പുഴയിലിറങ്ങി ഈശ്വര്‍ മാല്‍പെയും സഹായിയും; ഒരു ലോഹഭാഗം കൂടി കണ്ടെത്തി..!
ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ പുരോഗമിക്കുന്നു. മത്സ്യത്തൊഴിലാളിയും മുങ്ങല്‍ വിദഗ്ധനുമായ ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലാണ് പരിശോധന. ഈശ്വര്‍ മല്‍പെയും ഒരു സഹായിയും ഗംഗാവലി പുഴയില്‍ ഇറങ്ങിയിട്ടുണ്ട്. ഒന്നിലേറെ തവണ ഈശ്വര്‍ മാല്‍പെ മുങ്ങിത്താണ് പരിശോധന നടത്തി.
ഇതിനിടെ പുഴയില്‍ നിന്ന് ഒരു ലോഹ ഭാഗം കണ്ടെത്തിയിട്ടുണ്ട്. ഷാക്കിള്‍ സ്‌ക്രൂ പിന്‍ ആണ് കണ്ടെത്തിയത്. വാഹനങ്ങള്‍ കെട്ടി വലിക്കാന്‍ ഉപയോഗിക്കുന്നതാണ് ഷാക്കിള്‍ സ്‌ക്രൂ പിന്‍. എന്നാല്‍ ഇത് അര്‍ജുന്‍ ഓടിച്ച ലോറിയുടേതല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. അപകടത്തില്‍പെട്ട ടാങ്കര്‍ ലോറിയുടെ ഭാഗമായിരിക്കാം എന്നാണ് അനുമാനം. നാല് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന പുരോഗമിക്കുന്നത്.

നാവികസേനയുടെ ഒരു സംഘവും പരിശോധന നടത്തുന്നുണ്ട്. കൂടുതല്‍ നാവികസേനാംഗങ്ങള്‍ തിരച്ചിലിന് വേണം എന്ന് എകെഎം അഷ്‌റഫ് എംഎല്‍എ ആവശ്യപ്പെട്ടു. നാവിക സേനയുടെ ഡൈവിംഗ് ടീമാണ് തിരച്ചിലിന് എത്തിയിരിക്കുന്നത്. കാര്‍വാറില്‍ നിന്ന് ഉച്ചയോടെ കൂടുതല്‍ നാവിക സേനാംഗങ്ങളും സ്ഥലത്തെത്തും. ഇന്നലെ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയിലുണ്ടായിരുന്ന ജാക്കി കണ്ടെത്തിയിരുന്നു.
ജാക്കി കണ്ടെത്തിയ സ്ഥലത്ത് നിന്ന് 70 മീറ്ററോളം മാറി വെള്ളത്തില്‍ ഡീസല്‍ പരന്നിരുന്നു. ഈ സ്ഥലങ്ങളെല്ലാം കേന്ദ്രീകരിച്ചാണ് ഇന്ന് തെരച്ചില്‍ നടത്തുന്നത്. ഇന്നലത്തെ സോണാര്‍ പരിശോധനയില്‍ ലോഹ സാന്നിധ്യമുള്ള രണ്ട് സിഗ്നല്‍ കിട്ടിയിരുന്നു. മുന്‍പത്തെ പരിശോധനയില്‍ ലോറിയുടെ സാന്നിധ്യമുണ്ട് എന്നതിന് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെട്ടത് കരയില്‍ നിന്ന് 132 മീറ്റര്‍ അകലെയുള്ള പോയന്റിലായിരുന്നു.
അര്‍ജുന് പുറമെ കര്‍ണാടക സ്വദേശികളായ ജഗന്നാഥ്, ലോകേഷ് എന്നിവരെയും കണ്ടെത്താനായിട്ടില്ല. അതേസമയം ഇന്നത്തെ തിരച്ചിലില്‍ പ്രതീക്ഷയുണ്ട് എന്നാണ് ഈശ്വര്‍ മാല്‍പെ പറയുന്നത്. ഇന്നലെ ജാക്കി കണ്ടെത്താനായത് അനുകൂലമാണ്. റോഡില്‍ നിന്ന് 100 അടി ദൂരെ നിന്നാണ് ജാക്കി ലഭിച്ചത് എന്നും 40 അടി താഴ്ചയിലായിരുന്നു ഇത് എന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു.
ലോറിയുണ്ടെങ്കില്‍ ഇന്ന് തന്നെ കണ്ടെത്താന്‍ സാധിക്കും എന്നും തിരച്ചിലിന് എത്തിയത് കുടുംബത്തിന്റെ വേദന മനസിലാക്കിയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അര്‍ജുനെ കാണാതായിട്ട് ഒരു മാസം പൂര്‍ത്തിയാകാനിരിക്കുകയാണ്. ജൂലൈ 16 നാണ് അര്‍ജുനെ കാണാതാകുന്നത്.












Click it and Unblock the Notifications