സുരക്ഷ വേണമെന്ന് ആവശ്യപെട്ടിട്ടില്ല; സര്‍ക്കാര്‍ തീരുമാനത്തില്‍ പരാതിയില്ലെന്ന് വെള്ളാപ്പള്ളി...
കൊച്ചി: തന്റെ സുരക്ഷ വെട്ടിക്കുറക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തില്‍ യാതൊരു പരാതിയുമില്ലെന്ന് എസഎന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സുരക്ഷ വേണമെന്ന് ആരോടും ആവശ്യപെട്ടിരുന്നില്ല. അതുകൊണ്ടു തന്നെ സുരക്ഷ പിന്‍ വലിക്കുന്നതില്‍ പ്രതിഷേധവുമില്ല. സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ വെട്ടികുറക്കാനും മുന്‍ മുഖ്യമന്ത്രി, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്ക് അനുവദിച്ചിട്ടുള്ള സുരക്ഷ പിന്‍വലിക്കാനും തീരുമാനിച്ചിരുന്നു. ഈ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

വെള്ളാപ്പള്ളി നടേശന്റെ സുരക്ഷക്കായി ആറു പോലീസുകാരെയാണ് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സുരക്ഷ സംവിധാനം കൂടാതെ കേന്ദ്ര സര്‍ക്കാറും വെള്ളാപള്ളിയ്ക്ക് സുരക്ഷയൊരുക്കിയിട്ടുണ്ട്. ഇത് തുടരും.
സംസ്ഥാന സുരക്ഷാ അവലോകന സമിതിയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമടക്കമുള്ള സുരക്ഷ സംവിധാനം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചത്. എസ്‌കോര്‍ട്ടും പൈലറ്റുമൊക്കെ കുറയ്ക്കണമെന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടക്കത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍തന്നെ നിര്‍ദ്ദേശമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
അഞ്ഞൂറിലേറെ പോലീസുകാരെയാണ് വിഐപി സുരക്ഷ വെട്ടിക്കുറച്ചതിലൂടെ ആഭ്യന്തര വകുപ്പ് സേനയിലേക്ക് തിരികെ കൊണ്ടുവരുന്നത്. ഇതോടെ മന്ത്രിവാഹനത്തിന് മുന്നിലും പിന്നിലുമായി ചീറി പായുന്ന പോലീസ് വാഹനങ്ങളുടെ എണ്ണം കുറയും. തലസ്ഥാനത്ത് സഞ്ചരിക്കുമ്പോള്‍ ഗണ്‍മാനല്ലാതെ മറ്റ് സുരക്ഷാ സംവിധാനങ്ങളൊന്നും തനിക്കോ മന്ത്രിമാര്‍ക്കോ വേണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
വിഐപികള്‍ക്ക് അകമ്പടി സേവിക്കാന്‍ നൂറു കണക്കിന് പോലീസുകാരെ വിനിയോഗിക്കുന്നതിനെതിരെ കഴിഞ്ഞ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ കമാന്‍ഡോ സുരക്ഷയടക്കമുള്ളവ വേണ്ടെന്നാണ് ഈ സര്‍ക്കാര്‍ പറയുന്നത്.












Click it and Unblock the Notifications