50ലധികം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു.. കോട്ടയം സ്വദേശിയായ 25കാരൻ അറസ്റ്റിൽ!!
കോട്ടയം: അമ്പതിലധികം സ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്ത യുവാവ് അറസ്റ്റിൽ. 25 വയസ്സുള്ള അരീപ്പറമ്പ് തോട്ടപ്പള്ളി പ്രതീഷ് കുമാര്‍ എന്ന ഹരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശിയാണ് പ്രതി. ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന ഇയാള്‍ ഒരു വര്‍ഷം മുമ്പാണ് തിരിച്ചെത്തിയത്.
വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ3 ദിവസമായി മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ വെള്ളിയാഴ്ചയാണ് പ്രതീഷ് അറസ്റ്റിലായത്. യാളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിരുന്നു. പരിശോധനയിൽ 58 ഫോൾഡറുകളിൽ 58 സ്ത്രീകളുടെ ദൃശ്യങ്ങളും ഫോട്ടോകളും കണ്ടെത്തിയതായി ജില്ലാ പോലീസ് മേധാവി ഹരിശങ്കർ പറഞ്ഞു.
ബിബിഎ ബിരുദധാരിയായ ഇയാള്‍ തിരിച്ചുവന്ന ശേഷം ഫോട്ടോഗ്രാഫി ജോലികള്‍ ചെയ്ത് വരികയായിരുന്നു. സ്വന്തമായി ഒരു സ്റ്റുഡിയോ നടത്തിയിരുന്നു. അതേസമയം ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുള്ള സ്ത്രീകളെ സാമ്പത്തികമായും ചൂഷണം ചെയ്തതായും സംശയിക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ ഒരു വീട്ടമ്മയുടെ പരാതി മാത്രമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.
താല്‍പര്യം തോന്നുന്ന സ്ത്രീകളോട് യാദൃശ്ചികമായി എന്ന നിലയില്‍ പ്രതി പരിചയപ്പെടും. പിന്നീട് എങ്ങിനെയെങ്കിലും ഫോൺ നമ്പർ കൈക്കലാക്കും. തുടര്‍ന്ന് കുടുംബ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ഇടപെടാന്‍ തുടങ്ങും. പരിചയപ്പെടുന്ന സ്ത്രീകളുടെ ഭര്‍ത്താക്കന്മാര്‍ക്ക് പരസ്ത്രീബന്ധം ഉണ്ടെന്നു വരുത്തി തീര്‍ക്കാന്‍ ആവശ്യമായ വ്യാജ തെളിവുകളുണ്ടാക്കി ഭാര്യയെ അയച്ചുകൊടുക്കുകയാണ് പതിവെന്ന് പോലീസ് പറയുന്നു.
സ്ത്രീകളുടെ പേരില്‍ തുടങ്ങുന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നും ഭര്‍ത്താക്കന്മാരുമായി നടത്തുന്ന ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ് ഭാര്യമാർക്ക് അയച്ചുകൊടുക്കുക. സ്ത്രീകളുമായി ഇയാള്‍ ബന്ധം ദൃഢപ്പെടുത്തിയ ശേഷം വീഡിയോ ചാറ്റിങ്ങിലൂടെ സ്ത്രീകളുടെ ഫോട്ടോകള്‍ കൈക്കലാക്കും. ഈ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് അവരെ ചൂഷണം ചെയ്യുകയാണ് ഇയാളുടെ പതിവ്.