യുഡിഎഫ് എംഎല്‍എമാരുടെ നിരാഹാര സമരം ആറാംദിവസം, ആരോഗ്യം വഷളായി; എങ്ങുമെത്താത്ത ചര്‍ച്ച
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ദ്ധനവിനെതിരെ യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയില്‍ തുടരുന്ന നിരാഹാര സമരം ആറ് ദിവസത്തിലേക്ക് കടന്നു. എംഎല്‍എമാരുടെ ആരോഗ്യനില വഷളായിരിക്കുകയാണ്. സമരം തുടരുന്ന ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍ എന്നിവരെ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തുന്നത് വരെ നിരാഹാരം തുടരുമെന്നാണ് എംഎല്‍എമാര്‍ പറയുന്നത്.
മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നിയമസഭയില്‍ എത്തി ഇരുവരെയും പരിശോധിച്ചു. എംഎല്‍എമാരുടെ ആരോഗ്യനില വഷളാണെന്നും ആശുപത്രിയിലേക്ക് മാറ്റണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം സ്വശ്രയ പ്രശ്‌നത്തില്‍ ഇന്നും പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരക്കുകയായിരുന്നു.

സര്‍ക്കാര്‍ പിടിവാശികാണിക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പറയുന്നത്. ഒരു വിട്ട് വീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറാവില്ലെന്നാണ് പറയുന്നത്. പ്രതിപക്ഷത്തിന് സമരം അവസാനിപ്പിക്കണമെന്നില്ലെന്നാണ് പിണറായി പ്രതികരിച്ചത്. അതേസമയം ചര്‍ച്ചകള്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. കേരള കോണ്‍ഗ്രസ് മാണി വിഭാഗവും യു ഡി എഫിനൊപ്പം സഭാ ബഹിഷ്‌ക്കരണത്തില്‍ പങ്കുചേര്‍ന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വി എസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി, പാര്‍ലമെന്ററികാര്യമന്ത്രി എ കെ ബാലന്‍ എന്നിവരാണ് സ്പീക്കര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ പങ്കെടുത്തത്. എന്നാല്‍ സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനിന്നതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു.
സ്വാശ്രയ പ്രശ്‌നത്തില്‍ സമരം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇന്ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ കൂടുതല്‍ പ്രക്ഷോഭ പരിപാടികള്‍ യുഡിഎഫ് തീരുമാനിക്കും. ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരെ ആശുപത്രിയിലേക്ക് മാറ്റുകയാണെങ്കില്‍ വി ടി ബല്‍റാം, ശബരിനാഥ് ഉള്‍പ്പടെയുള്ള യുവ എംഎല്‍എമാരില്‍ ആരെങ്കിലും രണ്ടുപേര്‍ ഇന്നു സമരം തുടങ്ങുമെന്നാണ് അറിയുന്നത്. പ്രതിപക്ഷ നേതാവിനെ സ്പീക്കര്‍ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications