ഇരട്ട വോട്ടിനായി ബൂത്തിലെത്തിയാല്‍ പിടിവീഴും, ക്രിമിനല്‍ നടപടിയെന്ന് ഓര്‍മിപ്പിച്ച് കളക്ടര്‍
കൊല്ലം: ജനപ്രാതിനിധ്യ നിയമപ്രകാരം ഒന്നിലധികം വോട്ടര്‍ പട്ടികളില്‍ ഒരേ സമയം പേര് ഉള്‍പ്പെടുത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഒന്നില്‍ കൂടുതല്‍ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ള വോട്ടര്‍മാര്‍ അവര്‍ നിലവില്‍ താമസിക്കുന്ന നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ബൂത്തില്‍ മാത്രമേ വോട്ട് രേഖപ്പെടുത്താന്‍ പാടുള്ളൂ എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഒന്നിലധികം നിയോജക മണ്ഡലങ്ങളിലെ ബൂത്തുകളില്‍ വോട്ടു രേഖപ്പെടുത്താന്‍ ശ്രമിക്കുന്നതും ആള്‍മാറാട്ടം പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ വോട്ട് രേഖപ്പെടുത്താന്‍ ശ്രമിക്കുന്നതും ഇന്‍ഡ്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 179 പ്രകാരം ഒരുവര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണന്നും ജില്ലാ തിരഞ്ഞെടുപ്പു ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ ഇന്ന്(ഏപ്രില്‍ 5) രാവിലെ എട്ടിനകം നിയമനം ലഭിച്ചിട്ടുള്ള നിയമസഭാ നിയോജക മണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങളില്‍ വരണാധികാരി മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ഹാജരാകുന്നതില്‍ വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കും.
അതേസമയം റിസര്‍വ് പോളിംഗ് ഉദ്യോഗസ്ഥരായി നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ വരണാധികാരിയുടെ അനുമതിയില്ലാതെ വിതരണ കേന്ദ്രം വിട്ടുപോകാന്‍ പാടില്ലെന്നും കലക്ടര്‍ നിര്‍ദേശിച്ചു. പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ പോളിംഗ് സ്റ്റേഷനുകളില്‍ നിയമിച്ച എല്ലാ ട്രഷറി ജീവനക്കാരെയും കെ.എസ്.ഇ.ബി ക്യാഷ്യര്‍മാരെയും ഭിന്നശേഷിക്കാരായ ജീവനക്കാരെയും തിരഞ്ഞെടുപ്പ് ജോലികളില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ അറിയിച്ചു.
നിയമന ഉത്തരവ് ലഭിച്ച് വിവിധ കാരണങ്ങള്‍ ചൂണ്ടികാണിച്ച് അപേക്ഷ സമര്‍പ്പിച്ച ജീവനക്കാരില്‍ തിരഞ്ഞെടുപ്പ് ജോലികളില്‍ നിന്നും ഒഴിവാക്കപ്പെടുന്നതിന് അര്‍ഹതയുള്ളവരുടെ പേരുവിവരം ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് തുടര്‍നടപടികള്‍ക്കായി കൈമാറിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ജോലികളില്‍ നിന്നും ഒഴിവാക്കണമെന്ന് കാണിച്ച് സമര്‍പ്പിച്ച അപേക്ഷകളില്‍ പരിഗണിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച വിവരം കലക്ട്രേറ്റിലെ വിവിധയിടങ്ങളിലും ബന്ധപ്പെട്ട വരണാധികാരിയുടെ ഓഫീസിലും ലഭിക്കും. തിരഞ്ഞെടുപ്പ് ജോലികളില്‍ നിന്നും ഒഴിവാക്കിയെന്ന അിറയിപ്പ് ലഭിക്കാതെ തിരഞ്ഞെടുപ്പ് ജോലിക്ക് ഹാജരാകാത്ത ജീവനക്കാരുടെ പേരില്‍ ജനപ്രാധിനിത്യ നിയമപ്രകാരം അറസ്റ്റും പ്രോസിക്യൂഷന്‍ നടപടികളും സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.












Click it and Unblock the Notifications