ടിപി വധം:വിധി 22 ന്, കനത്ത സുരക്ഷ
കോഴിക്കോട്: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പ്രത്യേക കോടതി ജനുവരി 22 ന് വിധി പറയും. കേസില്‍ 36 പ്രതികളാണ് വിചാരണ നേരിടുന്നത്.
ടിപിയെ വധിച്ചത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആണെന്നാണ് ആരോപണം. പ്രതികളില്‍ ഭൂരിഭാഗം പേരും സിപിഎം ബന്ധമുള്ളവരും ആണ്. ഈ സാഹചര്യത്തില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കനത്ത സുരക്ഷ സംവിധാനങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കോഴിക്കോട് ടൗണില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വടകര, നാദാപുരം പ്രദേശങ്ങളിലും നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പ്രതികളില്‍ പലരും മാഹിക്കാര്‍ ആയതിനാല്‍ മാഹിയിലും കനത്ത സുരക്ഷ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ടിപി വധക്കേസിന്റെ പേരില്‍ ഇനിയും പഴി കേള്‍ക്കാന്‍ വയ്യ എന്നാണ് സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട്. വിധി അനുകൂലമായാലും പ്രതികൂലമായാലും അതിരുവിട്ട് പ്രകടനങ്ങള്‍ പാടില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ടിപി വധക്കേസില്‍ വിധി കാത്തിരിക്കുന്നവരില്‍ ഏറ്റവും പ്രമുഖന്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം മോഹനന്‍ മാഷ് ആണ്. കെകെ ലതിക എംഎല്‍എയുടെ ഭര്‍ത്താവാണ് മോഹനന്‍ മാഷ്. പികെ കുഞ്ഞനന്തന്‍, കെകെ കൃഷ്ണന്‍, കെസി രാമചന്ദ്രന്‍, പടയങ്കണ്ടി രവീന്ദ്രന്‍ തുടങ്ങിയവരാണ് സിപിഎമ്മുമായി നേരിട്ടു ബന്ധമുള്ള മറ്റ് പ്രതികള്‍. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിഎച് അശോകന്‍ വിചാരണക്കിടെ മരിച്ചിരുന്നു.
കേസിലെ ഒന്നാം പ്രതി എംസി അനൂപ് ആണ്. കിര്‍മാണി മനോജ്, കൊടി സുനി, ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് തുടങ്ങിയവര്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളാണെങ്കിലും സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. ജയില്‍ ഫേസ്ബുക്ക് വിഷയത്തിലും ഇക്കാര്യം വെളിവായിരുന്നു.
കേസില്‍ ആരൊക്കെയാണ് കുറ്റക്കാര്‍ എന്നായിരിക്കും ജനുവരി 22 പ്രത്യേക കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടി വിധിക്കുക എന്നാണ് വിവരം. ശിക്ഷ വിധിക്കുന്നത് മറ്റൊരു ദിവസം ആകാനും ഇടയുണ്ട്.












Click it and Unblock the Notifications