യുഎപിഎ കേസില്‍ താഹ ഫസല്‍ ജയില്‍ മോചിതനായി, സിപിഎം സഹായിച്ചില്ലെന്ന് പ്രതികരണം
തൃശൂര്‍: പന്തീരാങ്കാവ് യുഎപിഎ കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ താഹ ഫസല്‍ ജയില്‍ മോചിതനായി. സര്‍ക്കാരിനുള്ള തിരിച്ചടിയാണ് സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ചതെന്ന് താഹ പറഞ്ഞു. സിപിഎമ്മില്‍ നിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്ന് താഹ വ്യക്തമാക്കി. കഴിഞ്ഞ ദിവസം താഹയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. 2019 നവംബറിലാണ് അലന്‍ ശുഹൈബും താഹയും മാവോയിസ്റ്റ് ബന്ധത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്യുന്നത്.

അലന് നേരത്തെ തന്നെ കേസില്‍ ജാമ്യം ലഭിച്ചിരുന്നു. ഈ ജാമ്യത്തെ കോടതി ശരിവെക്കുകയും ചെയ്തു. അജയ് റസ്‌തോഗി, എഎസ് ഓക എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പഞ്ഞത്. താഹക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജയന്ത മുത്രാജാണ് കോടതിയില്‍ ഹാജരായത്. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് നിയമവിരുദ്ധമായിട്ടാണ് എന്നാണ് അദ്ദേഹം വാദിച്ചിരുന്നത്. എന്‍ഐക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌വി രാജുവും ഹാജരായി. നിരോധിത സംഘടനയില്‍പ്പെട്ട യുവാക്കള്‍ക്ക് ജാമ്യം നല്‍കരുത് എന്നായിരുന്നു എന്‍ഐഎ വാദിച്ചിരുന്നത്. ഇതിനെ തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്.
നേരത്തെ അറസ്റ്റിന് പിന്നാലെ കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുത്തു. എ്ന്നാല്‍ പ്രാഥമിക തെളിവ് പോലും ഇല്ലെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ എന്‍ഐഎ കോടതി ഇരുവരും ജാമ്യം നല്‍കി. എന്നാല്‍ ഇതില്‍ താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. അലനെ ജാമ്യത്തില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സുപ്രീം കോടതി അലന് ജാമ്യം നല്‍കിയതിനെ അംഗീകരിക്കുകയും, ഒപ്പം താഹയ്ക്ക് ജാമ്യം അനുവദിക്കുകയുമായിരുന്നു. അതേസമയം എന്‍ഐഎയ്ക്ക് വലിയ തിരിച്ചടി കൂടിയാണിത്.
മാവോയിസ്റ്റ് ബന്ധത്തിന് അലനും താഹയ്ക്കുമെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നായിരുന്നു എന്‍ഐഎ വാദം. ഇത് പക്ഷേ സുപ്രീം കോടതി തള്ളി. പുസ്തകങ്ങള്‍, ലഘുലേഖകള്‍, പ്ലക്കാര്‍ഡുകള്‍, ഡയറി കുറിപ്പുകള്‍ എന്നിവയാണ് പ്രധാന തെളിവുകളായി ഹാജരാക്കിയിരുന്നത്. ഇതിലൂടെ ഇവരും ഭീകരപ്രവര്‍ത്തനം നടത്തിയെന്നതിന് തെളിവുണ്ടെന്നായിരുന്നു എന്‍ഐഎ വാദിച്ചത്. ഈ വാദങ്ങളെല്ലാം കോടതി തള്ളി. അതേസമയം താഹയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഉമ്മ ജമീല പറഞ്ഞു. തന്റെ മകന്റെ പഠനം മുടങ്ങി. ജയിലില്‍ പഠിക്കാന്‍ സൗകര്യമില്ലായിരുന്നു. നാട്ടുകാരായ പാര്‍ട്ടിക്കാരുടെ സഹായം ലഭിച്ചു. കൂടെ നിന്നവരോടെല്ലാം നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications