'ഹേമ കമ്മിറ്റി റിപ്പോർട്ട് മസാല ചർച്ചയായി മാറി, അൻവറിന്റെ പോരാട്ടം സത്യസന്ധമായി തോന്നി'; യു പ്രതിഭ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് വെറും മസാല ചർച്ചയായി മാറിയെന്നും അതിൽ ഇരകളുടെ പേര് ഒഴിവാക്കി ശേഷിക്കുന്നത് പൂർണമായി പുറത്തുവിടണമെന്നും സിപിഎം നേതാവും കായംകുളം എംഎൽഎയുമായ യു പ്രതിഭ. എഡിജിപി അജിത്കുമാറിനെതിരായ പിവി അൻവറിന്റെ വെളിപ്പെടുത്തലുകളിൽ സത്യസന്ധത തോന്നിയിട്ടുണ്ടെന്നും യു പ്രതിഭ മനോരമ ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.
നടിമാരുടെ ജോലിയാണ് അഭിനയമെന്നും അതിൽ അവരെ ചൂഷണം ചെയ്യാൻ പാടില്ലെന്നും പ്രതിഭ ചൂണ്ടിക്കാട്ടി. 'ഹേമ കമ്മിറ്റി റിപ്പോർട്ട് മസാല ചർച്ചയായി. ജോലി ചെയ്യാൻ വരുന്ന നടിമാരെ ചൂഷണം ചെയ്യുന്നത് ശരിയല്ല. അവരുടെ വസ്ത്രം അഴിക്കാനോ വാതിലിൽ മുട്ടാനോ പോവരുത്. എന്തിനാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശേഷിക്കുന്ന ഭാഗങ്ങൾ പൂഴ്ത്തി വയ്ക്കുന്നത്.' പ്രതിഭ ചോദിച്ചു.

ഒരു പാവപ്പെട്ടവൻ എന്തെങ്കിലും മോഷണം നടത്തിയാൽ മുഴുവൻ വിവരങ്ങളും ഫുൾ സൈസ് ഫോട്ടോയും വച്ച് വാർത്ത കൊടുക്കാറുണ്ടെന്നും ഇക്കാര്യത്തിലും അങ്ങനെ മതിയെന്നും അവർ പറഞ്ഞു. വേട്ടക്കാരുടെ പേര് പുറത്തുവിടണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു. നിലവിൽ വെളിപ്പെടുത്തലുകൾ നടത്തുന്നവർ ഇതുവരെ കാണാത്തവരാണെന്നും പ്രതിഭ പറയുന്നു.
അത്രയ്ക്ക് ഗൗരവമുള്ള വിഷയമായിട്ട് കൂടി മുൻനിര നടിമാർ വെളിപ്പെടുത്തലുകൾ നടത്താത്തത് തന്നെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. സിനിമയുടെ മാത്രം വിഷയമായി ഇതിനെ കാണാൻ കഴിയില്ലെന്നും സാമൂഹിക വിഷയം ആണെന്നും പറഞ്ഞ പ്രതിഭ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും സിനിമാക്കാരും ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ട് ആഗ്രഹിക്കാത്ത ആളാണ് താനെന്നും പറയുകയുണ്ടായി.
ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ ഉൾപ്പെടെ പിവി അൻവർ നടത്തിയ വെളിപ്പെടുത്തലുകളിൽ സത്യസന്ധത തോന്നിയെന്നും പ്രതിഭ പറഞ്ഞു. അൻവറിന്റെ ആരോപണങ്ങളിൽ ആത്മാർത്ഥത ഉണ്ടായിരുന്നു. അഴിമതിക്ക് കൂട്ടുനിൽക്കുന്ന ഒരുപാട് ഉദ്യോഗസ്ഥരുണ്ട്. എല്ലാവരും മുകേഷിന്റെ വീട്ടിലേക്കാണ് മാർച്ച് നടത്തുന്നത്. എന്തുകൊണ്ട് ആരും എഡിജിപിയുടെ വീട്ടിലേക്ക് മാർച്ച് നടത്തുന്നില്ലെന്നും എംഎൽഎ ചോദിച്ചു.
ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള വിഷയങ്ങൾ അന്വേഷിക്കണമെന്നും പ്രതിഭ ആവശ്യപ്പെട്ടു. ഐപിഎസുകാരിൽ ചിലർക്ക് എന്തോ വലിയ സംഭവം ആണെന്ന് വിചാരമുണ്ട്. ജനാധിപത്യ സംസ്ഥാനമാണ് ഇത്. അളവിൽ കവിഞ്ഞ സ്വത്തുക്കൾ പല ഉദ്യോഗസ്ഥരും സമ്പാദിക്കുകയാണ്. ഇത്തരക്കാർക്ക് എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നും യു പ്രതിഭ എംഎൽഎ ആവശ്യപ്പെട്ടു.












Click it and Unblock the Notifications