ഹർത്താൽ അക്രമം; സ്വകാര്യ വ്യക്തികൾക്കുണ്ടായ നാശനഷ്ടത്തിൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തെ തുടർന്ന് കർമ സമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ സ്വകാര്യ വ്യക്തികൾക്കുണ്ടായ നാശനഷ്ടങ്ങളിൽ പ്രതികളുടെ സ്വത്ത് വകകൾ കണ്ടെത്താൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ശനിയാഴ്ച വൈകിട്ടോടെ അക്രമങ്ങൾക്ക് അയവ് വന്നിട്ടുണ്ട്. അതേസമയം അക്രമ സംഭവങ്ങളിൽ അറസ്റ്റ് തുടരുകയാണ്.
പൊതുമുതൽ നശിപ്പിച്ചതിന് 200 കേസുകളിലായി നിലവിൽ 4000ത്തോളം പ്രതികളുണ്ട്. അറസ്റ്റിലായ പലരും ജാമ്യത്തിൽ ഇറങ്ങി. ഹർത്താൽ ദിനത്തിൽ സ്വകാര്യ വസ്തുക്കളുടെ വാഹനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നേരെ വ്യാപക ആക്രമണങ്ങളാണ് ഉണ്ടായത്. ഇവ പൊതുമുതൽ അല്ലാത്തതിനാൽ പ്രതികൾക്കെതിരെ പൊതുമുതൽ നശീകരണ നിരോധന നിയമം ചുമത്താനാകില്ല. പ്രതികൾക്കെതിരെയുള്ള ക്രിമിനൽ കേസുകൾ കൂടാതെ പരാതിക്കാരെകൊണ്ട് സിവിൽ കേസുകൾ കൂടി നൽകാനാണ് പോലീസ് നീക്കം.

ഹർത്താലിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നവരുടെ സ്വത്ത് വകകൾ കണ്ടുകെട്ടിയോ ബാങ്ക് അക്കൗണ്ടുകളിൽ നിന്നോ നഷ്ടത്തിന് സമാനമായ തുക ഈടാക്കുമെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. അതേസമയം ഹർത്താലിനെ തുടർന്നുണ്ടായ സംഘർഷങ്ങളിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 3282 ആയി. ഇവരിൽ 487 പേർ റിമാൻഡിലാണ്.
കേരളത്തിലെ സംഘർഷങ്ങളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിരുന്നു. കേരളത്തിലെ ക്രമസമാധാന നില ഗവർണർ കേന്ദ്രത്തെ ധരിപ്പിച്ചു. കണ്ണൂർ ജില്ലയിൽ സ്ഥിതി ശാന്തമായി. പ്രകോപനങ്ങൾ ഒഴിവാക്കാൻ രണ്ട് ദിവസത്തേയ്ക്ക് പാർട്ടി പ്രകടനങ്ങൾ പാടില്ലെന്ന് സമാധാന യോഗത്തിൽ തീരുമാനമായി.












Click it and Unblock the Notifications