'ഉണർന്നത് വാതിലിൽ മുട്ടുന്നത് കേട്ട്, തുറന്നപ്പോൾ സംഭവിച്ചത്..ആ സ്ത്രീ വേദന കൊണ്ട് ദേഹം മാന്തിപ്പൊളിച്ചു'
ദുരന്തഭൂമിയിൽ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ചൂരൽമല സ്കൂൾ റോഡിൽ അഞ്ജനംചിറയിലുള്ള സൂരജും കുടുംബവും. രാത്രിയോടെ വാതിലിൽ എന്തോ മുട്ടുന്നത് കേട്ടാണ് വീട്ടുകാർ വാതിൽ തുറന്നത്. നിമിഷ നേരം കൊണ്ട് വീടിനുള്ളിലേക്ക് ചെളിവെള്ളം ഇരച്ച് കയറുകയായിരുന്നു. ഒടുവിൽ അത്ഭുതകരമായ രക്ഷപ്പെടൽ.
ചെളിവെള്ളം എത്തിയതോടെ ആദ്യം കട്ടിലിൽ കയറാനാണ് ശ്രമിച്ചത്. എന്നാൽ വീടിന്റെ ഭിത്തിതകർന്ന് ആ ഭാഗത്തേക്ക് കോൺക്രറ്റ് ചെരിഞ്ഞു. ജനൽപാളി പൊളിഞ്ഞ് വീണ വിടവിലൂടെ അമ്മയേയും സഹോദരിയേയും അമ്മൂമ്മയേയും അച്ഛൻ പുറത്തേക്ക് തള്ളിക്കയറ്റി. ഈ സമയത്ത് അച്ഛന്റെ അരയോളം ചെളി പൊതിഞ്ഞിരുന്നു. സൂരജ് ചെരിഞ്ഞുവീണ കോൺക്രീറ്റിന് ഇടയിലായതിനാൽ അപകടത്തിൽ പെട്ടില്ല. ഒടുവിൽ സൂരജിനേയും പുറത്തെടുത്ത് കുടുബം പുറത്തേക്ക്.

അപകടത്തിനിടെ കൈയ്യിൽ കിട്ടിയ എമർജൻസി ലൈറ്റ് വെച്ച് പുറത്തേക്ക് നോക്കിയപ്പോൾ തങ്ങളുടെ അയൽക്കാരുടെ വീടുകൾ കാണാനുണ്ടായിരുന്നില്ലെന്ന് സൂരജ് പറയുന്നു. അവിടെ രണ്ട് വീടുകളിലായി ഒമ്പത് പേരുണ്ടായിരുന്നു. ഇപ്പോഴും അവർ എവിടെയെന്ന് അറിയില്ല. അമ്മൂമ്മയും അമ്മയും സഹോദരിയുമെല്ലാം ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പിൽ സുരക്ഷിതരാണെന്നും സൂരജ് പറഞ്ഞു.
മുൻപിലുള്ള വീടിൽ തട്ടിയത് കൊണ്ടാകം അൽപം ആഘാതം കുറഞ്ഞാണ് തങ്ങളുടെ വീട്ടിലേക്ക് മലവെള്ളം എത്തിയത്. രക്ഷപ്പെട്ട് പുറത്തെത്തിയപ്പോൾ ദേഹമാസകലം മുറിവേറ്റ സ്ത്രീ ഒഴുകി എത്തി. അവരെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ വേദന കൊണ്ട് അവർ ദേഹമാകെ മാന്തിപ്പൊളിച്ചു,എന്നാലും ഒരാളെ കൂടി രക്ഷിക്കാനായതിന്റെ സന്തോഷം സൂരജ് പങ്കുവെച്ചു.
ചൊവ്വാഴ്ച പുലർച്ചയായിരുന്നു ഒരു നാടിനെ തന്നെ ഇല്ലാതാക്കിയ ഉരുൾപൊട്ടൽ ഉണ്ടായത്. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ മരിച്ചത് 151 പേരാണ്. ഇതിൽ 11 പേരുടെ മൃതദേഹങ്ങൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ചാലിയാറിലൂടെ 38 കിലോമീറ്റർ ഒഴുകി നിലമ്പൂരിൽ കരയ്ക്കടിഞ്ഞത് 32 മൃതദേഹങ്ങളും 25 ശരീര ഭാഗങ്ങളും ആണ്. ഇനിയും 211 പേരെ കണ്ടെത്താൻ ആയിട്ടില്ലെന്നാണ് വിവരം.
ഇതുവരെ 481 പേരെയാണ് മേഖലയിൽ നിന്നും രക്ഷപ്പെടുത്തിയത്. മൂവായിരത്തിലധികം പേരാണ് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത്. 186 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലും. ഇന്ന് രാവിലെയോടെ രക്ഷാപ്രവർത്തനം ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചത്. കൂടുതൽ ദൗത്യ സംഘത്തെ മേഖലയിലേക്ക് എത്തിക്കും. ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും അധികൃതർ വ്യക്തമാക്കി.












Click it and Unblock the Notifications