നാടിന്റെ നോവായി കല്യാണി; തിരുവാങ്കുളത്ത് കാണാതായ മൂന്ന് വയസുകാരി പുഴയില്‍ മരിച്ച നിലയില്‍; അമ്മ കസ്റ്റഡിയില്‍
കൊച്ചി: ഒരു രാത്രി മുഴുവന്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ നാടിന്റെ നോവായി കുഞ്ഞ് കല്യാണി മാറി. ഇന്നലെ രാത്രി എറണാകുളം തിരുവാങ്കുളത്ത് നിന്ന് കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ചാലക്കുടി പുഴയില്‍ തിരച്ചില്‍ നടത്തിയ സംഘമാണ് കുഞ്ഞിന്റെ മൃതദേഹം വീണ്ടെടുത്തത്. മറ്റക്കുഴി കിഴിപ്പിള്ളില്‍ സുഭാഷിന്റെ മകള്‍ കല്യാണിയാണ് മരിച്ചത്. സംഭവത്തില്‍ കുഞ്ഞിനെ പുഴയിലേക്കു വലിച്ചെറിഞ്ഞ അമ്മ സന്ധ്യ പൊലീസ് കസ്റ്റഡിയിലാണ്.
മൂന്നു വയസുകാരിയെ കാണാതായെന്ന് അറിഞ്ഞതോടെ ഇന്നലെ ഒരു നാട് മുഴുവന്‍ കുഞ്ഞിനു വേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു. എട്ടു മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. ഇന്നലെ രാത്രി കൊച്ചിയില്‍ പെയ്ത കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചിരുന്നു. എങ്കിലും തിരച്ചില്‍ നിര്‍ത്തിവച്ചില്ല. ചാലക്കുടി പുഴയുടെ ഏറ്റവും ഒഴുക്കുള്ള ഭാഗമായ, മൂഴിക്കുളം പാലത്തിനടിയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്.

ഇന്നലെ അമ്മയ്‌ക്കൊപ്പം വൈകുന്നേരം കുട്ടി അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയിരുന്നു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് സന്ധ്യ സ്വന്തം വീട്ടിലേക്കാണ് പോയത്. കുഞ്ഞില്ലാതെ വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ബസില്‍ വച്ചാണ് കുഞ്ഞിനെ കാണാതായതെന്നാണ് സന്ധ്യ ആദ്യം മൊഴി നല്‍കിയത്. പിന്നീട് പരസ്പര വിരുദ്ധമായി മറുപടികള്‍ നല്‍കിയപ്പോഴാണ് ചെങ്ങമനാട് പൊലീസ് കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്തത്.
കുഞ്ഞുമായി അമ്മ പുഴയുടെ ഭാഗത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഏറ്റവും ഒടുവില്‍ കുഞ്ഞിനെ പുഴയില്‍ എറിഞ്ഞു കൊന്നതായി അമ്മ സമ്മതിച്ചു. തുടര്‍ന്നാണ് പോലീസും സ്‌കൂബ ടീമും തിരച്ചില്‍ ഊര്‍ജിതമാക്കിയത്. പൊലീസ് കസ്റ്റഡിയിലുള്ള അമ്മ സന്ധ്യയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. സന്ധ്യയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി കുടുംബാംഗങ്ങള്‍ മൊഴി നല്‍കിയിട്ടുണ്ട്. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണ് സന്ധ്യക്കെന്ന് അമ്മ മാധ്യമങ്ങളോടു പറഞ്ഞു.
സന്ധ്യയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിനു പിന്നില്‍ ഭര്‍തൃവീട്ടിലെ പീഡനമാണോയെന്നും അന്വേഷിക്കും. ബന്ധുക്കള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
വൈകിട്ട് ആറു മണിയോടെയാണ് സന്ധ്യ കുഞ്ഞിനെ പുഴയിലേക്കു വലിച്ചെറിഞ്ഞത്. ഒരു നാടിനെയാകെ മുള്‍മുനയില്‍ നിര്‍ത്തി മണിക്കൂറുകള്‍ നീണ്ട തിരച്ചിലിലാണ് കുഞ്ഞിന്‍െ മൃതദേഹം ലഭിച്ചത്. പുഴ കലങ്ങി മറിഞ്ഞ് ഒഴുകിയതിനാല്‍ തിരച്ചിലിനും ബുദ്ധിമുട്ട് ഏറെയായിരുന്നു. പ്രതികൂല കാലാവസ്ഥയില്‍ നിലവിലുള്ള പ്രോട്ടോക്കോളുകള്‍ മറികടന്നായിരുന്നു കുഞ്ഞിനായി തിരച്ചില്‍ നടത്തിയത്.












Click it and Unblock the Notifications