ആലുവയിലെ സംരക്ഷണകേന്ദ്രത്തില്‍ മൂന്ന് പെണ്‍കുട്ടികളെ കാണാതായി; 'സിസിടിവിയില്‍ കണ്ടത്..'
എറണാകുളം: ആലുവയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കാണാതായി. പറവൂര്‍ കവലയിലെ മാതൃശക്തി വിദ്യാര്‍ത്ഥി സദനം എന്ന സ്ഥാപനത്തിലെ അന്തേവാസികളായ പെണ്‍കുട്ടികളെയാണ് കാണാതായത്. ഇന്ന് പുലര്‍ച്ചെ 4.30 ന് എഴുന്നേല്‍ക്കുമ്പോഴാണ് മൂന്ന് പേരെയും കാണാനില്ല എന്ന വിവരം അറിയുന്നത് എന്ന് അനാഥാലയം നടത്തിപ്പുകാര്‍ വണ്‍ഇന്ത്യയോട് പറഞ്ഞു.
ഇന്നലെ രാത്രിയില്‍ കിടക്കാന്‍ പോകുന്നത് വരെ കുട്ടികള്‍ അവിടെ ഉണ്ടായിരുന്നു. കാണാതായത് മനസിലാക്കിയ ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചിരുന്നു എന്നും പൊലീസുകാര്‍ എത്തി സി സി ടി വി അടക്കമുള്ളവ പരശോധിച്ചു എന്നും അധികൃതര്‍ പറയുന്നു. 'സി സി ടി വി ദൃശ്യങ്ങളില്‍ മൂന്ന് പേരും പോകുന്നത് കണ്ടിട്ടുണ്ട്. ഒരുമണിയോട് കൂടിയാണ് പോയത് എന്നാണ് സി സി ടി വി ദൃശ്യങ്ങളിലെ സമയങ്ങളില്‍ നിന്ന് മനസിലായത്,' അനാഥാലയം നടത്തിപ്പുകാര്‍ പറഞ്ഞു.

പൊലീസ് സമീപപ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. സംരക്ഷണ കേന്ദ്രം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ആലുവ ഈസ്റ്റ് പൊലീസ് ആണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. 15, 16, 18 വയസുള്ള കുട്ടികളെയാണ് കാണാതായത്. ചെല്‍ഡ് വെല്‍ഫെയര്‍ സെന്ററില്‍ നിന്ന് അടക്കമുള്ള പെണ്‍കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്ന സ്ഥാപനമാണിത്.
കാണാതായ കുട്ടികളും ചെല്‍ഡ് വെല്‍ഫെയര്‍ സെന്റര്‍ ഏല്‍പ്പിച്ച കുട്ടികളാണ്. 30 ഓളം കുട്ടികളാണ് ഇവിടെ താമസിക്കുന്നത്. കാണാതായവരില്‍ രണ്ട് പെണ്‍കുട്ടികള്‍ സമീപത്തുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുകയാണ്. 18 വസുള്ള മകുട്ടി ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ തോറ്റിരുന്നു. അതിന് ശേഷം പുനപരീക്ഷക്കുള്ള തയ്യാറെടുപ്പിലായിരുന്നു. 17 വയസുള്ള കുട്ടി പ്ലസ് വണ്ണിലും 15 വയസുള്ള കുട്ടി ഒമ്പതിലുമാണ് പഠിക്കുന്നത്.
ഒരു കുട്ടി ഈ വര്‍ഷം വന്നതാണ് എന്നാണ് സ്ഥാപനം നടത്തിപ്പുകാര്‍ പറയുന്നത്. ഈ സ്ഥാപനത്തിന്റെ മുകള്‍നിലയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇന്നലെ രാത്രി വരെ മൂന്ന് പേരില്‍ നിന്നും അസ്വാഭാവികമായ പെരുമാറ്റമൊന്നും ഉണ്ടായിട്ടില്ല എന്നാണ് സംരക്ഷണ കേന്ദ്രം നടത്തിപ്പുകാര്‍ പറയുന്നത്.
എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായോ രക്ഷപ്പെടാന്‍ പുറത്ത് നിന്ന് ആരെങ്കിലും സഹായിച്ചോ എന്നോ കാര്യത്തില്‍ ഇതുവരെ പൊലീസിനും വിവരമൊന്നും ലഭിച്ചിട്ടില്ല. അതേസമയം സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് എന്നിവ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications