ഇന്ത്യയില്‍ കോവിഡിന്റെ നാലാം തരഗം വരുമോ?: സാധ്യത വളരെ കുറവെന്ന് വിദഗ്ധന്‍
ദില്ലി: രാജ്യത്തെ കൊറോണ വൈറസിന്റെ നാലാം തരംഗത്തിനുള്ള സാധ്യതകള്‍ വളരെ കുറവാണെന്ന് വിദഗ്ധർ. നിലവില്‍ പ്രതിദിന കേസുകള്‍ ഗണ്യമായി കുറഞ്ഞതിനാൽ, നാലാമത്തെ കോവിഡ് തരംഗം പ്രവചിക്കാൻ ശാസ്ത്രീയവും പകർച്ചവ്യാധിയും വൈറോളജിക്കൽപരുവുമായ കാരണങ്ങളൊന്നുമില്ലെന്നാണ് പ്രമുഖ വൈറോളജിസ്റ്റും സിഎംസി വെല്ലൂരിലെ മുൻ പ്രൊഫസറുമായ ഡോ ടി ജേക്കബ് ജോൺ അഭിപ്രായപ്പെട്ടത്. നാലാം തരംഗത്തിന്റെ സാധ്യത വളരെ കുറവാണെങ്കിലും എല്ലാവരും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈറസുകളും അവയുടെ ജനിതക ക്രമങ്ങളും നിരീക്ഷിച്ചുകൊണ്ടേയിരിക്കേണ്ടതുണ്ടെന്നും ഏതെങ്കിലും പുതിയ വകഭേദങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ടോ എന്നും ശ്രദ്ധിക്കണം. മാത്രമല്ല ഏതെങ്കിലും വകഭേദങ്ങൾ പ്രാദേശികമായി കൂടുതൽ സ്ഥലങ്ങളിൽ ഒമിക്രോണിനെ മറികടക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കേണ്ടതുണ്ടെന്നും ജേക്കബ് ജോണ്‍ അഭിപ്രായപ്പെടുന്നു. ഗണിതശാസ്ത്ര മോഡലിംഗിനെ അടിസ്ഥാനമാക്കി തരംഗങ്ങൾ പ്രവചിക്കുന്നതിൽ താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

"എങ്ങനെയാണ് മനുഷ്യരിൽ ഭയം വളർത്തിയെടുക്കേണ്ടതെന്നും അത് എന്ത് ഉദ്ദേശ്യങ്ങൾക്കുവേണ്ടിയാണെന്നും എനിക്ക് മനസ്സിലാകുന്നില്ല. അതിനാൽ ഗണിതശാസ്ത്ര മോഡലിംഗിനെ അടിസ്ഥാനമാക്കി ഒരു തരംഗത്തെ പ്രവചിക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. നിലവില്‍ നാലം തരംഗത്തെ പേടിക്കേണ്ട ഒരു സാഹചര്യമില്ല. ഭാവി പ്രവചിക്കുന്നതിനെക്കുറിച്ച് ആത്മവിശ്വാസം പുലർത്താൻ മതിയായ വിവരങ്ങളുണ്ട്''- ജേക്കബ് ജോണ്‍ പറഞ്ഞു.
അതേസമയം, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 181.24 കോടി (1,81,24,97,303) പിന്നിട്ടു. 2,14,03,116 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 18 ലക്ഷത്തിനടുത്ത് (17,99,684) കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ കുത്തിവയ്പിന്റെ
ആദ്യ ഡോസ് നല്‍കി.
രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം തുടര്‍ച്ചയായി താഴുന്നു. നിലവിലെ രോഗബാധിതരുടെ എണ്ണം ഇന്ന് 25,106 ആയി കുറഞ്ഞു, ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.06% ആണ്. ദേശീയ രോഗമുക്തി നിരക്ക് 98.74 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,652 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,24,67,774 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,549 പേര്‍ക്കാണ്. രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,84,499 പരിശോധനകള്‍ നടത്തി. ആകെ 78.30 കോടിയിലേറെ (78,30,45,157) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.40 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.40 ശതമാനമാണ്.












Click it and Unblock the Notifications