'അത് മലബാറിലുള്ള പഴയ കഥ, ആരേയും വിഷമിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല'; പരാമർശം പിൻവലിച്ച് കെ സുധാകരൻ
തിരുവനന്തപുരം: തെക്കൻ കേരളത്തെ കുറിച്ചുള്ള വിവാദ പരാമർശം പിൻവലിച്ച് കെ സുധാകരൻ.പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് സുധാകരൻ പറഞ്ഞു. ആരെയും മോശക്കാരാക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

'താൻ പറഞ്ഞ കഥ തെക്കൻ കേരളത്തിലുള്ള പഴയൊരു കഥയാണ്. ആ കഥ ആവർത്തിച്ചെന്നേയെുള്ളൂ. അല്ലാതെ തെക്ക് വടക്ക് വേർതിരിക്കാനോ ആരെയെങ്കിലും വേദനിപ്പിക്കാനോ ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്താനോ ഉദ്ദേശിച്ചിട്ടില്ല. അതിന് പിന്നില്‍ വേറെ ഒരു ഉദ്ദേശവും ഇല്ല. ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ആ പ്രസ്താവന പിൻവലിക്കുകയാണ്, ക്ഷമ ചോദിക്കുകയാണ്', സുധാകരൻ പറഞ്ഞു. ഭിന്നിപ്പ് നടത്തി, ആരെയെങ്കിലും താഴ്ത്തി കൊണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്താൻ കേരളം പോലൊരു സംസ്ഥാനത്ത് സാധിക്കില്ലെന്ന് മനസിലാക്കാനുള്ള ബോധം ഞങ്ങൾക്കുണ്ട്, സുധാകരൻ പറഞ്ഞു.
തെക്കൻ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാൻ കൊള്ളില്ലെന്ന തരത്തിലുള്ള സുധാകരന്റെ പരാമർശമാണ് വിവാദമായത്. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ പ്രതികരണം. തെക്കൻ കേരളത്തിലേയും വടക്കൻ കേരളത്തിലേയും നേതാക്കൾ തമ്മിൽ വ്യത്യാസമുണ്ടോയെന്ന ചോദ്യത്തിന് രാമായണത്തെ ദുർവ്യാഖ്യാനം ചെയ്ത് കൊണ്ടായിരുന്നു സുധാകരന്റെ വിവാദ മറുപടി. മലബാറിലെ നേതാക്കന്മാരെ രാഷ്ട്രീയ വ്യത്യാസമന്യേ വിശ്വസിക്കാൻ കഴിയാവുന്നവരെന്നും അഭിമുഖത്തിൽ സുധാകരൻ പറഞ്ഞ് വെക്കുന്നുണ്ട്.
കോൺഗ്രസിന്റേയും ബി ജെ പിയുടേയും സി പി എമ്മിന്റേയും തലപ്പത്ത് വടക്കൻ കേരളത്തിൽ നിന്നുള്ള നേതാക്കൾ ഉണ്ടല്ലോയെന്ന ചോദ്യത്തിന് വടക്കുള്ള നേതാക്കൾ സത്യസന്ധരും നേർവഴിക്കുള്ള നിലപാട് പ്രകടിപ്പിക്കുന്നവരും ധൈര്യമുള്ളവരുമാണെന്നായിരുന്നു സുധാകരൻ പറഞ്ഞത്. തിനെതിരെ പല കോണുകളിൽ നിന്നും രൂക്ഷമായ വിമർശനം ഉയർന്നതിന് പിന്നാലെയാണ് ഇപ്പോൾ അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്. അതേസമയം ശശി തരൂരിനെ ട്രെയിനി എന്ന് താൻ അഭിമുഖത്തിൽ വിശേഷിപ്പിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. അധ്യക്ഷനാകാൻ പാർട്ടിയിൽ അനുഭവ സമ്പത്ത് വേണമെന്നാണ് പറഞ്ഞത്. ആ വാക്ക് അവർ ഉപയോഗിച്ചതാണ്. അല്ലാതെ തരൂരിനെ കുറിച്ച് തെറ്റായ പരാമർശം നടത്തിയിട്ടില്ലെന്നും സുധാകരൻ വിശദീകരിച്ചു.
തരൂര് നല്ല മനുഷ്യനാണെങ്കിലും സംഘടനാ പ്രവർത്തന കാര്യത്തിൽ തരൂരിന് പരിചയ സമ്പത്തില്ലെന്നായിരുന്നു സുധാകരൻ പറഞ്ഞത്. ഒരു ട്രെയ്‌നി ഫാക്ടറി ഓപറേഷൻസിന്റെ മുഴുവൻ ചുമതലയും ഏറ്റെടുക്കുന്നത് പോലെയാണെന്ന് തരൂർ അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതെന്നും സുധാകരൻ പരിഹസിച്ചിരുന്നു.












Click it and Unblock the Notifications