പഞ്ചാബില്‍ കോൺഗ്രസിന് വീണ്ടും തിരിച്ചടി: അമൃത്സറും നഷ്ടമാവും, അംഗങ്ങള്‍ കൂട്ടത്തോടെ കൂടുമാറി
ലുധിയാന: സംസ്ഥാന ഭരണം വന്‍ ഭൂരിപക്ഷത്തില്‍ നഷ്ടമായതിന് പിന്നാലെ പഞ്ചാബില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. അധികാരം പിടിച്ചെടുത്ത ആം ആദ്മി പാർട്ടിയില്‍ നിന്ന് തന്നെയാണ് കോണ്‍ഗ്രസിന് അടുത്ത അടിയും കിട്ടിയിരിക്കുന്നതെന്നാണ് ശ്രദ്ധേയം. അമൃത്സർ മുന്‍സിപ്പല്‍ കോർപ്പറേഷനിനിലെ 13 കൌണ്‍സിലർമാരാണ് കഴിഞ്ഞ ദിവസം എ എ പിയില്‍ ചേർന്നത്. ഇവരില്‍ പത്തോളം പേർ കോണ്‍ഗ്രസില്‍ നിന്നാണ്.
പാർട്ടിയിലേക്ക് പുതുതായി വന്നവർക്ക് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെയും പഞ്ചാബ് എ എ പിയുടെ ചുമതലയുള്ള ജർണയിൽ സിങ്ങിന്റെയും സാന്നിധ്യത്തിൽ ആം ആദ്മി സ്വീകരണം നല്‍കുകയും ചെയ്തു.

അഞ്ച് കൗൺസിലർമാർ കൂടി പാർട്ടിയില്‍ ചേരാൻ തയ്യാറാണെന്നും എന്നാൽ പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിന്റെ അംഗീകാരത്തിന് ശേഷം മാത്രമേ തീരുമാനമെടുക്കുമെന്നും മേയർ കരംജിത് സിംഗ് റിന്റു പറഞ്ഞു. ജതീന്ദർ സോണിയ, പർമോദ് ബബ്ല, നിതു താംഗ്രി, സുഖ്ബീർ സിംഗ്, രാജേഷ് മദൻ, പർദീപ് ശർമ എന്നിവരുൾപ്പെടെയുള്ള കൗൺസിലർമാർ കൗൺസിലർ മോണിക്ക ശർമയുടെ വസതിയിൽ വെച്ചാണ് എ എ പിയിൽ ചേർത്.
'ഇനി പുറം കാഴ്ചകളിലേക്ക്': വൈറാലായി ഭാവനയുടെ പുതിയ റീല്‍ ദൃശ്യങ്ങള്‍

ജഗദീഷ് കാലിയ, വിരാട് ദേവ്ഗൺ എന്നിവരുൾപ്പെടെ നിലവിലുള്ള കൗൺസിലർമാരുടെ ചില ഭർത്താക്കന്മാരും മക്കളും പാർട്ടിയിൽ ചേർന്നിട്ടുണ്ട്. മേയർ സ്ഥാനത്ത് നിന്ന് കരംജിത് സിംഗ് റിന്റുവിനെ മറികടന്ന് സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം തെളിയിക്കാൻ കോൺഗ്രസ് കൗൺസിലർമാർക്ക് ബുദ്ധിമുട്ടായതിനാൽ കരംജിത് റിന്റു തന്നെ മേയർ കസേരയിൽ തുടരുമെന്നും ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നു.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ്, റിന്റു കോൺഗ്രസ് വിട്ട് എ എ പിയിൽ ചേർന്നതിനാൽ അദ്ദേഹത്തെ മേയർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് 53 കോൺഗ്രസ് കൗൺസിലർമാർ ആവശ്യപ്പെട്ടിരുന്നു. മോണിക്ക ശർമ്മ, ഗുർജീത് കൗർ, മൻദീപ് അഹൂജ എന്നിവരും നേരത്തെ തന്നെ കോണ്‍ഗ്രസ് വിട്ട് ആപ്പിന്റെ തട്ടകത്തിലെത്തിയിരുന്നു. ഇതോടെ ആകെ അംഗങ്ങളുടെ എണ്ണം 16 ആയി. അഞ്ച് പേർക്ക് കൂടി എഎപിയിൽ ചേരാൻ താൽപ്പര്യമുണ്ടെന്നും അഞ്ച് എം എൽ എമാരുടെ ഉള്‍പ്പടെ പിന്തുണയോടെ അംഗബലം 25 കടക്കുമെന്നുമാണ് എ എ പി നേതാക്കള്‍ വ്യക്തമാക്കുന്നത്.

തെരഞ്ഞെടുപ്പു ഫലത്തിനുമുമ്പ് മേയർ സ്ഥാനമോഹികളായി കോൺഗ്രസിൽ മൂന്നു ഗ്രൂപ്പുകളാണുണ്ടായിരുന്നത്. നവജ്യോത് സിംഗ് സിദ്ദുവിന്റെ വിശ്വസ്തരായ കൗൺസിലർമാർ സിദ്ദുവിന്റെ രാഷ്ട്രീയത്തിലെ തുടർ നീക്കത്തെ ആശ്രയിച്ചാണ് പാർട്ടിയില്‍ തുടരുന്നത്. പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി സ്ഥാനത്തുനിന്നും കോൺഗ്രസ് ഹൈക്കമാൻഡ് സിദ്ദുവിനെ നീക്കിയാൽ സിദ്ധു ഗ്രൂപ്പിലെ കൗൺസിലർമാരുടെ പിന്തുണ പാർട്ടിക്ക് നഷ്ടമാകും.

അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിക്കുന്ന ഒരു ലോക ഐക്കണായി വിശുദ്ധ നഗരത്തെ വികസിപ്പിക്കാൻ അരവിന്ദ് കെജ്‌രിവാളിന് താൽപ്പര്യമുണ്ടെന്നാണ് എ എ പിയില്‍ ചേർന്നതിന് പിന്നാലെ കരംജിത് സിംഗ് റിന്റു അഭിപ്രായപ്പെട്ടത്. സന്ദർശന വേളയിൽ നഗരത്തിലെ നിരവധി പ്രശ്‌നങ്ങൾ കെജ്‌രിവാൾ ചർച്ച ചെയ്യുകയും അവ പരിഹരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തവെന്നും അവർ കൂട്ടിച്ചേർക്കുന്നു.

അതിനിടെ, മറ്റ് പാർട്ടികളിൽ നിന്നുള്ള കൗൺസിലർമാരെ എ എ പിയിൽ ചേരാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രാദേശിക പരിസ്ഥിതി പ്രവർത്തകൻ പ്രകാശ് സിംഗ് ഭാട്ടി കെജ്രിവാളിന് കത്തയച്ചിരുന്നു. "പഴയ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള അഴിമതിക്കാരെ ആം ആദ്മി പാർട്ടിയെ അമിതമായി കയറ്റരുത്. അടുത്ത തിരഞ്ഞെടുപ്പിൽ തങ്ങളുടെ കൗൺസിലർ സീറ്റ് ഉറപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. കഠിനാധ്വാനം ചെയ്ത നിങ്ങളുടെ സ്വന്തം തൊഴിലാളികൾ നഷ്ടപ്പെടുകയും നിരാശരാകുകയും ചെയ്യും. നിങ്ങളുടെ സ്വന്തം പാർട്ടി പ്രവർത്തകരോട് ചെയ്യുന്ന അനീതിയാണിത്," എന്നായിരുന്നു അദ്ദേഹം കത്തില്‍ വ്യക്തമാക്കിയത്.












Click it and Unblock the Notifications