റീ ബിൽഡ് വയനാടിനായുള്ള സാലറി ചലഞ്ച്; സംസ്ഥാന സർക്കാർ ഉത്തരവിറക്കി
തിരുവനന്തപുരം: റീ ബിൽഡ് വയനാടിനായുള്ള സാലറി ചലഞ്ച് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ചുരുങ്ങിയത് അഞ്ച് ദിവസത്തെ ശമ്പളം നൽകണമെന്നും ഇതിനായുള്ള സമ്മത പത്രം കൈമാറണമെന്നുമാണ് സർക്കാർ ഉത്തരവിട്ടത്. ഇത്തരത്തിൽ കിട്ടുന്ന തുക ഒരു പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റും.
പരമാവധി മൂന്ന് ഗഡുക്കളായി തുക നൽകണമെന്നും സമ്മത പത്രം നൽകുന്ന ജീവനക്കാരിൽ നിന്ന് അടുത്ത മാസത്തെ ശമ്പളം മുതൽ പണം ഈടാക്കി തുടങ്ങുമെന്നുമാണ് ഉത്തരവിൽ പറയുന്നത്. പി എഫ് തുകയും ജീവനക്കാർക്ക് സംഭാവനയായി നൽകാമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

സാലറി ചലഞ്ച് സംബന്ധിച്ച് സർവീസ് സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. കുറഞ്ഞത് ആയിരം കോടി രൂപയെങ്കിലും വയനാട്ടിലെ പുനരധിവാസത്തിനായി വേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി സംഘടനാ പ്രതിനിധികളെ അറിയിച്ചത്. പത്ത് ദിവസത്തെ ശമ്പളം നൽകേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെങ്കിലും സംഘടനാ പ്രതിനിധികൾ അഞ്ച് ദിവസത്തെ ശമ്പളം നൽകാമെന്ന ധാരണയിലെത്തി.
ശമ്പള വിഹിതം നിർബന്ധമാക്കി ഉത്തരവിടരുതെന്നാണ് സർവീസ് സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നത്. താത്പര്യമുള്ളവരിൽ നിന്ന് തുക ഈടാക്കാമെന്നും ഗഡുക്കളായി നൽകാൻ അവസരം ഒരുക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് സർക്കാർ ഉത്തരവിട്ടത്..
അതേ സമയം, ദുരിതാശ്വാസ ക്യാമ്പുകളിലുള്ള കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാനും നിലവിൽ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്ന സ്കൂളുകളിൽ അധ്യയനം തുടങ്ങാനുമാണ് സർക്കാർ ആലോചിക്കുന്നത്. 10 സ്കൂളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്നത്.
ഇതിനോടകം നൂറിലധികം കുടുംബങ്ങൾ ബന്ധു വീടുകളിലേക്കോ വാടക വീടുകളിലേക്കോ മാറിയതായാണ് സർക്കാർ കണക്ക്. 400 ൽ ഏറെ കുടുംബങ്ങൾ ഇപ്പോൾ ക്യാമ്പുകളിലുണ്ട്. വാടക വീടുകളിലേക്ക് മടങ്ങുന്നവർക്ക് മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യ കിറ്റും വീട്ടുസാമഗ്രികൾ അടങ്ങിയ പ്രത്യേക കിറ്റും നൽകുമെന്നാണ് സർക്കാർ പ്രഖ്യാപനം.
അതേ സമയം ബാങ്ക് രേഖകൾ നഷ്ടപ്പെട്ടവർക്ക് അവ വീണ്ടെടുക്കാൻ ബാങ്കിംഗ് അദാലത്തും ഇന്ന് സംഘടിപ്പിച്ചുയ കൂടുതൽ ഡി എൻ എ സാമ്പിളുകളുടെ ഫലവും കിട്ടിത്തുടങ്ങി. അതേ സമയം വയനാട് ഉരുൾ പൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്ന കാര്യത്തിൽ തീരുമാനം നാളെ ഉണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞ 18 ദിവസമായി തിരച്ചിൽ തുടരുകയാണ്.












Click it and Unblock the Notifications