വയനാട് ഉരുള്‍പൊട്ടല്‍: എന്താണ് ദുരന്തത്തിന് കാരണം? സാധ്യതകള്‍ മൂന്ന്
വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടലിന്റെ അടിസ്ഥാന കാരണം അതിശക്തമായ മഴ തന്നെയെന്ന് കുസാറ്റ് റഡാര്‍ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞന്‍ ഡോ. എംജി മനോജ്. മനോരമ ഓണ്‍ലൈനിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സാധാരണഗതിയില്‍ മൂന്ന് സാധ്യതകളാണ് ഉരുള്‍പൊട്ടലിന് പിന്നില്‍ ഉണ്ടാകാറുള്ളത് എന്നും എന്നാല്‍ അപൂര്‍വം അവസരങ്ങളില്‍ അതില്‍ കൂടുതലും സാധ്യതകളുണ്ടാകാം എന്ന് അദ്ദേഹം വ്യക്തമാക്കി.
ഓരോ മണ്ണിനും ഉള്‍ക്കൊള്ളാവുന്ന വെള്ളത്തിന്റെ പരിധിക്ക് പരിമിതിയുണ്ട് എന്നും പരിമിതിക്കപ്പുറം എത്തിയാല്‍ മണ്ണ് വെള്ളം സ്വീകരിക്കാതിരിക്കുകയും അപ്പോള്‍ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലുമുണ്ടാകുകയും ചെയ്യുമെന്നു മനോജ് പറഞ്ഞു. അതല്ലെങ്കില്‍ സോയില്‍ പൈപ്പിംഗ് എന്ന പ്രതിഭാസം മൂലവും ഉരുള്‍പൊട്ടലുണ്ടാകാറുണ്ട്. മലകളുടെ മുകള്‍ ഭാഗത്ത് പ്രശ്‌നങ്ങളുണ്ടാകില്ല.

എന്നാല്‍ അടിഭാഗത്ത് നിന്നും തുരങ്കംപോലെ മണ്ണും വെള്ളവും കല്ലും ഒഴുകിപ്പോകും. അങ്ങനെ സംഭവിക്കുമ്പോള്‍ മേല്‍ഭാഗത്തെ കുന്ന് ഇരിക്കുകയും ഒറ്റയടിക്ക് അടിവാരത്തിലേക്ക് ഇടിഞ്ഞുവീഴുകയും ചെയ്യുമെന്നും ഇത് ഉരുള്‍പൊട്ടലിന് കാരണമാകും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുമല്ലെങ്കില്‍ വിണ്ടുകീറിയ ഭൂമിയിലേക്ക് മഴവെള്ളം ഒഴുകിയെത്തുമ്പോള്‍ മണ്ണ് അടിയില്‍ നിന്ന് ഒലിച്ച് പോയതുമാകാം.
ഇപ്പോള്‍ അപകടം ഉണ്ടായ പ്രദേശങ്ങളിലെല്ലാം മുന്‍വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുള്ളവയാണ് എന്നിരിക്കെ ഈ സാധ്യത തള്ളിക്കളയാനാകുമില്ല. ഇതൊന്നുമല്ലാതെയുമുള്ള കാരണങ്ങളും വയനാട്ടില്‍ സംഭവിച്ചിരിക്കാം എന്നും അദ്ദേഹം വിലയിരുത്തി. ഉരുള്‍പൊട്ടല്‍ എങ്ങനെ ഉണ്ടായി എന്ന് വിലയിരുത്തുന്നത് ഓരോ സ്ഥലത്തെയും ഭൂപ്രകൃതി അനുസരിച്ചാണ്. എങ്കിലും അടിസ്ഥാനകാരണം അതിശക്തമായ മഴ തന്നെയാണ്.
വയനാട് പുത്തുമലയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 372 മില്ലിമീറ്റര്‍ മഴയാണ് പെയ്തത് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. 48 മണിക്കൂറില്‍ 572മില്ലിമീറ്റര്‍ മഴയും ഇവിടെ രേഖപ്പെടുത്തി. തേറ്റമലയില്‍ 24 മണിക്കൂറിനുള്ളില്‍ 409 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. പുത്തുമല ദുരന്തമുണ്ടായ സ്ഥലത്ത് നിന്ന് രണ്ടര കിലോമീറ്റര്‍ മാത്രം അകലെയാണ് ഇപ്പോള്‍ ദുരന്തമുണ്ടായിരിക്കുന്നത്.
അതേസമയം ഉരുള്‍പൊട്ടലില്‍ ഇതുവരെ 54 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ പത്ത് പേരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്. ചൂരല്‍മല പാലവും റോഡും ഒലിച്ച് പോയത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്.
നിരവധി വീടുകള്‍ ഒലിച്ചുപോയി. പല വീടുകളും മണ്ണിനടിയിലാണ്. വെള്ളാര്‍മല സ്‌കൂള്‍ ഒന്നാകെ മണ്ണിനടിയിലായി. അതേസമയം പൊലീസിന്റെ ഡ്രോണുകള്‍ വിന്യസിച്ച് തിരിച്ചില്‍ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ഡോഗ് സ്‌ക്വാഡും രംഗത്തിറങ്ങും എന്നാണ് അറിയാന്‍ കഴിയുന്നത്.












Click it and Unblock the Notifications