാ സംവിധാനം ശക്തിപ്പെടുത്താനും ആര്‍എസ്എസ് ആലോചിക്കുകയാണ്. ഇതിന്റെ ഭാഗം കൂടിയാണ് ഗണേശന്റെ മാറ്റം. സുഭാഷിന്റെ നിയമനം താല്‍ക്കാലികമാണെന്നും കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ഇക്കാര്യത്തില്‍ വേണമെന്നുമാണ് നേതാക്കള്‍ നല്‍കുന്ന സൂചന.
കൊച്ചി കോര്‍പറേഷനിലെ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി യോഗത്തില്‍ നടന്ന വോട്ടെടുപ്പില്‍ ബിജെപി പ്രതിനിധി മറിച്ച് വോട്ട് രേഖപ്പെടുത്തിയതിലും ഗണേശനെ വിമര്‍ശിച്ച് പാര്‍ട്ടി സംസ്ഥാന നേതൃത്വം രംഗത്തുവന്നിരുന്നു. ഗണേശന്റെ മൗനാനുവാദത്തോടെയാണിത് എന്നായിരുന്നു വിമര്‍ശനം. കൊച്ചിയില്‍ ആര്‍എസ്എസ് നേതാക്കള്‍ പങ്കെടുക്കുന്ന സുപ്രധാന യോഗം ഇന്ന് സമാപിക്കും. തിരഞ്ഞെടുപ്പ് ചര്‍ച്ചയാകുന്ന യോഗത്തില്‍ ദേശീയ നേതാക്കളും സംബന്ധിക്കുന്നുണ്ട്.
ബിജെപിക്ക് കേരളത്തില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നില്ല എന്ന വിലയിരുത്തലിലാണ് ആര്‍എസ്എസ്. വര്‍ഷങ്ങള്‍ക്കിടെ വോട്ടിങ് ശതമാനത്തില്‍ നേരിയ വര്‍ധനവ് മാത്രമാണുണ്ടായിട്ടുള്ളത്. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ട പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതില്‍ പാര്‍ട്ടി നേതാക്കള്‍ വേണ്ടത്ര താല്‍പ്പര്യം കാണിക്കുന്നില്ല എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications