പാലായില്‍ ജോസ്, പുഞ്ഞാറില്‍ പിസി ജോര്‍ജിന് തോല്‍വിയോ: ജില്ലയില്‍ യുഡിഎഫിന് നഷ്ടം: 24 ന്യൂസ് സര്‍വെ
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റം കൊണ്ട് തന്നെ ശ്രദ്ധേയമായ മത്സരം നടക്കുന്ന ജില്ലയാണ് കോട്ടയം. പാലായിലെ ജോസ് കെ മാണി- മാണി സി കാപ്പന്‍ പോര്, മൂന്ന് മുന്നണികളേയും വെല്ലുവിളിച്ചു കൊണ്ട് രണ്ടാം തവണയും ജനവിധി തേടുന്ന പിസി ജോര്‍ജ്, ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളി തുടങ്ങിയ ഒട്ടനവധി ശ്രദ്ധേയമായ മത്സരങ്ങള്‍ നടക്കുന്ന ജില്ലയാണ് കോട്ടയം. ഇരുമുന്നണികളും ശക്തമായ പോരാട്ടം കാഴ്ചവെക്കുമ്പോള്‍ മികച്ച മുന്നേറ്റം നടത്താനുള്ള തീവ്രശ്രമത്തിലാണ് ബിജെപിയും. കോട്ടയം ജില്ലയിലെ തിരഞ്ഞെടുപ്പ് സാധ്യതകള്‍ പ്രവചിക്കുമ്പോള്‍ 24 ന്യൂസിന്‍റെ പ്രീ പോള്‍ സര്‍വേയില്‍ ഒട്ടനവധി സര്‍പ്രൈസുകളാണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നത്.

പാലാ മണ്ഡലം
സംസ്ഥാന രാഷ്ട്രീയം തന്നെ ഉറ്റ് നോക്കുന്ന മത്സരം നടക്കുന്ന മണ്ഡലമാണ് പാലാ. യുഡിഎഫിന് വേണ്ടി മാണി സി കാപ്പനും എല്‍ഡിഎഫിന് വേണ്ടി ജോസ് കെ മാണിയും മത്സരിക്കുന്ന മണ്ഡലത്തില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. എന്നാല്‍ മണ്ഡലത്തില്‍ ജോസ് കെ മാണി വിജയിക്കുമെന്നാണ് ട്വന്‍റി ഫോര്‍ ന്യൂസ് സര്‍വേ പ്രവചിക്കുന്നത്.

വോട്ട് വ്യത്യാസം
ഇരുവരും തമ്മില്‍ മൂന്ന് ശതമാനത്തിന്‍റെ വോട്ട് വ്യത്യാസത്തിനാണ് മണ്ഡലത്തിലെ സാധ്യത. കേരള കോണ്‍ഗ്രസിലെ രണ്ട് വിഭാഗങ്ങള്‍ നമ്മില്‍ നേരിട്ട് ഏറ്റ് മുട്ടുന്ന മണ്ഡലമായ കടുത്തുരുത്തിയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനാണ് വിജയം പ്രവചിക്കുന്നത്. യുഡിഎഫില്‍ നിന്ന് മോന്‍സ് ജോസഫും ജോസ് വിഭാഗത്തില്‍ നിന്ന് ഫ്രാന്‍സിസ് ജോര്‍ജും മത്സരിക്കുന്നു.

കടുത്തുരുത്തിയില്‍
ഉറച്ച കോട്ട എന്ന നിലയില്‍ ജോസ് കെ മാണി തന്നെ ഒരു ഘട്ടത്തില്‍ മത്സരിക്കാന്‍ ആലോചിച്ചിരുന്ന മണ്ഡലമാണ് കടുത്തുരുത്തി. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ തന്നെ എല്‍ഡിഎഫിന് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച മണ്ഡലമായിരുന്നു കടുത്തുരുത്തി. എന്നാല്‍ സിറ്റിങ് എംഎല്‍എ മോന്‍സ് ജോസഫ് തന്നെ ഇവിടെ വിജയിക്കുമെന്നാണ് ട്വന്‍റി ഫോര്‍ ന്യൂസിന്‍റെ പ്രവചനം.

വൈക്കത്ത് ആശ തന്നെ
കോട്ടയത്തെ ഇടത് കോട്ടയായ വൈക്കത്ത് ഇത്തവണയും മാറ്റമൊന്നും സര്‍വേ പ്രവചിക്കുന്നില്ല. സികെ ആശ വിജയിക്കുമെന്നാണ് സര്‍വെ പ്രവചനം. ജില്ലയിലെ ഇടതുമുന്നണിയിലെ മറ്റൊരു സിറ്റിങ് സീറ്റായ ഏറ്റുമാനൂരില്‍ വിഎന്‍ വാസവന്‍ വിജയിക്കുമെന്നും സര്‍വെ പ്രവചിക്കുന്നു. അതേസമയം ഏറ്റുമാനൂരില്‍ രണ്ടാം സ്ഥാനത്ത് യുഡിഎഫ് ആണെങ്കിലും, മൂന്നാം സ്ഥാനത്ത് എൻഡിഎ അല്ല മറിച്ച് കോൺഗ്രസ് വിട്ട ലതിക സുഭാഷാണ്.

ചങ്ങനാശ്ശേരിയില്‍
കഴിഞ്ഞ തവണ സിഎഫ് തോമസിലൂടെ യുഡിഎഫ് വിജയിച്ച ചങ്ങനാശ്ശേരിയില്‍ ഇത്തവണയും അട്ടിമറിയൊന്നും സര്‍വെ പ്രവചിക്കുന്നില്ല. വിജെ ലാലി വിജയിക്കുമെന്നാണ് പ്രവചനം. കാഞ്ഞിരപ്പള്ളിയിൽ സിറ്റിങ് എംഎല്‍എയായ എന്‍ ജയരാജയ് തന്നെ ശക്തമായ മത്സരം നേരിടാതെ വിജയിക്കുമെന്നാണ് ട്വന്‍റി ഫോര്‍ ന്യൂസ് സര്‍വേ അവകാശപ്പെടുന്നത്.

പൂഞ്ഞാറില്‍
കേരളം തന്നെ ഉറ്റു നോക്കുന്ന മറ്റൊരു ശ്രദ്ധേയ മത്സരം നടക്കുന്ന മണ്ഡലം പുഞ്ഞാറാണ്. മൂന്ന് മുന്നണികളേയും വെല്ലുവിളിച്ചുകൊണ്ട് മത്സരിക്കുകയും 27000 ത്തിലേറെ വോട്ടിന്‍റെ വിജയം നേടി ഏവരേയും ഞെട്ടിക്കുകയും ചെയ്ത പിസി ജോര്‍ജ് ഇത്തവണയും തനിച്ച് മത്സരിക്കുമ്പോള്‍. പ്രചാരണ രംഗത്തെ വിവാദങ്ങള്‍ക്ക് കൊണ്ട് ഇത്തവണയും പൂഞ്ഞാര്‍ രാഷ്ട്രീയ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നു.

മത്സരം ശക്തം
ട്വന്‍റി ഫോര്‍ ന്യൂസ് സര്‍വേ പ്രകാരം അതി ശക്തമായ മത്സരമാണ് പൂഞ്ഞാറില്‍ പ്രവചിക്കുന്നത്. പിസി ജോര്‍ജും ഇടത് മുന്നണി സ്ഥാനാര്‍ത്ഥി സെബാസ്റ്റന്‍ കുളത്തിങ്കലും തമ്മില്‍ ഒപ്പത്തിനൊപ്പമുള്ള മത്സരമാണ് പൂഞ്ഞാറില്‍ നടക്കുന്നതെന്നാണ് സര്‍വേ അവകാശപ്പെടുന്നത്. ഇരുവരും തമ്മിലുള്ള മത്സരത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നു.

മാറാതെ പുതുപ്പള്ളിയും കോട്ടയവും
അതേസമയം, കോട്ടയത്തെ കോണ്‍ഗ്രസിന്‍റെ ഉറച്ച മണ്ഡലങ്ങളായ പുതുപ്പള്ളിയിലും കോട്ടയത്തും ഇത്തവണയും അട്ടിമറിയൊന്നും സര്‍വേ പ്രവചിക്കുന്നില്ല. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വീണ്ടും വിജയിക്കാനാണ് സാധ്യത. കോട്ടയത്ത് ജയ്ക്ക് സി തോമസും കോട്ടയത്ത് കെപി അനില്‍കുമാറുമാണ് ഇടത് സ്ഥാനാര്‍ത്ഥി.