യെച്ചൂരിയുടെ തെരഞ്ഞെടുപ്പ്; നാട്ടിലേക്ക് മടങ്ങിയ വിഎസ് സമ്മേളനത്തിന് തിരിച്ചെത്തി
വിശാഖപട്ടണം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍വെച്ച് സീതാറാം യെച്ചൂരി പുതിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ വിഎസ് അച്യുതാനന്ദന് ഇരട്ടി സന്തോഷം. വിഎസ്സിന്റെ കേരളത്തിലെ നിലപാടുകള്‍ക്ക് കേന്ദ്രത്തില്‍ ശക്തമായ പിന്തുണ നല്‍കിവന്നിരുന്ന നേതാവാണ് യെച്ചൂരി. വിഎസ്സിനെതിരായ പല അച്ചടക്ക നടപടികളും ഒഴിവാക്കപ്പെട്ടിരുന്നത് യെച്ചൂരിയുടെ ഇടപെടല്‍ മൂലമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
യെച്ചൂരിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കും മുന്‍പ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച് ആശംസ അറിയിച്ചതിലൂടെ തന്നെ വിഎസ്സിന്റെ യെച്ചൂരിയുമായുള്ള അടുപ്പം പ്രകടമായിരുന്നു. എസ് രാമചന്ദ്രന്‍ പിള്ളയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആകുന്നതെങ്കില്‍ ഉച്ചയ്ക്കുള്ള വിമാനത്തില്‍ കേരളത്തിലേക്ക് തിരിക്കാനായിരുന്നു വിഎസ്സിന്റെ പരിപാടി.

എന്നാല്‍ യെച്ചൂരി തെരഞ്ഞെടുക്കപ്പെട്ടതോടെ യാത്ര റദ്ദാക്കി വിഎസ് സമ്മേളന നഗരിയിലേക്ക് മടങ്ങുകയായിരുന്നു. വിമാനത്തിന്റെ സമയം നോക്കിയാണ് പോകുന്നതെന്ന് പറഞ്ഞ വിഎസ് പൊടുന്നനെ തീരുമാനം മാറ്റിയത് പാര്‍ട്ടി നേതാക്കളെയും അമ്പരപ്പിച്ചു. അതേസമയം കേന്ദ്ര കമ്മറ്റിയില്‍ നിന്നും ഒഴിവാക്കിയ പാര്‍ട്ടിയുടെ തീരുമാനത്തിനെതിരെ വിഎസ് എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല.

ആരോഗ്യമല്ല പ്രായമാണ് പ്രധാനമെന്നാണ് വിഎസ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്. പാര്‍ട്ടി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും അതില്‍ അനിഷ്ടമൊന്നും ഇല്ലെന്നും വിഎസ് വ്യക്തമാക്കിയിരുന്നു. കേന്ദ്ര കമ്മറ്റില്‍ നിന്നും പ്രായാധിക്യം മൂലം ഒഴിവാക്കപ്പെട്ട വിഎസ്സിനെ പ്രത്യേക ക്ഷണിതാവായി കേന്ദ്ര കമ്മറ്റിയില്‍ നിലനിര്‍ത്താനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.












Click it and Unblock the Notifications