വീണ്ടും വിഎസ്; ശശിക്കെതിരെ നടപടിയുണ്ടാകും, സ്ത്രീവിഷയമാണ്... പീഡന പരാതി അറിയില്ലെന്ന് ശൈലജ
തിരുവനന്തപുരം: ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ പീഡിപ്പിച്ചുവെന്ന ആരോപണത്തില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് വിഎസ് അച്യുതാനന്ദന്‍. സ്ത്രീവിഷയമായതിനാല്‍ കണിശമായും നടപടിയുണ്ടാകുമെന്നും പഠിച്ചിട്ടു വേണം നടപടിയെടുക്കാനെന്നും ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായ വിഎസ് പറഞ്ഞു.

എന്നാല്‍ ശശിക്കെതിരായ പീഡന പരാതി സംബന്ധിച്ച് തനിക്കറിയില്ലെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു. പക്ഷം പിടിക്കാന്‍ താനില്ല. എന്തു പറഞ്ഞാലും വിവാദമാകുന്ന അവസ്ഥയാണെന്നും ശൈലജ വ്യക്തമാക്കി.
ശശിക്കെതിരെ വനിതാ കമ്മീഷന് പരാതി ലഭിച്ചിട്ടില്ലെന്നാണ് അധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞത്. പരാതി ലഭിക്കാതെ നടപടിയെടുക്കാനാകില്ലെന്നും ഇര പരാതി പറയുമ്പോള്‍ മാത്രമാണ് സ്വമേധയാ കേസെടുക്കുകയെന്നും ജോസഫൈന്‍ വിശദമാക്കി.
ശശിക്കെതിരായ പരാതിയില്‍ സര്‍ക്കാര്‍ നടപടിയെടുക്കേണ്ട കാര്യമില്ലെന്ന് മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു. സര്‍ക്കാരിന് മുമ്പില്‍ വിഷയം വന്നിട്ടില്ല. പാര്‍ട്ടിയുടെ കാര്യം പാര്‍ട്ടി തന്നെ നോക്കുമെന്നും ജയരാജന്‍ വ്യക്തമാക്കി.
വനിതാ നേതാവിന്റെ പരാതി പൂഴ്ത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വൃന്ദാ കാരാട്ടിനുമെതിരെ പോലീസ് കേസെടുക്കണമെന്ന് കെ മുരളീധരന്‍ എംഎല്‍എ ആവശ്യപ്പെട്ടു. യുഡിഎഫ് എംഎല്‍എക്കെതിരെ സമാനമായ പരാതി ഉയര്‍ന്നപ്പോള്‍ നിയമസഭാ സമ്മേളനത്തില്‍ പോലും പങ്കെടുക്കാന്‍ അനുവദിക്കാതെ അദ്ദേഹത്തെ ജയിലിലടച്ച കാര്യവും മുരളീധരന്‍ ഓര്‍മിപ്പിച്ചു.












Click it and Unblock the Notifications