കരുനാഗപ്പള്ളി ആരുടെ പ്രാർഥന കേൾക്കും? മണ്ഡലം നിലനിർത്താൻ യുഡിഎഫ്, തിരിച്ചുപിടിക്കാൻ എൽഡിഎഫ്
കടലും കായലും ടി.എസ്. കനാലുമെല്ലാം ഉൾപ്പെടുന്ന കരുനാഗപ്പള്ളിയുടെ ഒഴുക്ക് എങ്ങോട്ടാണെന്നത് എളുപ്പം പ്രവചിക്കാനാകില്ല. വർഷങ്ങളായി ഇടതുകോട്ടയെന്ന് അറിയപ്പെട്ടിരുന്ന മണ്ഡലമാണിത്. കേരള രാഷ്ട്രീയത്തിലെ അതികായൻമാരായ പല സിപിഐ നേതാക്കളും കരുനാഗപ്പള്ളിയെ നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. മന്ത്രിമാരെയും മണ്ഡലം കേരളത്തിന് സമ്മാനിച്ചു. ബി.എം. ഷെരീഫ്, പി.എസ്. ശ്രീനിവാസൻ, ഇ. ചന്ദ്രശേഖരൻനായർ, സി. ദിവാകരൻ, ആർ. രാമചന്ദ്രൻ തുടങ്ങിയവർ ഇടതുകൊടി പാറിച്ച കരുനാഗപ്പള്ളിയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് എൽഡിഎഫിന് അടിതെറ്റിയത്. രണ്ടാം അങ്കത്തിനിറങ്ങിയ കോൺഗ്രസിലെ സി.ആർ. മഹേഷ് 29,208 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മണ്ഡലത്തിൽ വിജയിച്ചു.
ത്രികോണ പോരിന്റെ വീറും വാശിയും, പൂഞ്ഞാർ ജോർജിന് വിട്ടുകൊടുക്കാതിരിക്കാൻ രണ്ട് സെബാസ്റ്റ്യന്മാർ
ഇത്തവണയും സി.ആർ. മഹേഷ് തന്നെയാണ് യുഡിഎഫ് സ്ഥാനാർഥി. എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐയിലെ എം.എസ്. താര, എൻഡിഎ. സ്ഥാനാർഥിയായി ബിജെപിയിലെ വി.എസ്. ജിതിൻദേവ്, എസ്ഡിപിഐ സ്ഥാനാർഥിയായി ലത്തീഫ്, സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്യൂണിസ്റ്റ്) സ്ഥാനാർഥിയായി ട്വിങ്കിൾ പ്രഭാകരൻ എന്നിവരും മത്സരരംഗത്തുണ്ട്. ആലപ്പാട്, ഓച്ചിറ, ക്ലാപ്പന, കുലശേഖരപുരം, തൊടിയൂർ, തഴവ പഞ്ചായത്തുകളും കരുനാഗപ്പള്ളി നഗരസഭയും ഉൾപ്പെടുന്നതാണ് മണ്ഡലം. പടിഞ്ഞാറ് തീരദേശം മുതൽ ആലപ്പുഴ ജില്ലയുടെ അതിർത്തിവരെ നീളുന്ന വിശാലമായ മണ്ഡലത്തിലെ എല്ലാ ഭാഗത്തും ഓടിയെത്തി വോട്ടർമാരെ സ്വാധീനിക്കൽ, ജാതി സംഘടനകളുടെ പ്രാദേശിക നേതാക്കന്മാരെ സ്വാധീനിക്കൽ, ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള നീക്കങ്ങൾ തുടങ്ങിയ പഴയകാല തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ എല്ലാം ഇതിനകം മൂന്ന് മുന്നണികളും പയറ്റിക്കഴിഞ്ഞു.

പ്രചാരണം അവസാനഘട്ടത്തിലെത്തുമ്പോൾ അടിയൊഴുക്കുകൾ ഏതൊക്കെ രൂപത്തിൽ വരുമെന്നുപോലും കണ്ടെത്താനാകാത്ത അവസ്ഥയാണ് കരുനാഗപ്പള്ളിയിൽ. മൂന്ന് മുന്നണികളും ഇഞ്ചോടിഞ്ച് മത്സരമാണ് നടത്തുന്നത്. സി.ആർ. മഹേഷ് ആദ്യഘട്ടത്തിൽ പ്രചാരണത്തിൽ ഏറെ മുന്നേറിയെങ്കിലും ഇപ്പോൾ നിയോജക മണ്ഡലം കൺവെൻഷനുകൾ, പഞ്ചായത്ത് കൺവെൻഷനുകൾ, വാർഡ് തലത്തിൽ കുടുംബ സംഗമങ്ങൾ എന്നിവ നടത്തി മറ്റ് സ്ഥാനാർഥികളും ഒപ്പം എത്തിയിട്ടുണ്ട്.
മൂന്ന് സ്ഥാനാർഥികളും അവരവരുടെ വ്യക്തിപരമായ മികവുകളും സംഘടനയുടെ പ്രഖ്യാപിത നയങ്ങളും ലക്ഷ്യങ്ങളും പറഞ്ഞാണ് വോട്ടർമാരെ സ്വാധീനിക്കുന്നത്. എടുത്തുപറയത്തക്ക വികസന പദ്ധതികളൊന്നും അടുത്ത കാലത്ത് പൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫിനെതിരെ ഇടത്, എൻഡിഎ മുന്നണികൾ പ്രചാരണം അഴിച്ചുവിടുന്നത്. വികസനം എംഎൽഎ മാത്രം വിചാരിച്ചാൽ നടക്കില്ലെന്നും പ്രതിപക്ഷ പ്രതിനിധിയെ അവഗണിച്ചത് ഭരണപക്ഷത്തിന്റെ പ്രതികാര നടപടിയല്ലേ എന്നുമുള്ള മറുവാദം യുഡിഎഫും ഉയർത്തുന്നു.
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്‌റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരിച്ചിരുന്ന കരുനാഗപ്പള്ളി നഗരസഭയും ക്ലാപ്പന, കുലശേഖരപുരം പഞ്ചായത്തുകളും യുഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിനും യുഡിഎഫിനും തുല്യ സീറ്റുകൾ ഉണ്ടായിരുന്ന ഓച്ചിറ പഞ്ചായത്തിൽ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചു. ആലപ്പാട് പഞ്ചായത്ത് യുഡിഎഫിന് നഷ്ടമായപ്പോൾ തഴവ, തൊടിയൂർ പഞ്ചായത്തുകൾ എൽഡിഎഫ് നിലനിർത്തുകയും ചെയ്തു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചു. മണ്ഡലത്തിൽ ഉൾപ്പെടുന്ന ഓച്ചിറ, കുലശേഖരപുരം ജില്ലാപഞ്ചായത്ത് ഡിവിഷനുകൾ എൽഡിഎഫിന് നഷ്ടമായി. കരുനാഗപ്പള്ളി മണ്ഡലംകൂടി ഉൾപ്പെടുന്ന തൊടിയൂർ ജില്ലാപഞ്ചായത്ത് ഡിവിഷൻ എൽഡിഎഫ് നിലനിർത്തുകയും ചെയ്തു.












Click it and Unblock the Notifications