പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വ്യാപക റെയിഡ്: കേന്ദ്ര സേനയും ഇറങ്ങി, യഹിയ തങ്ങള്‍ കസ്റ്റഡിയില്‍
തൃശ്ശൂർ/പത്തനംതിട്ട: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളില്‍ വ്യാപക റെയിഡ്. നേതാക്കളുടെ വീടുകളിലും പാർട്ടി ഓഫീസുകളിലുമാണ് റെയിഡ് നടക്കുന്നത്. എന്‍ ഐ എ നേതൃത്വത്തില്‍ അമ്പതോളം കേന്ദ്രങ്ങളില്‍ ഒരേ സമയം റെയിഡ് നടക്കുന്നുണ്ടന്നാണ് വിവരം. ദില്ലിയിലും കേരളത്തിലുമായി രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന. എന്‍ ഐ എക്ക് സഹായവുമായി കേന്ദ്ര സേനയും രംഗത്തുണ്ട്.
അതേസമയം, വിവിധ കേന്ദ്രങ്ങളില്‍ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ഭാഗത്ത് നിന്നും പ്രതിഷേധവും ഉയർന്നിട്ടുണ്ട്. പരിശോധന നടക്കുന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ പ്രവർത്തകർ പ്രതിഷേധം നടത്തുകയാണ്. മറ്റ് പലയിടങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്.

സംസ്ഥാന പൊലീസിനെ അറിയിക്കാതെയായിരുന്നു എന്‍ ഐ എ റെയിഡ്. വീടുകളിലും ഓഫീസുകളിലും പരിശോധന ആരംഭിച്ചതിന് ശേഷമാണ് പ്രാദേശിക പൊലീസ് സ്റ്റേഷനുകള്‍ വിവരം അറിഞ്ഞത്. നേരത്തെ തീരുമാനിച്ചുറപ്പിച്ച പ്രകാരമുള്ള പരിശോധനയാണ് നടക്കുന്നത്. ദില്ലിയില്‍ നിന്നു സംഘത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പരിശോധന നടക്കുന്നുണ്ട്. പ്രധാന കേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റും റെയ്ഡിന്റെ ഭാഗമായിട്ടുണ്ട്.

നേതാക്കളെ എന്‍ ഐ എ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൃശ്ശൂർ പെരുമ്പിലാവ് സ്വദേശിയും പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യാഹിയ തങ്ങളുടെ എന്‍ ഐ എ കസ്റ്റഡയില്‍ എടുത്തു. റെയിഡ് നടത്തിയതിന് പിന്നാലെയായിരുന്നു കേന്ദ്ര ഏജന്‍സിയുടെ നടപടി. കസ്റ്റഡിയിലെടുത്ത ഇദ്ദേഹത്തെ കൊച്ചിയിലേക്ക് കൊണ്ടുപോയി.

പത്തനംതിട്ടയിലെ എസ് ഡി പി ഐ ജില്ലാ പ്രസിഡന്റന്റെ വീട്ടിലും റെയിഡ് നടക്കുന്നുണ്ട്. പുലർച്ചെ 4.30 നാണ് പരിശോധന ആരംഭിച്ചത്. പരിശോധന ആരംഭിച്ചതിന് പിന്നാലെ വീടിന് പുറത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പ്രതിഷേധം ആരംഭിച്ചു. അതേസമയം റെയിഡ് ഭരണകൂട ഭീകരതയാണെന്ന് ആരോപിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കള്‍ രംഗത്ത് എത്തി.

'സംസ്ഥാനത്തെ പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ, ഇഡി എന്നീ കേന്ദ്ര ഏജൻസികൾ അർദ്ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണ്. ദേശീയ സംസ്ഥാന പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാന കമ്മിറ്റി ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുക.'- പോപ്പുലർ ഫ്രണ്ട് സംസ്ഥന ജനറല്‍ സെക്രട്ടറി സത്താർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി സെപ്റ്റംബർ 18 ന് ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും ഒന്നിലധികം സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ആന്ധ്രാപ്രദേശിലെ നെല്ലൂർ, നന്ദ്യാൽ, തെലങ്കാനയിലെ ജഗ്തിയാൽ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇതിനു പിന്നാലെയാണ് രാജ്യവ്യാപക റെയ്ഡ് നടക്കുന്നത്. സാമ്പത്തിക ക്രമക്കേടുകളും അന്വേഷണത്തിന്റെ ഭാഗമാണ്.

എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലെ മുഖ്യപ്രതി ഷാഹിദ് എന്ന ഷാഹിദ് ചൗഷിന്റെ വസതിയിലുള്‍പ്പടേയായിരുന്നു ഏജന്‍സി പരിശോധന നടത്തിയത്. 41(എ) ക്രിമിനല്‍ നടപടി ചട്ടം (സിആര്‍പിസി) പ്രകാരമാണ് ഷാഹിദിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. തീവ്രവാദ ബന്ധത്തിന്റെ സ്രോതസ്സുകള്‍ കണ്ടെത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നായിരുന്നു എന്‍ ഐ എ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.

ഡിജിറ്റല്‍ ഉപകരണങ്ങള്‍, രേഖകള്‍, രണ്ട് കഠാരകള്‍, 8,31,500 രൂപ എന്നിവ ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് റെയ്ഡ് നടത്തിയ എന്‍ഐഎ സംഘം പിടിച്ചെടുക്കുകയും നാല് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിടുക്കയും ചെയ്തു. ക്രിമിനല്‍ ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍, അവര്‍ പോപ്പുലര്‍ ഫ്രണ്ട് (പിഎഫ്‌ഐ) അംഗങ്ങളെ റിക്രൂട്ട് ചെയ്തു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പരിശീലനം നല്‍കുന്നതിനായി ക്യാമ്പുകള്‍ സംഘടിപ്പിച്ചെന്നും എന്‍ ഐ റിപ്പോർട്ടില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications