ശോഭായാത്ര ബ്ലൂവെയ്ൽ പോലെയെന്ന് കോടിയേരി! പെട്ടാൽ പിന്നെ രക്ഷയില്ല, കൊലയാളികളാക്കി മാറ്റും...
ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ സിപിഎം ഓഫീസുകൾക്ക് നേരെ അക്രമം നടത്തുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും കോടിയേരി പറഞ്ഞു.
കണ്ണൂർ: ബ്ലൂവെയ്ൽ ഗെയിമിൽ പെട്ടുപോകുന്നതിന് സമാനമാണ് ശോഭായാത്രയിൽ പങ്കെടുക്കുന്ന കുട്ടികളുടെ അവസ്ഥയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒരിക്കൽ പോയാൽ പിന്നീട് രക്ഷപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.
കുട്ടികൾക്ക് ബോംബും ആയുധങ്ങളും ഉപയോഗിക്കാൻ പരിശീലനം നൽകി, അവരെ കൊലയാളികളാക്കി മാറ്റുകയാണ് ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു. ഗണപതിയും സിപിഎമ്മും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല. ഗണപതിയുടെ കാലത്ത് സിപിഎം ഉണ്ടായിരുന്നില്ല. എന്നാൽ ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ സിപിഎം ഓഫീസുകൾക്ക് നേരെ അക്രമം നടത്തുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഓരോ ദൈവങ്ങളുടെ പേരിലും സിപിഎമ്മിനെ അക്രമിക്കുകയാണെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

കണ്ണൂർ കരിവെള്ളൂർ മെട്ടമ്മലിൽ സിപിഎം ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇക്കാര്യങ്ങൾ പറഞ്ഞത്. ശ്രീകൃഷ്ണ ജയന്തിയ്ക്ക് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ആർഎസ്എസ് ശോഭായാത്രകൾ ഹൈജാക്ക് ചെയ്യുന്നതിനെതിരെ കണ്ണൂരിൽ സിപിഎം വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
സെപ്റ്റംബർ 12ന് ബാലഗോകുലം ശോഭായാത്രയ്ക്ക് ബദലായി സിപിഎമ്മിന്റെ നേതൃത്വത്തിൽ മഹത്ജന്മങ്ങൾ മാനവനന്മയ്ക്ക് എന്ന പേരിൽ ഘോഷയാത്ര സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ, കണ്ണൂരിലെ സമാധാനം തകർക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നാണ് ആർഎസ്എസിന്റെ ആരോപണം. കണ്ണൂരിലെ സമാധാനാന്തരീക്ഷം തകർന്നാൽ ഉത്തരവാദി സിപിഎമ്മും പോലീസും മാത്രമായിരിക്കുമെന്നും ആർഎസ്എസ് നേതാക്കൾ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.












Click it and Unblock the Notifications