പാത്രം നിറഞ്ഞു കവിഞ്ഞോ, അതോ പുകഞ്ഞ കൊള്ളിയോ: കോണ്‍ഗ്രസിനെ പരിഹസിച്ച് എകെ ബാലന്‍
തിരുവനന്തപുരം: രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നുള്ള വിഎം സുധീരന്റെ രാജിയില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് സി പി എം നേതാവ് എകെ ബാലന്‍. കോൺഗ്രസിൻ്റെ തല മുതിർന്ന നേതാവ് വി എം സുധീരൻ കെ പി സി സി യുടെ രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവെച്ചത് പാത്രം നിറഞ്ഞു കവിഞ്ഞിട്ടോ അതോ പുകഞ്ഞ കൊള്ളി പുറത്തുപോയതോയെന്നും അദ്ദേഹം ചോദിക്കുന്നു. ഏതു ഗണത്തിലാണ് സുധീരൻ പെടുന്നതെന്ന് കെ പി സി സി നേതൃത്വം വ്യക്തമാക്കട്ടെയെന്നും എകെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.
സുധീരനെപ്പോലുള്ള ഒരു നേതാവിൻ്റെ രാജി കോൺഗ്രസ് നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. കോൺഗ്രസിനെ ഈ അവസ്ഥയിലാക്കിയ കാരണങ്ങൾ കോൺഗ്രസ് നേതൃത്വം ഇനിയെങ്കിലും ശരിയായി വിലയിരുത്തണം. സെമി കേഡർ വാദം പറഞ്ഞു കൊണ്ട് കോൺഗ്രസ് അണികളെ അധികകാലം പറ്റിക്കാൻ കഴിയില്ല. സെമി കേഡർ ആകുമ്പോൾ ഇതാണ് അവസ്ഥയെങ്കിൽ ഫുൾ കേഡർ ആയാൽ കോൺഗ്രസിൻ്റെ അവസ്ഥ എന്താകുമെന്ന് സങ്കൽപ്പിച്ചു നോക്കാവുന്നതാണ്.

ഏതാനും ചില വ്യക്തികളുടെ പൂർണ നിയന്ത്രണത്തിൽ കോൺഗ്രസിനെ എത്തിക്കാൻ ശ്രമിക്കുന്നതിൽ നേതൃത്വത്തിലെ തന്നെ ഒരു വിഭാഗത്തിനും അണികൾക്കും ശക്തമായ പ്രതിഷേധമുണ്ട്. ജനകീയ സ്വഭാവം നഷ്ടപ്പെടുമ്പോഴാണ് കോൺഗ്രസ് ദുർബ്ബലമാകുന്നത്. ജനകീയ സ്വഭാവമുള്ള കോൺഗ്രസുകാരെല്ലാം അസംതൃപ്തരാണ്. അവരെയൊക്കെ പുകഞ്ഞ കൊള്ളിയെന്നും പാത്രം നിറഞ്ഞു കവിഞ്ഞ് പുറത്തു പോയവരെന്നും പരിഹസിച്ചാൽ എങ്ങനെയാണ് കോൺഗ്രസ് മുന്നോട്ടു പോവുക? കോൺഗ്രസിൽ നിന്ന് സി പി ഐ എമ്മിലേക്ക് വരുന്നവരെ കുപ്പത്തൊട്ടിയിൽ വീണവരെന്നൊക്കെ അപമാനിക്കുന്നത് ഇനിയെങ്കിലും നിർത്തണം.
കോൺഗ്രസ് നശിച്ചു കാണണമെന്ന് ആഗ്രഹിക്കുന്നവരല്ല ഞങ്ങൾ. കോൺഗ്രസ് മുക്തഭാരതം ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സുകുമാർ അഴീക്കോട് ഒരിക്കൽ പറഞ്ഞു, " കോൺഗ്രസുകാരനായി മരിക്കണമെന്നാണ് ആഗ്രഹം. പക്ഷേ എനിക്കു മുമ്പേ കോൺഗ്രസ് മരിച്ചാൽ ഞാനെന്തു ചെയ്യും". ഇപ്പോൾ കോൺഗ്രസുകാരും ഇങ്ങനെയാണ് ചിന്തിക്കുന്നത്. ചെന്നായയുടെ വായിലേക്ക് ഇരയെ എത്തിച്ചു കൊടുക്കുന്ന കൊള്ളരുതായ്മകൾ കാരണമാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് തകർന്നത്. ഇത് തിരിച്ചറിഞ്ഞ് സ്വയം തിരുത്താൻ കോൺഗ്രസ് തയ്യാറാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വി.എം സുധീരൻ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവെച്ചത് മാലിന്യമായതുകൊണ്ടാണോയെന്ന് എകെ ബാലന്റെ അതേ ചോദ്യമാണ് എംവി ജയരാജനും ഉയര്‍ത്തുന്നത്.. തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനുണ്ടായ തുടർച്ചയായ തിരിച്ചടിക്കും ദയനീയ പരാജയത്തിനും തകർച്ചക്കും കാരണം ജനവിരുദ്ധ ആഗോളവൽക്കരണ - സ്വകാര്യവൽക്കരണ നയമാണെന്ന് നേരത്തെ പ്രതികരിച്ച ആളാണ് വി.എം സുധീരൻ. വർഗ്ഗീയതയ്ക്കെതിരെ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്ന ഗാന്ധിയൻ പാരമ്പര്യം പലപ്പോഴും കോൺഗ്രസ് നേതൃത്വത്തെ ഓർമ്മിപ്പിക്കാറുമുണ്ട്. സംഘപരിവാർ മനസ്സുള്ള പുതിയ കെപിസിസി പ്രസിഡന്റിന് വി.എം സുധീരൻ ഒരു തലവേദന തന്നെയാണ്.
ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തിൽ സുധീരന്റെ നിർദ്ദേശങ്ങൾ പരിഹസിച്ച് തള്ളിയതും രാഷ്ട്രീയകാര്യ സമിതിയെ നോക്കുകുത്തിയാക്കിയെന്ന വിമർശനത്തെ പുച്ഛിച്ചു തള്ളിയതും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ചേർന്നാണ്. കേരളത്തിലെ കോൺഗ്രസിന്റെ അടിത്തറ ഇളകിക്കഴിഞ്ഞു. സുധീരന്റെ രാജി പിൻവലിപ്പിക്കാൻ നേതൃത്വത്തിന് കഴിഞ്ഞാലും ഇളകിയ അടിത്തറ തുന്നിച്ചേർക്കൽ എളുപ്പമല്ല. "മാലിന്യങ്ങളായിരിക്കും" ഇളകിയ അടിത്തറയിലൂടെ ഊർന്നിറങ്ങി അടിത്തറ തന്നെ ഇല്ലാതാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Recommended Video
പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഈ സമിതിയില്‍ പോലും വേണ്ടത്ര കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നാണ് വിഎം സുധീരന്റെ പരാതി. രാഷ്ട്രീയ കാര്യ സമിതിയെ നോക്കു കുത്തി ആക്കുന്നുവെന്ന വിമര്‍ശനവുമുണ്ട്. പാർട്ടിയിലെ മാറ്റങ്ങളിൽ ചർച്ച ഉണ്ടായില്ലെന്നും കെപിസിസി പുനഃ സംഘടനാ ചർച്ചകളിലും ഒഴിവാക്കിയെന്നും അദ്ദേഹം വിമര്‍ശനമുന്നയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്.












Click it and Unblock the Notifications