'അനിലിനെന്ത് കോൺഗ്രസ്,എന്ത് ആർഎസ്എസ്,തലസ്ഥാനത്ത് നിന്ന് നീക്കണം'; വിമർശിച്ച് ബിനു ചുള്ളിയിൽ
ഇന്ത്യയിലുള്ളവര്‍ ബിബിസിയുടെ വീക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നത് അപകടകരമായ കീഴ്‌വഴക്കമാണെന്നായിരുന്നു അനിൽ ആന്റണിയുടെ പ്രതികരണം.

കൊച്ചി: ഇന്ത്യയിലുള്ളവര്‍ ബിബിസിയുടെ വീക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നത് അപകടകരമായ കീഴ്‌വഴക്കമാണെന്ന എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ട്വീറ്റിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിനു ചുള്ളിയിൽ. സംഘടനാ പരിചയം ഇല്ലാത്തവരെ എന്തിന്റെ പേരിലാണെങ്കിലും ഏതെങ്കിലും സ്ഥാനത്ത് പ്രതിഷ്ഠിച്ചാൽ സംഭവിക്കാൻ പോവുന്നത് ഇത് പോലെയുള്ള ദുരന്തങ്ങളായിരിക്കുമെന്ന് ബിനു കുറ്റപ്പെടുത്തി ഫേസ്ബുക്കിലൂടെയാണ് ബിനുവിന്റെ വിമർശനം.

'ബിബിസിക്കെതിരെ എകെ ആൻറണിയുടെ മകൻ' എന്നാണ് മാധ്യമങ്ങൾ ഇന്ന് നൽകിയ വാർത്ത തലക്കെട്ട്. അതിൽ തന്നെയുണ്ട് ഈ പാർട്ടിക്കേറ്റ ക്ഷീണം. ഡോക്യൂമെന്ററി വിവാദം രാജ്യത്തിൻ്റെ പരമാധികാരത്തിന് തുരങ്കംവയ്ക്കുന്നതാണെന്നും അനിൽ ആൻറണി ട്വീറ്റ് ചെയ്തിട്ടുണ്ട്. അനിലിന്റെ നിലപാട് പാർട്ടി നിലപാടിനു വിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണ്...
അനിൽ ആന്റണിയുടെ രാഷ്ട്രീയ നിലനിൽപ്പ് ബഹുമാന്യനായ എ. കെ ആന്റണി സാറിന്റെ മകൻ എന്ന നിലയിൽ മാത്രമാണ്.

സ്വന്തം അച്ഛൻ വളർത്തി വലുതാക്കിയ സംഘടനയുടെ നീലക്കൊടി പോലും അനിൽ ഇന്നുവരെ പിടിച്ചിട്ടില്ല. ആ അനിലാണ് രാജ്യവ്യാപകമായി കോൺഗ്രസ് എടുത്ത നിലപാടിന് വിരുദ്ധമായി അഭിപ്രായം പറയുന്നത്.
കെപിസിസി സോഷ്യൽ മീഡിയ കൊ-ഓർഡിനേറ്റർ ആണ് അനിൽ. അതിനാൽ തന്നെ അനിൽ ആന്റണിയുടെ സമൂഹമാധ്യമങ്ങളിലെ നിലപാട് വ്യക്തിപരമായി കാണാനാകില്ല. സംഘടന തലപ്പത്ത് ഇരുന്ന് പാർട്ടിക്ക് പാർട്ടിക്ക് ദോഷം ചെയ്യുന്ന നിലപാട് സ്വീകരിക്കരുത്.

ഒന്നുകിൽ അനിൽ ട്വീറ്റ് പിൻവലിച്ച് ഖേദം അറിയിക്കണം അല്ലെങ്കിൽ അനിൽ ആന്റണിയെ തലസ്ഥാനത്ത് നിന്ന് നീക്കണം.അതിന് ആദ്യം സമ്മതം നൽകുന്നത് എ.കെ ആന്റണി സാറാവും. ആ മനുഷ്യൻ ഉണ്ടാക്കിയ സൽപ്പേര് നശിപ്പിക്കാതെ അനിൽ പഴയ ജോലികളിലേക്ക് തന്നെ തിരിച്ചുപോകുന്നതാകും പാർട്ടിക്ക് നല്ലത്. അനുഭവം കൊണ്ടുകൂടിയാണ് പറയുന്നത്.

'സംഘടനാ പരിചയം ഇല്ലാത്തവരെ എന്തിന്റെ പേരിലാണെങ്കിലും ഏതെങ്കിലും സ്ഥാനത്ത് പ്രതിഷ്ഠിച്ചാൽ സംഭവിക്കാൻ പോവുന്നത് ഇത് പോലെയുള്ള ദുരന്തങ്ങളായിരിക്കും. അനിൽ ആന്റണിക്ക്എന്ത് കോൺഗ്രസ് / എന്ത് ആർ.എസ് എസ്', ബിനു ചുളളിയിൽ കുറിച്ചു. അതേസമയം വിവാദത്തിൽ അനിൽ ആന്റണിയെ തള്ളി കെ പി സി സി അധ്യക്ഷൻ കെ സുധാകരനും രംഗത്തെത്തി. കെപിസിസി ഡിജിറ്റല്‍ സെല്ലിന്റെ പുനഃസംഘടന പൂര്‍ത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികള്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സുധാകരന്‍ പറഞ്ഞു.ആ കച്ചിത്തുരുമ്പില്‍ പിടിച്ച് കോണ്‍ഗ്രസിനെ അപഹസിക്കാന്‍ ആരും ശ്രമിക്കേണ്ട. ആവിഷ്‌ക്കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് കോണ്‍ഗ്രസ് എന്നും പ്രതിജ്ഞാബദ്ധമാണെന്നും സുധാകരന്‍ പറഞ്ഞു.












Click it and Unblock the Notifications