'നിറമല്ല മനുഷ്യനെ നിര്‍ണയിക്കുന്നത്'; ടിജി മോഹന്‍ദാസിന് ശിവന്‍കുട്ടിയുടെ മറുപടി
തിരുവനന്തപുരം: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ റണ്ണേഴ്സ് അപ്പായ ഫ്രാന്‍സ് ടീമിന്റെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ വംശീയമായി അധിക്ഷേപിച്ച ബി ജെ പി മുന്‍ ബൗദ്ധിക സെല്‍ തലവന്‍ ടി ജി മോഹന്‍ദാസിന് എതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.
ഇപ്പോഴിതാ ടി ജി മോഹന്‍ദാസിന് എതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരിക്കുകയാണ്. 'നിറമല്ല മനുഷ്യനെ നിര്‍ണയിക്കുന്നത്' എന്നാണ് കിലിയന്‍ എംബാപ്പെയുടെ ചിത്രം പങ്കു വെച്ച് കൊണ്ട് വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് പങ്ക് വെച്ചിരിക്കുന്നത്.

ഇതിന് താഴെ കിലിയന്‍ എംബാപ്പെയ്ക്ക് ഐക്യദാര്‍ഢ്യവും ടി ജി മോഹന്‍ദാസിന് വിമര്‍ശനവുമായി നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് കിലിയന്‍ എംബാപ്പെയെ വംശീയമായി അധിക്ഷേപിച്ച് കൊണ്ട് ടി ജി മോഹന്‍ദാസ് പോസ്റ്റ് പങ്ക് വെച്ചത്. 'കറുത്ത പ്രേതങ്ങള്‍' എന്നാണ് കിലിയന്‍ എംബാപ്പെ അടക്കമുള്ള ഫ്രഞ്ച് താരങ്ങളെ ടി ജി മോഹന്‍ദാസ് വിശേഷിപ്പിച്ചത്

'ഫ്രഞ്ച്കാര് വെളുത്ത് തുടുത്ത സായ്പന്‍മാരായിരിക്കും എന്നാണ് ഞാന്‍ വിചാരിച്ചത്! ഇതിപ്പോ... എന്നേക്കാള്‍ കറുത്ത പ്രേതങ്ങള്‍ ആ എംബാപ്പെയെ രാത്രിയിലെങ്ങാന്‍ വഴിയില്‍ കണ്ടാല്‍ നമ്മള് ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കും! ഹൊ', എന്നായിരുന്നു ടി ജി മോഹന്‍ദാസ് ആദ്യം പങ്കുവെച്ച ട്വീറ്റ്. എന്നാല്‍ ഇതിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ പോസ്റ്റ് തിരുത്താന്‍ ടി ജി മോഹന്‍ദാസ് തയ്യാറായില്ല.

മാത്രമല്ല താന്‍ പറഞ്ഞതിനെ ന്യായീകരിച്ച് മറ്റൊരു പോസ്റ്റ് കൂടി പങ്കുവെക്കുകയും ചെയ്തു. പണ്ട് എം പി നാരായണ പിള്ള എഴുതി:- ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാണാന്‍ കൊള്ളാവുന്ന ഒരേയൊരു മുഖം ഇന്ദിരാഗാന്ധിയാണ്. മറ്റു രാഷ്ട്രീയക്കാര്‍ക്കൊന്നും ഒരു ഭംഗിയുമില്ല. ജഗജീവന്‍ റാമിന്റെ ഫോട്ടോ പത്രത്തില്‍ കണ്ടാല്‍പ്പിന്നെ അന്ന് കഞ്ഞി കുടിക്കാന്‍ തോന്നുകയില്ല! ഇതൊക്കെ എന്താ വര്‍ണവെറിയാണോ? എന്നായിരുന്നു അദ്ദേഹം ന്യായീകരിച്ച് കൊണ്ട് പങ്ക് വെച്ച രണ്ടാമത്തെ ട്വീറ്റ്.

എന്നാല്‍ ഇതിന് എതിരേയും ശക്തമായ വിമര്‍ശനമാണ് ട്വിറ്ററില്‍ ഉയര്‍ന്നത്. ബോഡിഷെയിമിംഗും വര്‍ണവെറിയുമായാണ് ടി ജി മോഹന്‍ദാസിന്റെ ട്വീറ്റില്‍ അടങ്ങിയിരിക്കുന്നത് എന്ന് പലരും ചൂണ്ടിക്കാട്ടി. ഇത്തരം വികലമായ കാഴ്ചപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ പറ്റില്ല എന്നും നിരവധി പേര്‍ പറഞ്ഞു. ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനക്കെതിരെ ഹാട്രിക് ഗോളുമായി തിളങ്ങിയ എംബാപ്പെ ഈ ലോകകപ്പിലാകെ എട്ട് ഗോളാണ് നേടിയത്.












Click it and Unblock the Notifications