നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ശശീന്ദ്രനെതിരായ പ്രതിഷേധം സഭയ്ക്കുള്ളിലും സജീവമാക്കാൻ പ്രതിപക്ഷം
സിപിഎമ്മും മുഖ്യമന്ത്രിയും ആവര്‍ത്തിക്കുന്ന സ്ത്രീസുരക്ഷ വെറും പാഴ്വാക്കാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സമ്പൂർണ ബജറ്റ് പാസാക്കാനുള്ള 20 ദിവസത്തെ സമ്മേളനത്തിൽ പിഎസ്‌സി റാങ്ക് ലിസ്റ്റും പീഡന പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണവും ചൂടൻ ചർച്ചകൾക്ക് വഴിവെക്കും. ശശീന്ദ്രന്റെ രാജി ആവശ്യത്തിൽ സഭയ്ക്കുള്ളിലും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.

അപമാനിക്കപ്പെട്ടു എന്നു കാണിച്ച് ഒരു വനിത നല്‍കിയ പരാതി ഒതുക്കിതീര്‍ക്കാനും അന്വേഷണം അട്ടിമറിക്കാനും ശ്രമിച്ച എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല എന്ന് പ്രതിപക്ഷം വ്യക്തമാക്കി കഴിഞ്ഞു. ശശീന്ദ്രൻ രാജിവെക്കുന്നില്ലെങ്കിൽ മന്ത്രിയെ പുറത്താക്കാനുള്ള ആർജ്ജവം മുഖ്യമന്ത്രി കാണിക്കണം. സിപിഎമ്മും മുഖ്യമന്ത്രിയും ആവര്‍ത്തിക്കുന്ന സ്ത്രീസുരക്ഷ വെറും പാഴ്വാക്കാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
വിഷയത്തിൽ അടിയന്തര പ്രമേയത്തിനും പ്രതിപക്ഷം നോട്ടീസ് നൽകിയേക്കും. എകെ ശശീന്ദ്രനെ ഇരുത്തിക്കൊണ്ട് നിയമസഭ ചേരാന്‍ അനുവദിക്കില്ലെന്ന് യുവമോര്‍ച്ചയും അറിയിച്ചിട്ടുണ്ട്. നിയമസഭയില്‍ മന്ത്രി പങ്കെടുക്കുന്നുണ്ടെങ്കില്‍ യുവമോര്‍ച്ച സഭ തടസപ്പെടുത്തുമെന്നും പ്രതിഷേധം സംഘടിപ്പിക്കുമെന്നും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ പറഞ്ഞു.
അതേസമയം സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ഒന്നിലധികം ആരോപണങ്ങളാണ് പ്രതിപക്ഷത്തിന്റെ കൈയിലുള്ളത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് തുടങ്ങി മുട്ടില്‍മരം മുറിയും കോവിഡ് മരണസംഖ്യ കുറച്ചുകാട്ടിയതും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ ആവര്‍ത്തിക്കുന്ന ആക്രമണങ്ങളും ഈ സമ്മേളനകാലത്ത് നിയമസഭയില്‍ ചർച്ചയാകും. കാലാവധി തീരുന്ന 493 പിഎസ്‌സി റാങ്ക് ലിസ്റ്റുകളില്‍ ജോലികാത്തു നില്‍ക്കുന്നവരുടെ വിഷയും പ്രതിപക്ഷം ഉയർത്തികാണിക്കും.












Click it and Unblock the Notifications