കോൺഗ്രസ് വിട്ടു വന്നാൽ കെവി തോമസിനെ സ്വീകരിക്കും;കോടിയേരി ബാലകൃഷ്ണൻ
കണ്ണൂർ; കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷവുമായി സഹകരിക്കാന്‍ തയ്യാറായാല്‍ കെവി തോമസിനെ സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബഹുസ്വരതയ്ക്ക് പ്രാധാന്യം നൽകുന്നത് കൊണ്ടാണ് മറ്റ്പാർട്ടിയിലെ നേതാക്കളെ സെമിനാറിലേക്ക് ക്ഷണിക്കുന്നത്. കെവി തോമസുമായി മുന്‍പ് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.
കോൺഗ്രസ് വിട്ടു വന്നാൽ കെ വി തോമസിനെ സ്വീകരിക്കാനും സ്വാഗതം ചെയ്യാനും തയ്യാറാണ്. കോൺഗ്രസിലെ പല നേതാക്കളും പാർട്ടിയിൽ നിന്നും രാജി വെച്ച് ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി സഹകരിക്കുന്ന സ്ഥിതി കേരളത്തിൽ ഉണ്ട്. കെ പി സി സിയുടെ മൂന്ന് ജനറൽ സെക്രട്ടറിമാരാണ് ഇതുവരെ രാജിവെച്ച് സി പി എമ്മിൽ എത്തിയത്. നേരത്തേ കോൺഗ്രസ് നേതാക്കൾ പാർട്ടിയിൽ നിന്നും രാജിവെച്ചാൽ തന്നെ ഇടതുപക്ഷത്തോടൊപ്പം ചേരാറില്ല. സഖ്യകക്ഷികളിലൂടെയാണ് എൽ ഡി എഫിൽ എത്താറുള്ളത്. ആ സ്ഥിതി ഇപ്പോൾ മാറിയിരിക്കുകയാണ്.

കെ വി തോമസുമായി യാതൊരു ചർച്ചയും നടന്നിട്ടില്ല. ഇപ്പോഴാണ് കെ വി തോമസ് തന്റെ നിലപാട് വ്യക്തമാക്കിയത്. സെമിനാറിന് ക്ഷണിച്ചപ്പോൾ തന്നെ വരാമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ശശി തരൂരിനെ സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും ഹൈക്കമാന്‍ഡ് വിലക്കിയതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ബഹുസ്വരതയ്ക്ക് പ്രാധാന്യം നൽകുന്നത് കൊണ്ടാണ് മറ്റ്പാർട്ടിയിലെ നേതാക്കളെ സെമിനാറിലേക്ക് ക്ഷണിക്കുന്നത്.വ്യത്യസ്ത അഭിപ്രായം ഉള്ളവരാണെങ്കില്‍ അത് അവര്‍ സെമിനാറില്‍ പങ്കെടുത്ത് പറയട്ടെ,.സി പി എം നിലപാടുകൾ ചർച്ച ചെയ്യാനാണെങ്കിൽ തങ്ങളുടെ നേതാക്കളെ മാത്രം ഉൾപ്പെടുത്തി കൊണ്ടുള്ള സെമിനാറുകൾ മാത്രം നടത്തിയാൽ മതിയായിരുന്നല്ലോയെന്നും അദ്ദേഹം ചോദിച്ചു.
എറണാകുളത്ത് സംസ്ഥാന സമ്മേളനം നടന്നപ്പോൾ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നു. എന്നാൽ അദ്ദേഹം പരിപാടിയിൽ വന്നിരുന്നില്ല. അത് അവരുടെ നിലപാടിന്റെ ഭാഗമാണ്. സി പി എമ്മുമായി സഹകരിക്കേണ്ടെന്നതാണ് അവരുടെ നിലപാട്. കാരണം ബി ജെ പിക്ക് അലോസരം ഉണ്ടാക്കുന്ന കാര്യങ്ങളാണ് സി പി എം ചർച്ച ചെയ്യുന്നത്. ബി ജെ പിക്ക് അലോസരം ഉണ്ടാക്കുന്ന കാര്യങ്ങൾ അവർ കേരളത്തിൽ ചെയ്യാൻ തയ്യാറല്ല. ബി ജെ പിയുമായി ചേർന്ന് സമരം നടത്തുന്നതിലാണ് അവർ പ്രാധാന്യം കൽപ്പിക്കുന്നത്. സി പി എം വിരുദ്ധ നിലപാടാണ് കേരളത്തിലെ കോൺഗ്രസിന്റേത്.
അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പിയെ എങ്ങനെ താഴെയിറക്കാം എന്നതാണ് സി പി എമ്മിനെ സംബന്ധിച്ച പ്രധാന ചർച്ച വിഷയമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം പാർട്ടി വിട്ട് വന്നാൽ കെ വി തോമസിനെ സ്വീകരിക്കുമോയെന്ന ചോദ്യത്തിന് അത് ഭാവിയിൽ തിരുമാനിക്കും എന്നായിരുന്നു കോടിയേരിയുടെ മറുപടി.
Recommended Video

ഇന്ന് രാവിലെ വിളിച്ച് ചേർത്ത പത്രസമ്മേളനത്തിലായിരുന്നു ഹൈക്കമാന്റ് വിലക്കിനെ തള്ളി സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുമെന്ന് കെ വി തോമസ് വ്യക്തമാക്കിയത്. സെമിനാർ ദേശീയ പ്രാധാന്യം ഉള്ളതാണ്. അതുകൊണ്ടാണ് പങ്കെടുക്കാൻ അനുമതി തേടിയതെന്നായിരുന്നു കെ വി തോമസ് പറഞ്ഞത്. അതേസമയം മറ്റൊരു പാർട്ടിയിലേക്കും പോകാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും കെ വി തോമസ് പറഞ്ഞു. ജന്മം കൊണ്ട് കോൺഗ്രസുകാരനാണ് ഞാൻ. പൊട്ടിമുളച്ചുവന്നതല്ല.കോൺഗ്രസിൽ തന്നെ തുടരുമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.
അതേസമയം സെമിനാറിൽ പങ്കെടുത്താൽ കെ വി തോമസിനെതിരെ നടപടിയെടുക്കാൻ എ ഐ സി സിയോട് ആവശ്യപ്പെടുമെന്ന് പാർട്ടി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. എന്ത് പരാതിക്കും പരിഹാരമുണ്ടാക്കാമെന്ന് തോമസ് മാഷിന് ഉറപ്പുനൽകിയിരുന്നതാണെന്നും കെ സുധാകരൻ പറഞ്ഞു.












Click it and Unblock the Notifications