സന്ദീപ് കൊലപാതകം; പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും: പ്രതികരണവുമായി മുഖ്യമന്ത്രി
പത്തനംതിട്ട: തിരുവല്ല സി പിഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ബി. സന്ദീപിൻ്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇതിന് ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം, കേരളത്തിൽ കലാപം അഴിച്ചു വിടാനുള്ള ആർ എസ് എസ് തീരുമാനത്തിൻ്റെ ഭാഗമാണ് കഴിഞ്ഞ ദിവസമുണ്ടായ കൊലപാതകമെന്ന് എംഎ ബേബി പ്രതികരിച്ചു. അതിനിടെ, കൊലപാതകത്തിൽ മുഴുവൻ പ്രതികളും പൊലീസിൻ്റെ പിടിയിലായിട്ടുണ്ട്.

നിഷ്ഠുരമായ കൊലപാതകത്തിൻ്റെ കാരണങ്ങൾ സത്യസന്ധമായി അന്വേഷിച്ച് പുറത്തു കൊണ്ടുവരും. കൊലപാതകം ഹീനവും അപലപനീയവുമാണ്. പ്രദേശത്തെ അംഗീകാരമുള്ള രാഷ്ട്രീയ നേതാവാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ജനങ്ങളുമായി അടുത്ത് ഇടപഴകുകയും അംഗീകാരം നേടുകയും ചെയ്ത സഖാവായിരുന്നു സന്ദീപ്. സന്ദീപിൻ്റെ വേർപാട് കാരണം തീരാനഷ്ടം അനുഭവിക്കുന്ന കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കു ചേരുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സാരിയില്‍ കിടുക്കി അർച്ചന കവി: പുത്തന്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

അതേസമയം, സിപിഎം നേതാവ് പി.ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ ആർ എസ് എസിനെതിരെ രൂക്ഷവിമർശനവുമായി എം എ ബേബിയും രംഗത്തെത്തി. കേരളത്തിൽ കലാപം അഴിച്ചു വിടാനുള്ള ആർ എസ് എസ് തീരുമാനത്തിൻ്റെ ഭാഗമാണ് കഴിഞ്ഞ ദിവസമുണ്ടായ കൊലപാതകമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തലശ്ശേരിയിൽ അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായിട്ടാണ് ആർ.എസ്.എസ്സുകാർ പ്രകടനം നടത്തിയത്. ഇത്തരം പ്രകോപനങ്ങൾ ഉണ്ടാക്കി നാട്ടിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാനാവുമോ എന്നാണ് വർഗീയ ഫാസിസ്റ്റുകൾ നോക്കുന്നതെന്നും ബേബി പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലായിരുന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ ബേബിയുടെ പ്രതികരണം.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിലെ വയലിൽ വച്ചാണ് കൊലപാതകം നടന്നത്. വയലിന് സമീപത്തെ ഒരു കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ ഗുണ്ടാ സംഘം ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. ശരീരമാസകലം സന്ദീപിനെ വെട്ടിയും കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് മരണം ഉറപ്പുവരുത്തിയ ശേഷമാണ് പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. പ്രാദേശിക ആർ.എസ്.എസ് നേതാവായ ജിഷ്ണു എന്ന ആളുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ കൊലപാതകത്തിൽ ഉൾപ്പെട്ട നാല് പേരെ ഇന്ന് രാവിലെയോടെ പൊലീസ് പിടികൂടിയിരുന്നു.

കണ്ടെത്താനുള്ള ഒരാളെ കൂടി അൽപ്പസമയം മുൻപ് കണ്ടെത്തി. ഇതോടെ മുഴുവൻ പ്രതികളും പിടിയിലായിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. അഞ്ചംഗ സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. ആക്രമണം നടന്നയുടൻ സന്ദീപിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചു. സന്ദീപിന്‍റെ നെഞ്ചിന്‍റെ വലത് ഭാഗത്തായി ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് കണ്ടെത്തി. നെഞ്ചിൽ മുഴുവനായും ഒൻപത് കുത്തുകളേറ്റിട്ടുണ്ട്.മുന്‍കാലത്ത് കാര്യമായ രാഷ്ട്രീയ സംഘര്‍ഷങ്ങളൊന്നും ഇല്ലാതിരുന്ന സ്ഥലമായിരുന്നു ഇതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടന്ന സ്ഥലത്ത് വീണ്ടും രാഷ്ട്രീയമായ സംഘർഷങ്ങളോ ഏറ്റുമുട്ടലുകളോ നടക്കാതിരിക്കാൻ ശക്തമായ പോലീസ് സംവിധാനം നിലയുറപ്പിച്ചിട്ടുണ്ട്.

സ്ഥലത്ത് സിപിഎമ്മുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങളൊന്നും സമീപകാലത്ത് ഉണ്ടായിരുന്നില്ല എന്ന് പ്രാദേശികനേതൃത്വവും പറയുന്നു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു അക്രമത്തിലേക്ക് കാര്യങ്ങൾ നീങ്ങിയതെന്ന് പൊലീസ് അന്വേഷണം നടത്തുകയാണ്. പ്രതികളെ വിശദമായി പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കൊല്ലപ്പെട്ട സന്ദീപിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വിലാപയാത്രയായി ചാന്നാങ്കരിയിലേക്ക് കൊണ്ടുവന്നു. നിരവധി നേതാക്കളും പ്രവർത്തകരുമാണ് സന്ദീപിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്.












Click it and Unblock the Notifications