കണ്ണൂരിലേക്ക്, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് കെവി തോമസ്
തിരുവനന്തപുരം; സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുമെന്ന് മുതിർന്ന നേതാവ് കെവി തോമസ്. ഇന്ന് വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കണ്ണൂരിൽ നടക്കുന്നത് സി പി എമ്മിന്റെ ദേശീയ സമ്മേളനമാണ്. താൻ സമ്മേളനത്തിലേക്ക് അല്ല പോകുന്നത്. സെമിനാറിൽ പങ്കെടുക്കാനാണ്. മറ്റ് ഒരു പാർട്ടിയിലക്കും താൻ പോകാൻ ഉദ്ദേശിച്ചിട്ടില്ലെന്നും കെ വി തോമസ് പറഞ്ഞു.

ബി ജെ പിയെ എതിർക്കുന്ന ആളുകൾ ഒറ്റക്കെട്ടായി നിൽക്കണം. ഇതൊരു ദേശീയ പ്രശ്നമാണെന്ന് താൻ കരുതുന്നു. കോൺഗ്രസിന് പരിമിതികൾ ഉണ്ട്. കേരളത്തിൽ ചില പ്രത്യേക സാഹചര്യങ്ങൾ കൊണ്ട് സി പി എമ്മും കോൺഗ്രസും രണ്ട് തട്ടിലാണ്. അത് കേരളത്തിലെ മാത്രം വിഷയമാണ്. മാര്‍ച്ചിൽ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ കണ്ടിരുന്നു. അദ്ദേഹമാണ് സെമിനാറിന്റെ വിഷയം പറഞ്ഞത്. സെമിനാർ ദേശീയ പ്രാധാന്യം ഉള്ളതാണ്. അതുകൊണ്ടാണ് പങ്കെടുക്കാൻ അനുമതി തേടിയത്. അതിന്റെ പേരിൽ തന്നെ പുറത്താക്കുമെന്ന ഭീഷണിയാണ് മുഴക്കിയത്.
രാഹുൽ ഗാന്ധിയടക്കം സിപിഎം പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. കോയമ്പത്തൂരിൽ രാഹുൽ ഗാന്ധി നേരിട്ടാണ് സി പി എം സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തിയത്. സ്റ്റാലിൻ പങ്കെടുക്കുന്ന അതേ സെമിനാറിലാണ് താൻ പങ്കെടുക്കേണ്ടത്.എന്തിനാണ് സെമിനാറിൽ പങ്കെടുക്കുന്നതിന് ഇത്ര വിരോധം കാണിക്കുന്നത്.
സെമിനാറിൽ പങ്കെടുക്കേണ്ടത് സംബന്ധിച്ച് ചർച്ചയുണ്ടാകുമ്പോൾ എന്നോട് സംസാരിക്കുകയാണ് നേതൃത്വം ചെയ്യേണ്ടിയിരുന്നത്. പാർട്ടിയിൽ നിന്നും പുറത്താക്കുമെന്നൊക്കെ ഭീഷണിപ്പെടുത്തുന്നത് ശരിയായ നടപടിയാണോ. എന്നെ പാർട്ടിയിലേക്ക് കെട്ടിയിറക്കിയതല്ല. ജന്മം കൊണ്ട് കോണ്‍ഗ്രസുകാരനാണ്. ഞാന്‍ കോണ്‍ഗ്രസിന് എന്ത് സംഭാവന ചെയ്തുവെന്നാണ് ചോദിക്കുന്നത്. അത് അറിയണമെങ്കില്‍ ചരിത്രം പരിശോധിക്കണം.പാർട്ടിയിൽ എന്നും അച്ചടക്കം പാലിച്ചയാളാണ് ഞാൻ. തനിക്ക് വേദനിച്ചപ്പോൾ പോലും പാർട്ടിക്കൊപ്പം നിന്നയാളാണ്.
തന്നെ ഏൽപ്പിച്ച മുഴുവൻ ജോലികളും ഞാൻ കൃത്യമായി ചെയ്തു. 2019 ൽ എനിക്ക് സീറ്റ് നിഷേധിച്ചു. ഒന്നര വർഷക്കാലം കാത്ത് നിന്നു. പാർട്ടിയിൽ മാന്യമായ പദവി തനിക്ക് നൽകിയില്ല. ഞാൻ ആരോടും സീറ്റ് ചോദിച്ചിട്ടില്ല. വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കിയത് അറിയുന്നത് ടിവിയിലൂടെയാണ്. തനിക്കൊപ്പം വർക്കിംഗ് പ്രസിഡന്റ് ആയിരുന്ന കെ സുധാകരൻ കെ പി സി സി അധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് ഇപ്പോഴും തുടരുന്നു. പ്രായമായവർ മാറിനിൽക്കണമെന്ന മാനദണ്ഡം എനിക്കു മാത്രം മതിയോ. കോൺഗ്രസിന് അങ്ങനെയൊരു നയമുണ്ടോ? ഇത്രവട്ടമേ തിരഞ്ഞെടുപ്പിൽ ജയിക്കാവൂ എന്നുണ്ടോ?, ജനമാണ് എന്നെ ജയിപ്പിച്ചത്. ഭീഷണിയുടെ പുറത്ത് തന്നെ വീഴ്ത്താമെന്ന് ആരും കരുതേണ്ട.
സോഷ്യൽ മീഡീയ വഴി കടുത്ത സൈബർ ആക്രമണമാണ് താൻ നേരിടുന്നത്. ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത് വിവിധ കോൺഗ്രസ് നേതാക്കളാണെന്നും കെവി തോമസ് കുറ്റപ്പെടുത്തി. ഞാൻ എ ഐ സി സി അംഗമാണ്. കെ പി സി സി നേതൃത്വത്തിന് തന്നെ പുറത്താക്കാൻ എന്തായാലും സാധിക്കില്ല. അത് അറിയാതെയാണ് ചിലരുടെ പ്രതികരണം. തിരുത്തേണ്ടത് കോണ്‍ഗ്രസാണെന്നും തോമസ് പറഞ്ഞു. അതേസമയം മറ്റൊരു പാർട്ടിയിലേക്കും താൻ പോകാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സെമിനാറിൽ പങ്കെടുക്കാനുള്ള കെ വി തോമസിന്റെ തിരുമാനത്തിൽ കോൺഗ്രസ് എന്ത് നിലപാടെടുക്കുമെന്നാണ് ഇനി ഉറ്റുനോക്കുന്നത്. പാർട്ടി തിരുമാനം ലംഘിച്ചാൽ പുറത്താക്കൽ ഉൾപ്പെടെയുള്ള കടുത്ത നടപടിയിലേക്ക് നീങ്ങുമെന്നായിരുന്നു പാർട്ടി അധ്യക്ഷൻ കെ സുധാകരൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.












Click it and Unblock the Notifications