'ജോർജും' ഏശിയില്ല,രാധാകൃഷ്ണനും നിലംതൊട്ടില്ല; തൃക്കാക്കരയിൽ അന്തംവിട്ട് ബിജെപി...വോട്ട് വിഹിതം കുത്തനെ കുറഞ്ഞു
കൊച്ചി; ഒ രാജഗോപാലിന് ശേഷം നിയമസഭയിലെത്തുന്ന രണ്ടാമത്തെ ബി ജെ പി എം എൽ എയാകും താൻ എന്നായിരുന്നു ഉപതിരഞ്ഞെടുപ്പിന് മുൻപ് എൻ ഡി എ സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണന്റെ പ്രതികരണം. എന്നാൽ ഫലം വന്നപ്പോൾ 'രണ്ടാം എം എൽ എ'യെ പാർട്ടിക്ക് കിട്ടിയില്ലെന്ന് മാത്രമല്ല മണ്ഡലത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് വിഹിതം കുത്തനെ ഇടിയുകയും ചെയ്തു. ഓരോ തിരഞ്ഞെടുപ്പ് കഴിയും തോറും തൃക്കാക്കര മണ്ഡലത്തിൽ ബി ജെ പിയുടെ വോട്ട് കുറയുകയാണെന്ന് കൂടി പറയേണ്ടി വരും.
തൃക്കാക്കര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം2022

കോൺഗ്രസിന്റെ കുത്തക മണ്ഡലത്തിൽ എൽഡിഎഫിനെ പോലെ തന്നെ വലിയ ആവേശത്തോടെയായിരുന്നു ബി ജെ പി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. വൈകിയാണെങ്കിലും സംസ്ഥാന നേതാവായ എ എൻ രാധാകൃഷ്ണനെ ബിജെപി രംഗത്തിറക്കി. ഇതോടെ പ്രവർത്തകർ വലിയ ആവേശത്തിലായിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരൻ, പാർട്ടി അധ്യക്ഷൻ കെ സുരേന്ദ്രൻ, നടനും മുൻ എംപിയുമായ സുരേഷ് ഗോപി തുടങ്ങി വമ്പൻ നേതാക്കളെല്ലാം തന്നെ രാധാകൃഷ്ണന് വേണ്ടി പ്രചരണം നയിക്കാൻ എത്തി.

ക്രിസ്ത്യൻ വോട്ടുകൾ ഏറെ നിർണായകമായ മണ്ഡലമാണ് തൃക്കാക്കര. ഈ വോട്ടുകളിൽ വിള്ളൽ വരുത്താൻ ലക്ഷ്യം വെച്ചായിരുന്നു തുടക്കം മുതൽ ബി ജെ പി പ്രചരണം നയിച്ചത്. സഭ നേതൃത്വത്തെ നേരിട്ട് പോയി കണ്ട് നേതാക്കൾ വോട്ട് ഉറപ്പാക്കി. മുസ്ലീങ്ങൾക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയ പി സി ജോർജിനെ ചുറ്റിപറ്റിയായിരുന്നു പിന്നീട് മണ്ഡലത്തിലെ ബി ജെ പി ചർച്ചകൾ. പൂഞ്ഞാറിലെ വിവാദ പ്രസംഗത്തെ തുടർന്നുള്ള പി സി ജോർജിന്റെ അറസ്റ്റും തങ്ങൾക്ക് അനുകൂലമാക്കാൻ ബി ജെ പി ശ്രമം നടത്തിയിരുന്നു. ഓരോ ഘട്ടത്തിലും ജോർജിനൊപ്പം എന്ന് പ്രഖ്യാപിച്ച ബി ജെ പി തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് തൊട്ട് മുൻപ് ജാമ്യത്തിലിറങ്ങിയ ജോർജിനെ മണ്ഡലത്തിൽ എത്തിച്ച് പ്രചരണം നയിച്ചു. എന്നാൽ ഇതുകൊണ്ടൊന്നും കര പിടിക്കാൻ ബിജെപിക്ക് സാധിച്ചില്ല.

2011 ൽ തൃക്കാക്കരയിലെ ആദ്യ തിരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർത്ഥി എസ് സജിക്ക് ലഭിച്ചത് വെറും 5935 വോട്ടായിരുന്നു. യു ഡി എഫ് സ്ഥാനാർത്ഥി ബെന്നി ബെഹ്നാനയിരുന്നു ആദ്യ വിജയം. അന്ന് അദ്ദേഹത്തിന് ലഭിച്ചത് 22,406 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു. 2016 ലായിരുന്നു ബി ജെ പിയുടെ മണ്ഡലത്തിലെ മിന്നും പ്രകടനം. എസ് സജി തന്നെ വീണ്ടും മത്സരാർത്ഥിയായി ഇറങ്ങിയ ആ വർഷം ബി ജെ പി വോട്ടുകൾ 15 ശതമാനമായി. അതായത് 10.66 ശതമാനം വളർച്ചയുമായി 21,247 വോട്ടുകൾ. 2021 ൽ സമാനമുന്നേറ്റം പ്രതീക്ഷിച്ചായിരുന്നു എൻ ഡി എ കളത്തിലിറങ്ങിയത്. ഇത്തവണ ആദ്യമായി ട്വിന്റി 20 യും മത്സരത്തിനിറങ്ങി.

ഫലം വന്നപ്പോൾ ബി ജെ പി കേന്ദ്രങ്ങൾ ഞെട്ടി. ഒറ്റയടിക്ക് 5000 ത്തോളം വോട്ടുകളുടെ കുറവാണ് മുന്നണി നേരിട്ട്ത്. ബി ജെ പിയുടെ വോട്ടിന്റെ ഒരു പങ്ക് കവർന്നതാകട്ടെ ട്വന്റി 20 യും. 11.34 ശതമാനമായിരുന്നു ബി ജെ പിക്ക് അക്കുറി ലഭിച്ചത്. നാലാം സ്ഥാനത്തെത്തിയ ട്വന്റി 20 നേടിയത് 13000 ത്തോളം വോട്ടുകളായിരുന്നു. അതായത് ഇരു പാർട്ടികളും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും 1.16 ശതമാനം മാത്രം, ഇത്തവണ ട്വന്റി 20 മത്സരത്തിന് ഉണ്ടായിരുന്നില്ല. എന്നാൽ അത് ബി ജെ പിയുടെ വോട്ട് വിഹിതം ഉയർത്തിയില്ലെന്ന് മാത്രമല്ല 12,955 വോട്ടുകൾ കൊണ്ട് ബി ജെ പി സ്ഥാനാർത്ഥിക്ക് തൃപ്തിപ്പെടേണ്ടിയും വന്നു.












Click it and Unblock the Notifications