രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്: കെ ചന്ദ്രശേഖര റാവുവിനെ നേരിടാന്‍ രേവന്ത് റെഡ്ഡി ഇറങ്ങും
ഹൈദരാബാദ്: തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ ശക്തമായ നീക്കവുമായി കോണ്‍ഗ്രസ്. തെലങ്കാന പി സി സി അധ്യക്ഷന്‍ രേവന്ത് റെഡ്ഡി കൊടങ്കലിന് പുറമെ കാമറെഡ്ഡിയിൽ കൂടി മത്സരിക്കും. ബി ആർ എസ് നേതാവും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖരറാവു ജനവിധി തേടുന്ന മണ്ഡലമാണ് കാമറെഡ്ഡി. അടുത്തിടെ ബി ജെ പി വിട്ട് കോൺഗ്രസിൽ ചേർന്ന ജി വിവേകാനന്ദിനെ ചെന്നൂർ (എസ്‌സി) അസംബ്ലി മണ്ഡലത്തിൽ നിന്നും കോണ്‍ഗ്രസ് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.
മുതിർന്ന നേതാവ് മുഹമ്മദ് അലി ഷബീറിനെ നിസാമാബാദ് അർബൻ അസംബ്ലി മണ്ഡലത്തിലേക്ക് മാറ്റിയാണ് മുഖ്യമന്ത്രിയെ നേരിടാന്‍ പി സി സി അധ്യക്ഷന്‍ തന്നേയെത്തുന്നത്. കെ സി ആറിന് കടുത്ത വെല്ലുവിളി ഉയർത്താന്‍ രേവന്തിന് സാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കം. ബോത്തില്‍ വണ്ണേല അശോകിനെ മാറ്റി അദേ ഗജേന്ദറിനെ സ്ഥാനാഡത്ഥിയാക്കിയതാണ് കോണ്‍ഗ്രസിന്റെ മൂന്നാം പട്ടികയിലെ മറ്റൊരു പ്രധാന മാറ്റം. വൻപർത്തിയിൽ ഡോ ജി ചിന്ന റെഡ്ഡിക്ക് പകരം ടി മേഘ റെഡ്ഡിയെയും പാർട്ടി നിയോഗിച്ചു.

ടി ലക്ഷ്മി കാന്ത റാവു (ജുക്കൽ എസ്‌സി), ഇ രവീന്ദർ റെഡ്ഡി (ബൻസ്‌വാഡ), പി ശ്രീനിവാസ് (കരിംനഗർ), കെ മഹേന്ദർ റെഡ്ഡി (സിർസില്ല), സുരേഷ് കുമാർ ഷെട്‌കാർ (നായരൻഖേഡ്), നിലം മധു മുദിരാജ് (പട്ടൻചെരു). ), ഡോ.ജതോത്ത് രാമചന്ദ്ര നദി (ഡോർണക്കൽ എസ്‌ടി), കെ കനകയ്യ (യെല്ലണ്ടു എസ്‌ടി), രാംദാസ് മാലോത്ത് (സൈറ എസ്‌ടി), ഡോ എം രാഗമയി (സാത്തുപള്ളി എസ്‌സി), ജെ അധിനാരായണ (അശ്വരാപേട്ട് എസ്‌ടി) എന്നിവരാണ് മൂന്നാം പട്ടികയിലെ മറ്റ് സ്ഥാനാർത്ഥികള്‍.
2014 മുതല്‍ ടി ആർ എസിലെ (ഇന്നത്തെ ബി ആർ എസ്)ഗമ്പ ഗോവർദ്ധൻ വിജയിച്ച് വരുന്ന മണ്ഡലമാണ് കാമറെഡ്ഡി. എന്നാല്‍ ഇത്തവണ കെ സി ആർ തന്നെ ഈ മണ്ഡലത്തിലേക്ക് മത്സരിക്കാന്‍ എത്തുകയായിരുന്നു. മുന്‍ കോണ്‍ഗ്രസ് എം എല്‍ എയായ മുഹമ്മദ് അലി ഷബീറിനെതിരെ 5,007 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ തവണ ടി ആർ എസ് ഇവിടെ വിജയിച്ചത്.
അതേസമയം, 119 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഇതുവരെ 88 സീറ്റുകളുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ബിജെപി 12 സ്ഥാനാർത്ഥികളുടെ പേരുകളുള്ള നാലാമത്തെ പട്ടിക കൂടി ചൊവ്വാഴ്ച പുറത്തിറക്കി. ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പട്ടിക പുറത്തുവിട്ടത്. 16 എസ്സി, ഒമ്പത് എസ്ടി മണ്ഡലങ്ങളിലേക്കാണ് ബിജെപി ടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇനി 19 സീറ്റുകളിൽ കൂടി പാർട്ടിക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുണ്ട്, എന്നാൽ ജനസേനയുമായുള്ള സഖ്യം തീരുമാനിച്ചതിനാല്‍ പ്രഖ്യാപിച്ച ബി ജെ പി സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ മാറ്റം ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ജനസേനയ്ക്ക് ആറ് മുതൽ എട്ട് വരെ സീറ്റുകൾ നൽകുമെന്ന് ബിജെപി അധ്യക്ഷൻ ജി.കിഷൻ റെഡ്ഡി അടുത്തിടെ സൂചിപ്പിച്ചിരുന്നു. സ്വന്തം അണികളിൽ നിന്നുള്ള എതിർപ്പ് മാറ്റിവെച്ചാണ് ജനസേനയുമായുള്ള ബി ജെ പിയുടെ സഖ്യ നീക്കം.












Click it and Unblock the Notifications