'ഞങ്ങളുടെ അര്‍ജുന് വല്ലതും പറ്റിയാല്‍'; സെല്‍ഫിയുമായി കാര്‍വാര്‍ എസ്പി, മലയാളികളുടെ പ്രതിഷേധം
മംഗലാപുരം: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ സംഭവസ്ഥലത്ത് നിന്ന് സെല്‍ഫിയുമായി കാര്‍വാര്‍ എസ്പി. കഴിഞ്ഞ ദിവസം മലയാളി രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത് ഇസ്രായേലിനെ എസ്പി പിടിച്ചുതള്ളിയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് എസ്പി സെല്‍ഫി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതോടെ മലയാളികള്‍ ഒന്നടങ്കം എസ്പിയുടെ നടപടിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. മനുഷ്യ ജീവന്റെ വിലയറിയാത്ത ആളാണ് എസ്പി എന്നാണ് ഉയരുന്ന വിമര്‍ശനം. എവിടെ ഞങ്ങടെ അര്‍ജുന്‍.... മനസാക്ഷി ഇല്ലാത്ത നാട്ടില്‍ ആണ് സത്യത്തില്‍ അവന്‍ കുടുങ്ങി പോയത് എന്നാണ് മറ്റൊരാള്‍ കര്‍വാര്‍ എസ്പിയുടെ പേജില്‍ കമന്റ് ചെയ്തിരിക്കുന്നത്. 'സാറിന് മലയാളികളെ വല്യ പരിചയം കാണില്ല അതാ, പൊന്ന് സാറെ ചെക്കന് എന്തേലും പറ്റിയാല്‍', എന്നാണ് മറ്റൊരു കമന്റ്.

'നിങ്ങള്‍ ഒരു മനുഷ്യനോ മൃഗമോ? ദുരന്തമുഖത്ത് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് താങ്കളെ മനസ്സിലാക്കി തരേണ്ട കാര്യം ഉണ്ടോ? ഞങ്ങള്‍ മലയാളികള്‍ സ്‌നേഹവും അനുകമ്പയും വിശാല ഹൃദയമുള്ളവരും ആണ്,' എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. അതിനിടെ ഷെയിം കര്‍ണാടക എന്ന പേരില്‍ ഹാഷ്ടാഗ് ക്യാംപെയ്‌നും തുടങ്ങിയിട്ടുണ്ട്. നേരത്തെ ഷിരൂരിലെ മണ്ണിടിച്ചില്‍ മേഖലയില്‍ ലോറി ഉടമ മനാഫിന് നേരെ കയ്യേറ്റം ഉണ്ടായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിന് രഞ്ജിത്തിനെ എത്തിച്ചതിന്റെ പേരിലായിരുന്നു മനാഫിനെ എസ്പി കൈയേറ്റം ചെയ്തത്. എസ് പി മനാഫിന്റെ മുഖത്തടിക്കുകയും പിടിച്ചുതള്ളുകയുമായിരുന്നു. ഇതും വലിയ വിവാദമായിരുന്നു. അതേസമയം അര്‍ജുനെ കണ്ടെത്താന്‍ ഇന്ന് സൈന്യമെത്തും. ബെലഗാവിയില്‍നിന്നുള്ള 60 അംഗ സംഘമാണ് എത്തുന്നത്. ഐ എസ് ആര്‍ ഒയുടെ സഹായവും കര്‍ണാടക സര്‍ക്കാര്‍ തേടിയിട്ടുണ്ട്.
അപകടസമയത്തെ ഉപഗ്രഹചിത്രങ്ങള്‍ ലഭ്യമാക്കുമെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ എസ് സോമനാഥ് അറിയിച്ചിട്ടുണ്ട്. അതിനിടെ രക്ഷാപ്രവര്‍ത്തനത്തില്‍ കര്‍ണാടകയുടേത് അലംഭാവമാണ് എന്ന് ആരോപിച്ച് കോഴിക്കോട് കണ്ണാടിക്കലില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ വസീഫും, എം എല്‍ എമാരായ ലിന്റോ ജോസഫും, സച്ചിന്‍ ദേവും പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയിരുന്നു.
നിലവിലെ രക്ഷാപ്രവര്‍ത്തനത്തില്‍ വിശ്വാസമില്ലെന്നും സൈന്യം വരണമെന്നും അര്‍ജുന്റെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം പ്രദേശത്ത് ഇടക്കിടെ പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. ജി പി ആര്‍ സിഗ്നല്‍ കാണിച്ച സ്ഥലത്താണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്.












Click it and Unblock the Notifications