എല്ലാം ഓക്കേയാണ് സാര്‍ എന്നാണ് പറഞ്ഞത്, എന്നിട്ട് എന്ത്യേ? ഉദ്യോഗസ്ഥരെ ശകാരിച്ച് ഗണേഷ് കുമാര്‍
കൊല്ലം: വീട്ടിലേക്കുള്ള വഴിയടച്ച് റോഡ് നിര്‍മിച്ച ഉദ്യോഗസ്ഥര്‍ക്ക് പത്തനാപുരം എംഎല്‍എ കെബി ഗണേഷ് കുമാറിന്റെ ശകാരം. വിളിച്ചു വരുത്തിയാണ് ഉദ്യോഗസ്ഥരെ അദ്ദേഹം ശകാരിച്ചത്. പലതവണ ആവശ്യപ്പെട്ടിട്ടും റോഡ് സൈഡില്‍ താമസിക്കുന്നവര്‍ക്ക് വഴി സൗകര്യം ക്രമീകരിക്കാത്തതാണ് കെബി ഗണേഷ്‌കുമാറിനെ പ്രകോപിപ്പിച്ചത്.
റോഡ് നിര്‍മാണത്തിന്റെ ഭാഗമായി വീടിനെക്കാള്‍ ഉയരത്തില്‍ കരിങ്കല്‍ ഭിത്തി കെട്ടിയതോടെയാണ് വഴി അടഞ്ഞത്. പത്തനാപുരം മുക്കടവില്‍ താമസിക്കുന്ന നീതിഭവനില്‍ ശ്രീകുമാരി ഒരുവര്‍ഷം മുമ്പ് ഇക്കാര്യം ചുണ്ടിക്കാട്ടി എംഎല്‍എയ്ക്ക് പരാതി നല്‍കിയിരുന്നു. പ്രശ്നം പരിഹരിക്കണം എന്ന് ഉദ്യോഗസ്ഥരോട് എംഎല്‍എ നിര്‍ദേശിക്കുകയും ചെയ്തതാണ്. എന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാതിരുന്നതോടെയാണ് എംഎല്‍എ റോഡിന്റെ നിര്‍മാണ ചുമതലയുള്ള കെഎസ്ടിപി ഉദ്യോഗസ്ഥരേയും കരാറുകാരേയും ശകാരിച്ചത്.

പലതവണ പരാതി പറഞ്ഞപ്പോഴും റോഡില്‍നിന്ന് വീട്ടിലേക്ക് റാമ്പ് സൗകര്യം ഒരുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഇതുവരെ ഇതൊന്നും നടന്നിട്ടില്ലെന്നും എം.എല്‍.എ പറഞ്ഞു. റോഡില്‍നിന്ന് താത്കാലിക റാമ്പ് നിര്‍മിച്ചാണ് നിലവില്‍ വീട്ടുകാര്‍ വഴിയൊരുക്കിയിട്ടുള്ളത്.
ഈ വീട്ടില്‍ ഒരു സ്ത്രീയാണ് താമസിക്കുന്നത്. ഞാന്‍ റാമ്പിന്റെ കാര്യം പറയുമ്പോള്‍ എല്ലാം റെഡിയായി എന്നാണ് പുള്ളി പറഞ്ഞത്. ഇവര് മനുഷ്യരല്ലേ.അവര് എത്ര നാളായിട്ട് പറയുന്നതാ...എന്നെ ഇവിടെവെച്ച് കാണുമ്പോല്‍ ഇവര് ഇടയ്ക്കിടയ്ക്ക് പറയുന്നതാണ്, ഞാന്‍ എല്ലാ മീറ്റിംഗിലും പറഞ്ഞതാ..അന്ന് പറഞ്ഞു എല്ലാം റെഡിയാണ് ഓകെയാണ്, അവരുടെ കാര്യം ശരിയായി ഓക്കെയാണെന്നാ പറഞ്ഞത്. എന്നട്ട് എന്ത്യേ..അവരാ ഈ നില്‍ക്കുന്നേ ഇവരുടെ കാര്യാ ഈ പറയുന്നേ, അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications