'ഇതാണ് ഭാവി പരിപാടികൾ' ; 10 കോടി നേടിയ നാസർ പറയുന്നു..പാവങ്ങളെ സഹായിക്കുമോ? മറുപടി ഇങ്ങനെ
ആലക്കോട്: 'ലോട്ടറി അടിച്ചത് മറച്ച് വെക്കേണ്ട കാര്യമില്ലല്ലോ, ആരും പറയാത്തത് സഹായം ചോദിച്ച് ബുദ്ധിമുട്ടുക്കുവോന്ന് പേടിച്ചിട്ടാവും, ഇത് പാവപ്പെട്ടവർക്കും കൂടി അർഹതപ്പെട്ട പണമാണല്ലോ', പറയുന്നത് കേരള സർക്കാരിന്റെ 10 കോടി രൂപയുടെ സമ്മർ ബമ്പർ ലോട്ടറി അടിച്ച പരപ്പ നെടുവോട് പാറപ്പുറത്ത് വീട്ടിൽ നാസർ ആണ്. മുൻ ബംബർ സമ്മാന നേതാക്കളെ പോലെ ഇത്തവണത്തെ ഒന്നാം സമ്മാനക്കാരനും പുറത്ത് വരില്ലെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാൽ ഫലം വന്ന് മിനിറ്റുകൾക്കകം തന്നെ സന്തോഷം മറച്ച് വെയ്ക്കാതെ നാസർ അത് പുറത്ത് പറഞ്ഞു. രാജരാജേശ്വരി ലോട്ടറി ഏജൻസിയുടെ കാർത്തികപുരത്തെ സബ് ഏജൻസി നടത്തുന്ന രാജുവിന്റെ പക്കൽനിന്നെടുത്ത എസ് സി 308797 എന്ന നമ്പറിലൂടെയാണ് നാസറിന് ഒന്നാം സമ്മാനം ലഭിച്ചത്.
ഓട്ടോഡ്രവറാണ് നാസർ. കാർത്തികപുരം ടൗണിൽ ടിപ്പറും ഓടിക്കാറുണ്ട്. സ്വന്തമായി ഒരു ഓട്ടോ ലോണെടുത്ത് വാങ്ങിക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് ബംബർ സമ്മാനം നാസറിനെ തേടിയെത്തിയത്. ജീവിതത്തതിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ആ കഷ്ടപ്പാടൊക്കെ ദൈവം കണ്ടിട്ടുണ്ടാകും, നാസർ പറയുന്നു. താൻ ഈയിടെ മാത്രമാണ് ലോട്ടറി എടുത്ത് തുടങ്ങിയതെന്നും നാസർ പറഞ്ഞു.

ചൊവ്വാഴ്ച സന്ധ്യയ്ക്കാണ് രാജുവിന്റെ കടയിൽ ടിക്കറ്റെടുക്കാൻ നാസർ പോയത്. സമ്മാനാർഹമായ ടിക്കറ്റ് കണ്ടു, പക്ഷേ വാങ്ങിയില്ല. ആരും എടുത്തില്ലെങ്കിൽ താൻ അത് എടുത്തോളാം എന്ന് പറഞ്ഞ് മടങ്ങി. വീണ്ടും തിരിച്ചെത്തി നോക്കിയപ്പോൾ അതേ ടിക്കറ്റ് അവിടെ കിടക്കുന്നു. ഇത് തനിക്ക് തന്നെയെന്നും കോടികൾ അടിക്കുമെന്നും പറഞ്ഞ് 250 രൂപ നൽകി ആ ടിക്കറ്റും വാങ്ങി മടങ്ങി. നമ്പർ മനപ്പാഠമാക്കി വെച്ചിരുന്നു. അതുകൊണ്ട് തന്നെ ഫലം വന്നപ്പോൾ സമ്മാനം ലഭിച്ചെന്ന് തിരിച്ചറിഞ്ഞു. എങ്കിലും ഒരിക്കൽ കൂടി ഉറപ്പിക്കണമല്ലോ, രാജുവിന്റെ കടയിലേക്ക് പോയി. രാജുവിന്റെ മകൻ ഷൈജുവിനെ ടിക്കറ്റ് കാണിച്ചു. ഒന്നുകൂടി നമ്പർ നോക്കി ഉറപ്പിച്ചു. അപ്പോഴേക്കും ലോട്ടറിയടിച്ച വിവരം നാടാകെ പരന്നിരുന്നു. നിരവധി പേർ വിളിച്ചു. എല്ലാവരോടും സ്നേഹം പങ്കിട്ടു.
സ്വന്തം വീടോ സ്ഥലമോ നാസറിന് ഇല്ല. ഉമ്മ മറിയത്തിനും ഇളയമ്മയ്ക്കും മറ്റ് ബന്ധുക്കൾക്കുമൊപ്പമാണ് നാസർ കഴിയുന്നത്. സ്വന്തമായി വീടെടുക്കണം,ഇളയമ്മയ്ക്ക് മികച്ച ചികിത്സ നൽകണം', തന്റെ ഭാവി പദ്ധതികൾ നാസർ വിശദീകരിച്ചു. 'ഇന്നുവരെ നിസ്‌കാരം മുടക്കിയിട്ടില്ല. അതൊക്കെ ദൈവം കണക്കിലെടുത്തിട്ടുണ്ടാകണം. എന്നെപ്പോലെ കഷ്ടപ്പെടുന്ന വേറെ ആൾക്കാരുണ്ടല്ലോ. അവരെയും സഹായിക്കണം', നാസർ പറഞ്ഞു.
അടുത്തിടെയാണ് നാസറിന്റെ പിതാവ് ഒരു അപകടത്തിൽ മരിച്ചത്. രണ്ട് മക്കളുണ്ട്. മകൻ നിസാർ കോഴിക്കോട്ട് മതപഠനം നടത്തുന്നു. മകൾ നസിൽ ചപ്പാരപ്പടവ് സ്‌കൂൾ വിദ്യാർഥിയാണ്. സമ്മാനാർഹമായ ടിക്കറ്റ് ഫെഡറൽ ബാങ്ക് ആലക്കോട് ശാഖയിലെത്തി മാനേജർക്ക് കൈമാറി.












Click it and Unblock the Notifications