കളമശേരിയിലെ പഴകിയ ഇറച്ചി 49 ഹോട്ടലുകളില്‍ വിതരണം ചെയ്തു; രേഖകള്‍ പുറത്ത്, ഞെട്ടല്‍
കൊച്ചി: കൊച്ചിയില്‍ 500 കിലോ ഇറച്ചി പിടിച്ചെടുത്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഇറച്ചി പിടിച്ചെടുത്ത കളമശേരിയിലെ സ്ഥാപനം 49 ഹോട്ടലുകളിലേക്ക് ഇറച്ചി വിതരണം ചെയ്‌തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഇറച്ചി പിടിച്ചെടുത്ത വീട്ടില്‍ നിന്നാണ് രേഖകള്‍ കണ്ടെത്തിയിരിക്കുന്നത്. ഇവിടെ നിന്നും ഇറച്ചി വിതരണം ചെയ്ത 49 ഹോട്ടലുകളുടെ പട്ടിക നഗരസഭ തയ്യാറാക്കിയിട്ടുണ്ട്.
പൊലീസും നഗരസഭ ആരോഗ്യ വിഭാഗവും ചേര്‍ന്നായിരുന്നു പരിശോധന നടത്തിയത്. ഇവിടെ നിന്ന് ഇറച്ച് വിതരണവും പണം കൈമാറ്റവും സംബന്ധിച്ച ബില്ലുകളും രസീതുകളും കണ്ടെത്തിയിട്ടുണ്ട്. കളമശേരി പാലാരിവട്ടം, ഉള്‍പ്പടെയുള്ള ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇറച്ചി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ സുനാമി ഇറച്ചി ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും.

കളമശേരി പാലാരിവട്ടം ഉള്‍പ്പടെയുള്ള ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കടകളിലേക്കാണ് ഇവിടെ നിന്നും ഇറച്ചി വിറ്റത്. ഇപ്പോള്‍ കണ്ടെടുത്ത എല്ലാ രേഖകളും പൊലീസിന്റെ കൈവശമാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കളമശേരിയിലെ ഒരു വാടക വീട്ടില്‍ നിന്നും പഴകിയതും ചീഞ്ഞതുമായ ഇറച്ചി പിടികൂടിയത്. മൂന്ന് ഫ്രീസറുകളിലായി പാക്കറ്റിലാക്കിയും അല്ലാതെയും സൂക്ഷിച്ച ഇറച്ചിയായിരുന്നു ഇത്.
മലിന ജലം പുറത്തേക്ക് ഒഴുകുന്നുണ്ടെന്നും രൂക്ഷമായ ദുര്‍ഖന്ധം വമിക്കുന്നുണ്ടെന്നും ആരോപിച്ച് നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. പരിശോധന സമയത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെയും ഹോട്ടലുകാര്‍ ഇവിടെ നിന്ന് ഇറച്ചി കൊണ്ടുപോയിരുന്നതായി ജീവനക്കാര്‍ പറഞ്ഞിരുന്നു.
ഇതിനിടെ പറവൂരിലെ ഹോട്ടലില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച 60ഓളം പേര്‍ക്കാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തിന് പിന്നാലെ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത മജ്ലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി.
ഇന്ന് ആകെ 189 സ്ഥാപനങ്ങളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. വൃത്തിഹീനമായി പ്രവര്‍ത്തിച്ചതും ലൈസന്‍സ് ഇല്ലാതിരുന്നതുമായ 2 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 37 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.












Click it and Unblock the Notifications