'ഡോക്ടര്‍ സമ്മതം മൂളിയതോടെ ഞാന്‍ പാലുകൊടുത്തു; സ്വന്തം കുഞ്ഞിനെ മാറോടണച്ചത് പോലെ തോന്നി'
ചേവായൂര്‍: കേരള പൊലീസിലെ ഒരു ജീവനക്കാരിയുടെ മനുഷ്യത്വത്തിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അച്ഛനും മുത്തശിയും ചേര്‍ന്ന് കടത്തിക്കൊണ്ടു പോയ 12 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെ വനിത ഉദ്യോഗസ്ഥ രമ്യയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. വെറും 12 ദിവസം ദിവസം പ്രായമുള്ള കുഞ്ഞിന് മുലപ്പാല്‍ നല്‍കി രമ്യ വീണ്ടും മാതൃത്വത്തെ മഹത്തരമാക്കുകയായിരുന്നു. ഈ സംഭവത്തെ കുറിച്ച് കേരള പൊലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ.

കഴിഞ്ഞ ഞായറാഴ്ചയാണ് 12 ദിവസം മാത്രം പ്രായമുളള തന്റെ കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി 22 വയസ്സുളള യുവതി ചേവായൂര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. വിവരങ്ങള്‍ തിരക്കിയതില്‍ നിന്ന് കുടുംബ വഴക്കിനെ തുടര്‍ന്ന് കുട്ടിയെ അച്ഛന്‍ അമ്മയുടെ അടുക്കല്‍ നിന്ന് മാറ്റിയതാണെന്ന് പോലീസ് മനസിലാക്കി. പ്രസവത്തെതുടര്‍ന്നുളള അവശതകളാല്‍ ക്ഷീണിതയായിരുന്നു യുവതി.

കുഞ്ഞിനെ തെരഞ്ഞ് പോലീസ് സംഘം വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു. പിതാവും അദ്ദേഹത്തിന്റെ അമ്മയും കുഞ്ഞുമായി വീട്ടില്‍ നിന്ന് പോയതായി പോലീസ് മനസിലാക്കി. പിതാവിന്റെ ജോലിസ്ഥലം ബാംഗ്ലൂരില്‍ ആയതിനാല്‍ അവിടേക്ക് പോയിരിക്കാം എന്ന നിഗമനത്തില്‍ വയനാട് അതിര്‍ത്തിയിലെ പോലീസ് സ്റ്റേഷനുകളില്‍ വിവരമറിയിച്ച് ചേവായൂര്‍ പോലീസ് അതിവേഗം അന്വേഷണം വ്യാപിപ്പിച്ചു.

മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്ത ശേഷം സുഹൃത്തിന്റെ കാറിലായിരുന്നു യുവാവും മാതാവും കുഞ്ഞുമായി യാത്ര ചെയ്തിരുന്നത്. അതിനാല്‍ ലൊക്കേഷന്‍ മനസിലാക്കി അന്വേഷണം നടത്താനുളള ശ്രമം വിഫലമായി. സുല്‍ത്താന്‍ ബത്തേരി പോലീസ് സംസ്ഥാന അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടഞ്ഞ് നടത്തിയ പരിശോധനയില്‍ ബാംഗ്ലൂരിലേക്കുളള യാത്രയിലായിരുന്ന കുഞ്ഞിനെയും പിതാവിനെയും വൈകുന്നേരത്തോടെ കണ്ടെത്തി.

മുലപ്പാല്‍ ലഭിക്കാതെ ക്ഷീണിച്ചിരുന്ന നവജാതശിശുവിനെ പോലീസ് ഏറ്റെടുത്ത് അതിവേഗം ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ കുഞ്ഞിന്റെ ഷുഗര്‍ ലെവല്‍ കുറവാണെന്ന് മനസിലാക്കി. കുഞ്ഞിനെ തിരികെ എത്തിക്കാനായി വയനാടെത്തിയ ചേവായൂര്‍ പോലീസ് സംഘത്തിലെ വനിതാ പോലീസ് ഉദ്യോഗസ്ഥ രമ്യ. എം താന്‍ മുലയൂട്ടുന്ന അമ്മയാണെന്ന് ഡോക്ടറെ അറിയിച്ചു.

കുഞ്ഞിനെ ഏറ്റുവാങ്ങി മുലയൂട്ടി ക്ഷീണമകറ്റി. പിന്നെ അതിവേഗം കുഞ്ഞുമായി അമ്മയുടെ അടുത്തേയ്ക്ക് യാത്ര തിരിച്ചു. കുഞ്ഞിനെ അമ്മയുടെ കൈകളില്‍ ഭദ്രമായി തിരികെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞതിന്റ ആശ്വാസത്തിലാണ് ചേവായൂര്‍ പോലീസ്. നാല് വര്‍ഷം മുമ്പ് പോലീസ് സേനയില്‍ ചേര്‍ന്ന രമ്യ കോഴിക്കോട് ചിങ്ങപുരം സ്വദേശിയാണ്.

വനിതാ ബറ്റാലിയനിലെ രണ്ടാം ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കി ആംഡ് പോലീസ് ബറ്റാലിയന്റെ നാലാം ദളത്തില്‍ സേവനമനുഷ്ടിച്ചിരുന്ന രമ്യ മാതൃത്വ അവധിയ്ക്ക് ശേഷമാണ് ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ ജോലിക്കെത്തിയത്. നാലും ഒന്നും വയസ്സുളള രണ്ട് കുട്ടികളുടെ മാതാവാണ് രമ്യ.

ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ കുഞ്ഞ് ആകെ തളര്‍ന്ന അവസ്ഥയിലായിരുന്നെന്ന് രമ്യ പറഞ്ഞു. ഞാന്‍ എടുത്ത് മാറോടണച്ചപ്പോഴേക്കും കരച്ചില്‍ മാറ്റി. എന്റെ കുഞ്ഞുങ്ങളെയാണ് ഓര്‍മ്മ വന്നത്. ഡോക്ടര്‍ സമ്മതം മൂളിയതോടെ ഞാന്‍ പാല് കൊടുക്കുകയായിരുന്നു. പിന്നീട് കുഞ്ഞ് ഉഷാറായെന്നും രമ്യ പറയുന്നു.












Click it and Unblock the Notifications