വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: സ്കൂള്‍ തല്ലിത്തകര്‍ത്തു!! അധ്യാപകര്‍ തോല്‍പ്പിക്കല്‍ ഭീഷണി മുഴക്കിയോ?
ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജിന്റോ ഈപ്പനെ പരീക്ഷയില്‍ പരാജയപ്പെടുത്തുമെന്ന് അധ്യാപകര്‍ ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്
കോട്ടയം: പാമ്പാടി ക്രോസ് റോഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം കത്തുന്നു. വിജയശതമാനം ഉയര്‍ത്തുന്നതിന് വേണ്ടി കുട്ടിയെ തോല്‍പ്പിക്കുമെന്ന ഭീഷണിയെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതെന്നാണ് സൂചന. ആരോപണത്തെ തുടര്‍ന്ന് എസ്എഫ്‌ഐ കോളേജിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ഇതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌കൂള്‍ അടിച്ച് തകര്‍ത്തു. സംഭവത്തില്‍ സ്‌കൂളിന്റെ നടപടി സംശയത്തിന്റെ നിഴലിലാണ്.
സംസ്ഥാനത്തെ പല സ്‌കൂളുകളില്‍ വിജയശതമാനം ഉയര്‍ത്താന്‍ കുട്ടികളെ തോല്‍പ്പിക്കുന്ന സംഭവങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇവിടെ കുട്ടി ആത്മഹത്യ ചെയ്തത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയുണ്ടാവാന്‍ സാധ്യതയുണ്ട്. എസ്എഫ്‌ഐ ഇതിനായി സമ്മര്‍ദം ചെലുത്താന്‍ ഇടയുണ്ട്. എന്നാല്‍ കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യാതൊരു ബന്ധവുമില്ലെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് പറയുന്നത്.

അധ്യാപകര്‍ ഭീഷണിപ്പെടുത്തി
ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജിന്റോ ഈപ്പനെ പരീക്ഷയില്‍ പരാജയപ്പെടുത്തുമെന്ന് അധ്യാപകര്‍ ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. ഇതാണ് ജിന്റോയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. എന്നാല്‍ വിദ്യാര്‍ത്ഥിയെ മന:പ്പൂര്‍വം തോല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് പറയുന്നത്. ഈ സംഭവങ്ങള്‍ക്കിടെയാണ് എസ്എഫ്‌ഐ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയത്. ഇത് അക്രമാസക്തമാവുകയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌കൂള്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. ഇവരെ പിരിച്ചുവിടാന്‍ പോലീസിന് കണ്ണീര്‍വാതകം പ്രയോഗിക്കേണ്ടി വന്നു. അതേസമയം വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ വരും ദിവസങ്ങളില്‍ സ്‌കൂള്‍ അധികൃതകര്‍ക്ക് തലവേദനയാകുമെന്ന് ഉറപ്പായിട്ടുണ്ട്.

പോലീസ് സന്നാഹം
വിദ്യാര്‍ത്ഥിയുടെ മരണം വിവാദമായ പശ്ചാത്തലത്തില്‍ നേരത്തെ തന്നെ സ്‌കൂള്‍ പരിസരത്ത് വന്‍ പോലീസ് സന്നാഹമുണ്ടായിരുന്നു. എസ്എഫ്‌ഐ മാര്‍ച്ച് ഇവിടെയെത്തിയ ഉടനെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ക്ലാസ് മുറികളിലെ ബെഞ്ചു മേശയും തകര്‍ക്കുകയും ചെയ്തു. സംഭവം നിയന്ത്രിക്കാനാവാതെ വന്നതോടെ പോലീസ് ലാത്തിച്ചാര്‍ച്ച് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തത്. ഇതിന് ശേഷം സമരക്കാരെ സ്‌കൂള്‍ പരിസരത്ത് നിന്ന് പുറത്താക്കുകയും ഇവിടെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു. വരും ദിവസങ്ങളിലും ഇവിടെ സംഘര്‍ഷഭൂമിയാവുമെന്നാണ് സൂചന. എന്നാല്‍ സ്‌കൂളധികൃതര്‍ സംഭവത്തില്‍ വിശദീകരണം നല്‍കേണ്ടി വരും. പോലീസ് വിഷയത്തില്‍ കേസെടുക്കാനും സാധ്യതയുണ്ട്.

10ാം ക്ലാസിലെ വിജയശതമാനം
പത്താം ക്ലാസില്‍ ഉയര്‍ന്ന വിജയശതമാനം നേടുന്ന സ്‌കൂളാണ് പാമ്പാടി ക്രോസ് റോഡ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. ജിന്റോ പഠനനിലവാരത്തില്‍ പിറകിലാണെന്ന് അധ്യാപകര്‍ പറയാറുണ്ടായിരുന്നു. പത്താംക്ലാസിലേക്ക് ജയിപ്പിച്ച് വിടില്ലെന്നും അധ്യാപകര്‍ ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. 10ാം ക്ലാസിലേക്ക് ജിന്റോ പാസായാല്‍ സ്‌കൂളിന്റെ വിജയശതമാനത്തില്‍ ഇടിവ് വരുമെന്നും സ്‌കൂള്‍ അധികൃതര്‍ കരുതിയെന്ന് ആരോപണമുയരുന്നുണ്ട്. ഇതിനായി ഒന്‍പതാം ക്ലാസിലെ ആറ് വിദ്യാര്‍ത്ഥികളെ മന:പ്പൂര്‍വം തോല്‍പ്പിക്കാന്‍ ശ്രമിച്ചതായി ആക്ഷേപമുണ്ട്. ജിന്റോയെ കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍ സ്‌റ്റെയര്‍കേസില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് ജിന്റോയുടെ മാതാപിതാക്കള്‍ സ്‌കൂളിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. അധ്യാപകര്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നാണ് ഇവരും പറയുന്നത്. എന്നാല്‍ മാര്‍ക്ക് കുറവുള്ള കാര്യം രക്ഷിതാക്കളെ അറിയിച്ചിരുന്നുവെന്ന് രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications