'മതപരമായ വേഷങ്ങൾ അനുവദിക്കാത്തത് മൗലികാവകശത്തിന്റെ ലംഘനം', സർക്കാരിനെതിരെ വനിതാ ലീഗ്
കോഴിക്കോട്: മതപരമായ വേഷങ്ങള്‍ സ്റ്റുഡന്‍സ് പോലീസിന് അനുവദിക്കാനാകില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം. സ്റ്റുഡന്റസ് പോലീസിന് ഹിജാബും സ്‌കാര്‍ഫും ഫുള്‍സ്ലീവ് വേഷവും അനുവദിക്കാനാകില്ലെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. വനിതാ ലീഗ് സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്. മൗലികാവകാശത്തിന്റെ ലംഘനമാണ് ഇതെന്ന് വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹ്‌റ മമ്പാട് പ്രതികരിച്ചു.
സുഹ്റ മമ്പാടിന്റെ പ്രതികരണം: '' സ്റ്റുഡൻസ് പോലീസിന് ഹിജാബും സ്കാർഫും അനുവദിക്കാനാവില്ലെന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് അംഗീകരിക്കാനാവില്ല. മത വിശ്വാസപ്രകാരമുള്ള വസ്ത്രങ്ങൾ SPC യുടെ മതേതര സ്വഭാവത്തെ ബാധിക്കുമെന്നാണു സർക്കാറിന്റെ പക്ഷം. എന്നാൽ വൈവിധ്യങ്ങളെ ഉൾക്കൊള്ളലാണു ഇന്ത്യൻ മതേതരത്വത്തിന്റെ അന്തസത്ത. വസ്ത്രത്തിലും, ഭാഷയിലും, ഭക്ഷണത്തിലും, മതത്തിലും എല്ലാമുള്ള വൈവിധ്യങ്ങൾ ഒന്നുചേർന്ന മനോഹരമായ ഉദ്യാനമാണു ഭാരതം. റിപബ്ലിക്ക് ദിന പരേഡിൽ കണ്ടതുപോലെ ഒന്നിലേക്ക് മാത്രം ചുരുക്കലല്ല 'ഹിന്ദുസ്ഥാൻ' എന്ന മഹത്തായ രാജ്യത്തിന്റെ ആശയം.
ഫാസിസ്റ്റ് സർക്കാറിന്റെ ആ രീതി കേരളത്തിലും കൊണ്ടുവരുന്നത് രാജ്യത്തിന്റെ മതേതരത്വ ആശയത്തിനു നല്ലതല്ല. ഗ്രേസ് മാർക്കും മറ്റും ലഭിക്കുന്ന SPCയിൽ മതത്തിന്റെ ഭാഗമായ വേഷങ്ങൾ അനുവദിക്കാത്തത് മൗലികാവകശത്തിന്റെ ലംഘനമാണ്. വിശാലമായ അർത്ഥത്തിലും ആശയത്തിലും മതേതരത്വം മനസ്സിലാക്കാനും നടപ്പിലാക്കാനും ഭരിക്കുന്നവർ ശ്രമിക്കണം. SPC യൂണിഫോമിലും സ്കൂൾ യൂണിഫോമിലും ഇത്തരം കടന്നുകയറ്റങ്ങൾ കുട്ടികളുടെ അഭിരുചികൾക്ക് വിലങ്ങുതടിയാവും. പ്രകടന പരതക്കപ്പുറത്ത് രാജ്യത്തിന്റെ ഉന്നതമായ മൂല്യങ്ങളാണു മതേതരത്വവും മൗലീക അവകാശങ്ങളും. അതിനാൽ സർക്കാർ മൗലീക അവകാശങ്ങളുടെ മേലുള്ള ഈ കടന്നു കയറ്റം പിൻവലിക്കണം എന്ന് അഭിപ്രായപ്പെടുന്നു''.

എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തെഹ്ലിയയും സർക്കാർ നിലപാടിനെതിരെ രംഗത്ത് വന്നിട്ടുണ്ട്: '' മതപരമായ വസ്ത്രം അനുവദിക്കപ്പെട്ട ഒരുപാട് സേനകൾ ഇന്ത്യയിലുണ്ട് എന്നിരിക്കെ എസ്.പി.സി കേഡറ്റിന് തലയും കൈയ്യും മറച്ചുള്ള യൂണിഫോം അനുവദിക്കില്ല എന്ന സർക്കാർ തീരുമാനം മൗലിക അവകാശങ്ങളുടെ ലംഘനമാണ്. മതപരമായ വസ്ത്രം സേനയുടെ മതേതര സ്വഭാവം നശിപ്പിക്കുമെന്ന സർക്കാർ വാദം ബാലിശമാണ്. ഇന്ത്യൻ ആർമിയിൽ മതപരമായ വസ്ത്രം ധരിക്കുന്ന ധാരാളം സിഖ് സൈനികരുണ്ട്. സിഖ് റെജിമെന്റ് എന്ന പേരിൽ ഒരു റെജിമെന്റ് തന്നെയുണ്ട് ഇന്ത്യൻ ആർമിയിൽ. മതപരമായ വസ്ത്രം ധരിക്കമെന്ന് ആഗ്രഹിക്കുന്ന പെണ്കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്ന എസ്.പി.സിയിൽ പ്രവർത്തിക്കാൻ പറ്റാതെ വരുന്നത് ജനാധിപത്യ രാജ്യത്ത് ഭൂഷണമല്ല''.
ഹരിത മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയും സര്‍ക്കാരിനെതിരെ രംഗത്ത് വന്നു: ''സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിദ്യഭ്യാസത്തിന്റെ ഭാഗമായുള്ള നിർബന്ധിത സർവീസ് അല്ലെന്നും, അതിനാൽ തന്നെ SPC യൂണിഫോമിന്റെ 'അന്തസ്സ്' ഉയർത്തിപ്പിടിക്കാൻ സാധ്യമാവുന്നവർ മാത്രം ഇതിൽ ഭാഗമായാൽ മതിയെന്നുമാണ് ഗവൺമന്റ് ഉത്തരവ്. കുറ്റ്യാടിയിലെ വിദ്യാർത്ഥിനി റിസ നഹാൻ നൽകിയ അപേക്ഷയിന്മേലാണു ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. ഗുരുതരമായ അവകാശ ലംഘനമാണിത്.
ഹിജാബ് ധരിച്ചുകൊണ്ട് പോലീസ് യൂണിഫോം ധരിക്കുന്നത് അന്തസ്സിലായ്മയും, 'മതേതരത്വത്തിന്' കളങ്കം വരുത്തുന്നതുമാണ് എന്ന് ഗവൺമന്റ് പറയുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇന്ത്യയിൽ തന്നെ മറ്റു മതന്യൂനപക്ഷങ്ങൾക്ക് പോലീസ് സേനയിലടക്കം മതചിഹ്നങ്ങളുള്ള യൂണിഫോം ധരിക്കാൻ അനുമതിയുണ്ടായിരിക്കെ ഇപ്പോൾ കേരള സർക്കാർ കാണിക്കുന്ന ഈ മതേതരത്വബോധം വെറും കാപട്യവും അവകാശലംഘനവുമാണ്''.












Click it and Unblock the Notifications