'സ്പീക്കര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കരുതെന്ന് ചട്ടമില്ല' : എം ബി രാജേഷ്
കണ്ണൂര്‍: നിയമസഭ സ്പീക്കര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റെന്ന് എം.ബി രാജേഷ്. രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായി തന്നെയാണ് സ്പീക്കറായി തുടരുന്നതെന്നും പാര്‍ട്ടി സമ്മേളനത്തില്‍ സ്പീക്കര്‍ പങ്കെടുക്കരുതെന്ന് പറയുന്ന ചട്ടം ഇല്ലെന്നും എം ബി രാജേഷ് പറഞ്ഞു. മുന്‍ ലോക്‌സഭ സ്പീക്കര്‍മാര്‍ അടക്കം ഇത്തരത്തില്‍ അതാത് പാര്‍ട്ടികളുടെ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മതനിരപേക്ഷ ജനാധിപത്യ കക്ഷികളുടെ കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ബിജെപിയെ പരാജയപ്പെടുത്തല്‍ സാധിക്കുകയുള്ളുവെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഎം ദേശിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസില്‍ ബിജെപിയെ ഒറ്റപ്പെടുത്തുന്നതിനുള്ള നീക്കങ്ങളും ചര്‍ച്ചകളും നടക്കും.

സിപിഎം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനം കണ്ണൂരില്‍ നടക്കുകയാണ്. കണ്ണൂരില്‍ എകെജി നഗറില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പതാക ഉയര്‍ത്തിയത്. ഇകെ നായനാരുടെ പേരിലുള്ള അക്കാദമി അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്. ബുധനാഴ്ച രാവിലെയാണ് സിപിഎം ദേശിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ക്ക് പാര്‍ട്ടി മുന്‍ഗണന നല്‍കണമെന്ന് സിപിഎമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയം. ബിജെപിയുടെ വളര്‍ച്ച തടയുന്നതിനാണിത്. പാര്‍ട്ടിക്കു യോജിക്കാന്‍ കഴിയുന്ന സംഘടനകളുടെ പൊതുവേദിയുടെ രൂപീകരണം സംബന്ധിച്ച് മുമ്പ് ചര്‍ച്ച നടന്നെങ്കിലും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ലെന്ന് രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി വളര്‍ന്നു. ആര്‍എസ്എസിന്റെ സ്വാധീനത്തില്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കുമെത്താന്‍ ബിജെപിക്ക് കഴിയുന്നുണ്ട്. സിബിഐ, ഇഡി ഉള്‍പ്പടെയുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകളെ ഭീഷണിപ്പെടുത്തുകയാണെന്നും കുറ്റപ്പെടുത്തുന്നു. സിപിഎം രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ത്രിപുരയിലെയും ബംഗാളിലെയും തകര്‍ച്ചയില്‍നിന്ന് മടങ്ങിവരാനാകില്ല. ജനങ്ങളുടെ പ്രശ്നങ്ങളില്‍ പ്രാദേശിക സമരങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ ഊന്നല്‍ നല്‍കണമെന്നും പ്രമേയത്തില്‍ പറയുന്നു.

പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പാര്‍ട്ടിയുടെ ദേശിയ സംസ്ഥാന നേതാക്കള്‍ പങ്കെടുത്തു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗം പാര്‍ട്ടി കോണ്‍ഗ്രസ് നിയന്ത്രിക്കാനുള്ള വിവിധ സബ്കമ്മിറ്റികളെ തിരഞ്ഞെടുത്തിരുന്നു. പോളിറ്റ് ബ്യൂറോ അംഗവും ത്രിപുര മുന്‍ മുഖ്യമന്ത്രിയുമായി മണിക് സര്‍ക്കാരാണ് പ്രിസീഡിയം കമ്മിറ്റി ചെയര്‍മാന്‍. അദ്ദേഹം അധ്യക്ഷനായ ഏഴംഗ പ്രസീഡിയമായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസ് നിയന്ത്രിക്കുന്നത്. ഇന്നലെ രാവിലെ പത്തിനാണ് പ്രതിനിധി സമ്മേളനം ആരംഭിച്ചത്. ഇ.കെ നായനാര്‍ അക്കാദമിയാണ് സമ്മേളനത്തിന്റെ വേദി. മുതിര്‍ന്ന പി.ബി അംഗം എസ്. രാമചന്ദ്രപിള്ളയാണ് പ്രതിനിധി സമ്മേളനത്തിന് പതാക ഉയര്‍ത്തിയത്.

അതേ സമയം എഐസിസിയുടെയും കെപിസിസിയുടെയും വിലക്ക് ലംഘിച്ച് കെ വി തോമസ് സിപിഎം സെമിനാറില്‍ പങ്കെടുക്കുമോ എന്ന് ഇന്നറിയാം. തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാനായി കെ വി തോമസ് രാവിലെ 11ന് മാധ്യമങ്ങളെ കാണും. കെ വി തോമസിന്റെ തീരുമാനം കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ നിലനില്‍പ്പിനും പ്രധാനപ്പെട്ടതാണ്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന പാര്‍ട്ടി സെമിനാറില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശമാണ് നേതൃത്വം മുന്നോട്ട് വച്ചിട്ടുള്ളത്.
സെമിനാറിന് പോകുമെന്ന് പ്രഖ്യാപിച്ചാല്‍ കെ വി തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. കണ്ണൂര്‍ ഡിസിസി അധ്യക്ഷനാണ് മാര്‍ട്ടിന്‍ ജോര്‍ജ്. എഐസിസിയുടെ വിലക്കിനെ മറികടന്ന് പ്രവര്‍ത്തിക്കുന്ന നേതാക്കളെ വച്ചുപൊറുപ്പിക്കരുതെന്നും പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കുന്നതാണ് കെ വി തോമസ് ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications