അമിത് ഷാ മാപ്പ് പറയണം; ഗാന്ധിജിയെ അപമാനിച്ച അമിത് ഷായെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുധീരൻ!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: മഹാത്മ ഗാന്ധിയെ അപമാനിച്ച ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മാപ്പ് പറയണമെന്ന് മുൻ കെപിസിസി അധ്യക്ഷൻ വിഎം സുധീരൻ. മഹാത്മ ഗാന്ധിയെ ബുദ്ധിമാനായ ബനിയ എന്ന് അമിത് ഷാ കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചിരുന്നു. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കൂടിയാണ് സുധീരന്‍ അമിത്ഷായുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നത്.

രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയേയും ഐതിഹാസികമായ സ്വാതന്ത്ര്യസമരത്തേയും അപമാനിച്ച ബിജെപി അധ്യക്ഷന്‍ അമിത് ഷാ കുറ്റമേറ്റ് പറഞ്ഞ് രാഷ്ട്രത്തോടും ജനങ്ങളോടും മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കുകയും ഗാന്ധിജിയെ വധിക്കുകയും ചെയ്ത കുലദ്രോഹികളുടെ പാരമ്പര്യത്തിന്റെ കണ്ണിയാണ് അമിത് ഷായെന്നും സുധീരൻ കുറ്റപ്പെടുത്തി.

VM Sudheeran

ഗാന്ധിജിയെയും സ്വാതന്ത്ര്യസമരത്തെയും നിന്ദിച്ച രാജ്യദ്രോഹപരവും കുറ്റകരവുമായ പ്രസ്താവന നടത്തിയ അമിത് ഷായെ പ്രോസിക്യൂട്ട് ചെയ്യണമെന്നും അദ്ദേഹം ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു. അമിഥ് ഷായുടെ പ്രസ്താവനയ്ക്ക് എതിരെ കഴിഞ്ഞ ദിവസം കോൺഗ്രസ് ദേശീയ നേതൃത്വവും രംഗത്ത് വന്നിരുന്നു. അമിത് ഷാ സ്വാതന്ത്ര്യസമരസേനാനികളെയും മഹാത്മാഗാന്ധിയെയും അപമാനിച്ചുവെന്ന് കോണ്‍ഗ്രസ് വക്താവ് രന്ദീപ് സുര്‍ജ്വാല പറഞ്ഞു.

സത്യമെന്തെന്നുവച്ചാല്‍ രാജ്യത്തെ വിഘടിപ്പിക്കാന്‍ ബ്രിട്ടിഷുകാര്‍ ഉപയോഗിച്ച ഉപാധിയായിരുന്നു മഹാസഭയും സംഘവുമെന്ന് അദ്ദേഹം തിരിച്ചടിച്ചു. ഇന്ന് സമാനമായ രീതിയില്‍ കോര്‍പ്പറേറ്റുകള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് ബിജെപിയെ ഉപയോഗിക്കുന്നുവെന്നും സുര്‍ജ്വാല പറഞ്ഞു. എന്നാല്‍ സംഭവത്തെ കുറിച്ച് എന്തെങ്കിലും പറയുന്നതിന് പകരം മഹാത്മാ ഗാന്ധിയുടെ ഒരു വാക്യം ഉദ്ധരിച്ചായിരുന്നു ട്വിറ്ററിലൂടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മറുപടി പറഞ്ഞത്.

2018ലും- 19ലുമായി നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് ബിജെപി രാജ്യവ്യാപകമായി നടത്തുന്ന തയ്യാറെടുപ്പുകളുടെ ഭാഗമായി ഛത്തീസ്ഗഡ് സന്ദര്‍ശിക്കവെയാണ് അമിത് ഷായുടെ പ്രസംഗം. കോണ്‍ഗ്രസ് ആശയങ്ങളുടേയും പ്രത്യയശാസ്ത്രത്തിന്റേയും പേരില്‍ ഉണ്ടായ പാര്‍ട്ടിയല്ലെന്നും സ്വതന്ത്ര്യം നേടാനുള്ള ഒരു ഉപാധി മാത്രമാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. അതിനാല്‍ തന്നെ കാര്യങ്ങളെല്ലാം ദീര്‍ഘവീക്ഷണത്തോടെ കണ്ട 'ബുദ്ധിമാനായ ബനിയ' സ്വാതന്ത്ര്യം കിട്ടിയ ഉടന്‍ കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നാണ് അമിത് ഷാ പറഞ്ഞത്.

English summary
VM Sudheeran's facebook post against Amit Shah
Please Wait while comments are loading...