കാസര്‍കോട് സാഗർ ഹോട്ടലില്‍ നിന്ന് 80,000 രൂപ കവര്‍ന്നു; മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍
കാസര്‍കോട് : നഗരത്തിലെ ഹോട്ടലില്‍ നിന്ന് 80,000 രൂപ മോഷ്ടിച്ചു. സി.സി.ടി.വി. ക്യാമറയില്‍ കുടുങ്ങിയ മോഷ്ടാവിനെ പിടികൂടാന്‍ പൊലീസ് വലവീശി. കാസര്‍കോട് പഴയ ബസ്സ്റ്റാന്റിന് സമീപം മൗലവി ബുക്ക് ഡിപ്പോക്ക് അടുത്തുള്ള സാഗര്‍ ഹോട്ടലിലാണ് ഇന്നലെ രാത്രി കവര്‍ച്ച നടന്നത്. ക്യാഷ് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാത്രി 11.30 മണിയോടെയാണ് സംഭവം. ഉടമ തളങ്കര സ്വദേശി ഹമീദ് പത്തരയോടെയാണ് ഹോട്ടല്‍ അടച്ച് വീട്ടിലേക്ക് മടങ്ങിയത്.

തൊട്ടുപിന്നാലെയായിരുന്നു മോഷണമെന്ന് സി.സി. ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലെ സമയം വ്യക്തമാക്കുന്നു. ഹോട്ടലിന്റെ സൈഡ് ഗ്ലാസിന്റെ ലോക്ക് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. ക്യാഷ് കൗണ്ടറിന് അടുത്തേക്ക് നടന്നു വരുന്നതും കൗണ്ടറില്‍ നിന്ന് പണം മോഷ്ടിക്കുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. 40 വയസ്സിന് മുകളില്‍ പ്രായം തോന്നിക്കുന്ന ഇയാള്‍ നേരത്തെ മറ്റൊരു മോഷണക്കേസില്‍ പ്രതിയാണെന്ന് പൊലീസ് സംശയിക്കുന്നു. ഹെല്‍മെറ്റ് ധരിച്ചാണ് മോഷ്ടാവ് എത്തിയതെങ്കിലും ഹോട്ടലിന് അകത്ത് കയറുമ്പോള്‍ അഴിച്ചുവെച്ചിരുന്നു. അത് കൊണ്ട് സി.സി. ടി.വി. ക്യാമറയില്‍ മുഖം വ്യക്തമായി കാണാം. ഹോട്ടല്‍ ഉടമ ഹമീദിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് സംഭവ സ്ഥലം പരിശോധിച്ചു. വിരലടയാള വിദഗ്ധരും എത്തി.












Click it and Unblock the Notifications